ഗവ.എൽ പി എസ് ഇടപ്പാടി/അക്ഷരവൃക്ഷം/വരൾച്ച
വരൾച്ച
ദാഹിച്ചു വലഞ്ഞ കാക്ക ആഴക്കിണറ്റിലേക്ക് തല കുനിച്ചു നോക്കുമ്പോൾ അയാൾ കാക്കകഥയോർത്തു. കിണറ്റിൽ അത്യാവശ്യം വെള്ളമുണ്ട്. കയറും തൊട്ടിയും കാണ്മാനില്ല. സഹായിക്കാൻ ആരുമില്ല. വെള്ളത്തിലേക്കെടുത്തു ചാടാൻ അയാൾ കൊതിച്ചു. അൽപനേരം നിലത്ത് പടിഞ്ഞിരുന്നു. പിന്നെ കാലുകൾ പറിച്ചെടുത്ത് നടന്നു. കുടിച്ചു ലക്കുകെട്ടവനെപ്പോലെ ആടിയാടി. എപ്പോഴാണ് ഈ യാത്ര തുടങ്ങിയത്, എപ്പോഴാണ് അവസാനമായി എന്തെങ്കിലും കഴിച്ചിട്ട്, അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഉറക്കം വേണ്ടെന്നു വച്ചു നടന്ന രാത്രികൾ അയാളെ കൂടുതൽ ക്ഷീണിപ്പിച്ചു. ഈ ലോക്ക്ഡൗൺ കാലത്ത് താൻ ചെയ്യുന്നത് ശരിയാണോ എന്നയാൾ ചിന്തിക്കാതിരുന്നില്ല. പക്ഷെ അയാൾക്കു വീട്ടിലെത്താതെ നിർവാഹമില്ല. കാത്തിരിക്കുന്ന കണ്ണുകൾ, ഭാര്യയുടെ ഓപ്പറേഷൻ. മറ്റൊന്നും ഓർത്തില്ല. നടക്കുകയല്ലാതെ മറ്റു വഴിയില്ല. അയാൾ കാലുകൾ വലിച്ചു നടക്കാൻ ശ്രമിച്ചു. ഉച്ചവെയിലും ടാർറോഡും അയാളെ പൊള്ളിച്ചു. ഇന്നലെ പൊള്ളിയ പാദങ്ങൾ, ഇന്നു വീണ്ടും പൊള്ളുന്നു. കിണറ്റിൽ കണ്ട തെളിവെള്ളം അയാളെ പരവശനാക്കി. അതു കാണേണ്ടായിരുന്നു. വിജനമായ റോഡ്, അടഞ്ഞുകിടക്കുന്ന കടകൾ. അയാൾക്ക് തല ചുറ്റുന്നതു പോലെ തോന്നി. നിലത്തു വീണു കിടക്കുമ്പോൾ അയാൾ മറ്റൊരു കാക്കകഥയോർത്തു. ഇത്തവണ കാക്കയ്‍ക്കു കിട്ടിയത് ആരോ വലിച്ചെറിഞ്ഞ വെള്ളക്കുപ്പിയാണ്. കാക്കയുടെ തല കുപ്പിയുടെ കഴുത്തിൽ കുടുങ്ങി. രക്ഷപെടാനാവാതെ കാക്ക തന്റെ ചിറകുകൾ അടിച്ച് പിടഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ