Schoolwiki സംരംഭത്തിൽ നിന്ന്
ആ പുഴ, അതങ്ങനെ ഒഴുകട്ടെ...
ഞാൻ റോഡിലൂടെ നടക്കാനിറങ്ങിയതായിരുന്നു. കൂടെ സഹായി ശിവരാമനും.
അയാൾ പറഞ്ഞു:
"ഇന്നത്തെ മീറ്റിങ്ങിൽ പുതിയ എന്തു പദ്ധതിയാ സാറ് പറയുന്നത്...?”
"ഒന്നും തീരുമാനിച്ചില്ല. സമൂഹത്തിന് ഉപകാരപ്രദമായ പുതുമയുള്ള ഒരു പദ്ധതിയാണ് വേണ്ടത്.” ഞാൻ കൈ വീശി നടന്നു.
വല്ലാത്ത ദുർഗന്ധം മൂക്കിലേക്ക് തുളച്ചുകയറുന്നു. എന്നും ഉള്ളതു തന്നെ. എന്നാൽ ഇന്നത് വല്ലാതെ അസഹനീയമായിരിക്കുന്നു. റോഡിന് ഇരുവശത്തേക്കും നോക്കി. മാലിന്യക്കൂമ്പാരങ്ങൾ. അതിരാവിലെ തന്നെ കാക്കകളും തെരുവുനായകളും കൂട്ടത്തോടെ എത്തിക്കഴിഞ്ഞു. മാലിന്യങ്ങൾക്കിടയിൽ നിന്നും മാംസാവശിഷ്ടങ്ങൾ വലിച്ചെടുത്ത് ആർത്തിയോടെ ഭക്ഷിക്കുന്നു.
"എന്തു കഷ്ടമാടോ ശിവരാമാ ഇത് ? എവിടെ നോക്കിയാലും മാലിന്യം മാത്രം. ഇങ്ങനെ എത്രകാലം നമ്മുടെ നാടിന് മുന്നോട്ടുപോകാൻ കഴിയും.”
"എന്റെ സാറേ, ഇതൊക്കെ എന്ത് ? തൊട്ടടുത്ത ഗ്രാമത്തിലൊരു പുഴയുണ്ട്. സാറതൊന്നു കാണണം. ഇതിന്റെ എത്രയോ മടങ്ങ് മാലിന്യം അവിടെയുണ്ട്. ഇതൊന്നും വലിയ വിഷയമാക്കണ്ട സാറേ.”
ശിവരാമന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽ കുത്തിയിറങ്ങിയ സൂചിയായി മാറി.
ആ പുഴ...അറിയാതെ ഞാനെന്റെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്കു വീണു.
ആദ്യമൊക്കെ അച്ഛൻ പറഞ്ഞ അറിവു മാത്രമായിരുന്നു പുഴ. വാശിപിടിച്ച് ഒരുനാൾ അച്ഛനോടൊപ്പം ഞാൻ പുഴയിലെത്തി. എന്റെ പാദം ആ തണുത്ത ജലോപരിതലത്തെ സ്പർശിച്ചപ്പോൾ കല്ലോലങ്ങൾ എന്നെ തലോടി. പിന്നീടെന്നും കൂട്ടുകാരോടൊപ്പം ഞാൻ ആ പുഴയിൽ കുളിക്കുമായിരുന്നു. നീന്തി രസിക്കുമായിരുന്നു. സന്തോഷവും സങ്കടവും ഞാനാ പുഴയുമായി പങ്കിടുമായിരുന്നു. ഞാൻ ഉല്ലസിച്ച് നീരാടിയ പുഴ. ഞാൻ കാലിട്ടടിച്ച് ചാഞ്ചാടിയ പുഴ. ഇന്ന് മാലിന്യവാഹിനിയായി മാറിയിരിക്കുന്നു.
ഒരിക്കൽക്കൂടി എനിക്കാ കുളിർതണ്ണീരിൽ നീരാടാനാകുമോ... ഒരിക്കൽക്കൂടി എനിക്കാ പുഴയുടെ ആത്മസൗന്ദര്യം ആസ്വദിക്കാനാകുമോ...?
"മീറ്റിങ്ങിനു പോകാൻ റെഡിയാകുന്നില്ലേ സാറേ?” ശിവരാമൻ ഓർമ്മപ്പെടുത്തി.
ഞാൻ മീറ്റിങ് സ്ഥലത്തെത്തി. എന്താണ് ഞാൻ പറയുന്നതെന്നറിയാൻ എല്ലാവർക്കും തിടുക്കമായി.
ഞാൻ ആരംഭിച്ചു:
"ഇന്ന് രാവിലെ ഞാൻ നടക്കാനിറങ്ങിയപ്പോൾ ...” രാവിലത്തെ കാര്യങ്ങൾ ഞാനവരോട് വിശദീകരിച്ചു.
"അതുകൊണ്ട് ഞാൻ പുതിയൊരു പദ്ധതി ആവിഷ്ക്കരിക്കുകയാണ്. ഈ നഗരത്തിലെ കുറച്ചു പ്രദേശങ്ങളും അടുത്ത ഗ്രാമവും നമുക്കു ശുചിയാക്കാം. മാലിന്യങ്ങൾ മാറ്റി പൂർണ്ണശുചീകരണം നടത്തണം. അതിനായി നിങ്ങളെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് ചുമതല തരുന്നു.”
"എനിക്ക് പറ്റില്ല...” പെട്ടെന്നാണ് ജോസഫിന്റെ ശബ്ദമുയർന്നത്.
"അതെന്താ...?” ഞാൻ അയാളെ നോക്കി.
"എനിക്കു പറ്റില്ല. മാലിന്യം കോരാനും വൃത്തിയാക്കാനും.”
"നിങ്ങൾ ചെയ്യണ്ട. മേൽനോട്ടം വഹിച്ചാൽ മതി. ആവശ്യത്തിനു തൊഴിലാളികളെ തരാം.” ഞാൻ വ്യക്തമാക്കാൻ ശ്രമിച്ചു.
"എന്തായാലും എനിക്കു പറ്റില്ല. ഇവരാരെങ്കിലും തയ്യാറാണെങ്കിൽ കൂട്ടിക്കോ.”
ഞാൻ മറ്റുള്ളവരെ നോക്കി. എല്ലാവരും തല കുനിച്ചിരിക്കുകയാണ്. ജോസഫിനെ ശരി വച്ചതുപോലെ.
"ശരി...വേണ്ട. ഞാനതുപേക്ഷിച്ചു.”
"എന്റെ സാറേ, ആ ജോസഫിന് ഒരെല്ല് കൂടുതലാ. അയാളെയങ്ങ് പിരിച്ചുവിട്ടാലോ...?” വൈകുന്നേരം വീട്ടിലേക്കു പോകുമ്പോൾ ശിവരാമൻ അരിശപ്പെട്ടു.
"ഓ...അതൊന്നും പറ്റില്ല. എതിരഭിപ്രായം പറയുന്ന എല്ലാവരെയും പിരിച്ചുവിടാൻ പറ്റുമോ.”
നാളുകൾ കഴിഞ്ഞു.
പതിവു പ്രഭാതനടത്തത്തിനിടയിൽ ഞാനാ കാഴ്ച കണ്ടു. മാലിന്യക്കൂമ്പാരങ്ങൾക്കടുത്ത് ഒരാൾ അവശനായി കിടക്കുന്നു. ഞാൻ അയാളുടെ അടുത്തേക്ക് നടന്നു. എന്നാൽ പെട്ടെന്ന് ശിവരാമൻ എന്നെ പിന്നിലേക്ക് വലിച്ചു.
"സാറേ...ഇവിടെയൊക്കെ ഒരു ശ്രുതി പടരുന്നുണ്ട്. ആർക്കൊക്കെയോ പ്ലേഗ് വന്നതായി ഒരു സംശയം.”
ശിവരാമൻ പറഞ്ഞത് ശരിയായിരുന്നു. നഗരത്തിൽ പ്ലേഗ് സ്ഥിരീകരിച്ചു.
അനുദിനം രോഗികളുടെ എണ്ണം കൂടിവന്നു. കറുത്തമരണം പടർന്നുപിടിച്ചു. നാട്ടിൽ കർഫ്യൂ പ്രഖ്യാപിച്ചു.
പ്രാതൽ ഭൂമിയിൽ വച്ചും അത്താഴം പരലോകത്തുമായ് രോഗബാധിതരുടെ വിധി എഴുതപ്പെട്ടു. ശുശ്രൂഷിക്കാനാളില്ലാതെ നിരവധിപേർ മരണപ്പെട്ടു. ശുചിയില്ലാത്ത നാടുകൾ പ്ലേഗിനു കീഴടങ്ങി.
ഭീതിയോടെ കഴിഞ്ഞ ആ നാളുകളിലൊന്നിൽ ജോസഫ് എന്നെ വിളിച്ചു.
"എന്നോടു ക്ഷമിക്കണം സർ. ഞാൻ കാരണം സാറിന്റെ പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നു. സർ പറഞ്ഞത് ശരിയാണ്. ഇവിടെ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതാണ് രോഗവ്യാപനത്തിനു കാരണം. സർ...എന്റെ മകൾക്കും പ്ലേഗ് സ്ഥിരീകരിച്ചു. എങ്ങനെയെങ്കിലും, ജീവൻ വെടിഞ്ഞായാലും ഇവിടം ശുചിയാക്കി രോഗം നിയന്ത്രിക്കാൻ നാം മുന്നിട്ടിറങ്ങണം.”
വിവരമറിഞ്ഞ മറ്റുള്ളവരും അത് ശരിവച്ചു. ഉയർന്ന ഉദ്യോഗസ്ഥരടക്കമുള്ളവർ തെരുവിലിറങ്ങി നാട് വൃത്തിയാക്കി. അതുകണ്ട സാധാരണക്കാരും എന്തിനും തയ്യാറായി വന്നു. ഓരോ പ്രദേശവും വളരെയേറെ ശുചിയായി. മണ്ണും പുഴയും കുളങ്ങളും വൃത്തിയായി. ഒരു മാസത്തിനുള്ളിൽ രോഗബാധിതർ ഒരക്കസംഖ്യയിലേക്കു ചുരുങ്ങി. ശരിയായ ചികിത്സ ജീവൻ രക്ഷിച്ചു. ശരിയായ ശുചീകരണം രോഗവ്യാപനം നിയന്ത്രിച്ചു. നാട് ശാന്തമായി.
ഞാനെന്റെ പുഴയെ ലക്ഷ്യമാക്കി നടക്കുകയാണ്. ഇടവഴിയിലൂടെ നഗ്നപാദങ്ങൾ മണ്ണിലൂന്നി ആ പുഴവക്കിലേക്ക്. ഇതാ ആ നിമിഷം! എന്റെ മുന്നിൽ പുഞ്ചിരി തൂകി ഒഴുകുന്ന പുഴ. ഒരു പൂങ്കാറ്റ് കടന്നുപോയി. വാകമരത്തിലെ സിന്ദൂരപ്പൂക്കൾ എനിക്കുമേൽ വർഷമായിപ്പതിച്ചു. അവ ചിതറി പുഴയിലേക്കുവീണ് കുഞ്ഞോളങ്ങളിലൂയലാടി. സിന്ദൂരപ്പൂക്കളെയും വഹിച്ച് ആ പുഴ ഒഴുകുന്നു.
ആ പുഴ, അതങ്ങനെ ഒഴുകട്ടെ...
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|