ഫാ. ജെ ബി എം യു പി എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ആരോഗ്യം എന്ന സത്യം
ആരോഗ്യം എന്ന സത്യം
'ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സുണ്ട്' എന്ന ചൊല്ല് മനുഷ്യരാശി ഒന്നടങ്കം അംഗീകരിച്ചിരിക്കുന്ന ഒന്നാണ്. ആരോഗ്യവാൻ ദീർഘനാൾ ജീവിക്കുകയും രോഗി ദീർഘനാൾ ജീവിക്കാതിരിക്കുകയുെ ചെയ്യും എന്നു പറയുമ്പോൾ ഭൂമിയിൽ ജനിച്ച ഒരു ജീവി എന്ന തലത്തിൽ നിന്നുനോക്കിയാൽ മൃഗരാശിയിൽ നല്ലൊരു പങ്കും മനുഷ്യനേക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുന്നു എന്ന സത്യം നിസ്തർക്കമാണ്. ചെറുകീടങ്ങൾ മുതൽ നീലതിമിംഗലം വരെ മഹാജീവജാലങ്ങളുള്ള ഈ ബൃഹത്ശൃംഖലയിലെ ഒരു കണ്ണി മാത്രമായി മാറുകയാണ് മനുഷ്യൻ. എന്നുവച്ചാൽ ഭൂമിയെന്ന മഹാലോകത്തെ ആകെപ്പാടെ പരിഗണിക്കുമ്പോൾ ശരാശരി അറുപതോ എഴുപതോ വയസുവരെ മാത്രം ജീവിച്ച് മൺമറയുന്നു മനുഷ്യർ. മൃഗങ്ങളും പക്ഷികളുമാവട്ടെ മനുഷ്യരുടെ പല തലമുറയെ കണ്ടശേഷം ലോകം വിടുന്നു. പക്ഷിമൃഗങ്ങളെയും മനുഷ്യനെയും ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ ഒന്നു വിലയിരുത്തുകയാണെങ്കിൽ മഹാത്ഭുതം തന്നെ തോന്നിപ്പോകും. ജീവിതസാഹചര്യങ്ങൾ എല്ലാവർക്കും ഈ ലോകത്തിൽ ഒന്നു തന്നെയാണെങ്കിലും അത് ആരോഗ്യപ്രദമായ രീതിയിൽ ഉപഭോഗം ചെയ്യുന്നതിൽ മനുഷ്യൻ മറ്റ് ജീവജാലങ്ങൾക്ക് ഇന്നൊരു അപവാദമായി മാറിയിരിക്കുകയാണ്. കൈയ്യിൽ കിട്ടുന്നതെന്തും വാരിവലിച്ചു തിന്നുകയും ചിട്ടയില്ലാതെ സൗകര്യം പോലെ ഉണരുകയും ജോലി ചെയ്യുകയും ചെയ്യുന്ന മനുഷ്യന്റെ ഒരു ദിനം മറ്റു ജീവജാലങ്ങളുടേതുമായി ഏറെ വിഭിന്നമാണ്. സ്വന്തം ശരീരാവസ്ഥയ്ക്ക് ഗുണകരമാണോ എന്നു പോലും ചിന്തിക്കാതെയാണ് മനുഷ്യന്റെ പ്രവൃത്തി. ജീവജാലങ്ങളാകട്ടെ പ്രകൃതിക്കിണങ്ങുന്ന വിധത്തിലും സ്വശരീരത്തിന് ഉതകുന്നതുമായ ജീവിതരീതികളിൽ ഉറച്ചുനിൽക്കുന്നതും കാണാം. അന്യന്റെ മുതൽ തട്ടിപ്പറിക്കുന്നിടത്ത് വരെ ആഢ്യത്തം കാണിക്കുന്നവരാണ് ജീവികൾ. ആവശ്യമുള്ളവ മാത്രം സ്വീകരിച്ച് രംഗം ഒഴിയുന്ന പല ജീവിവർഗങ്ങളും ഇന്ന് ഒരു വിസ്മയമാണ്. 'ചൊട്ടയിലെ ശീലം ചുടലവരെ' എന്ന ചൊല്ല് മനുഷ്യകുലത്തെ സംബന്ധിച്ച് ഏറെ അർഥം നൽകുന്ന ഒന്നാണ്. ആരോഗ്യമുള്ള ശരീരവും മനസ്സും സൃഷ്ടിച്ചെടുക്കാൻ മനുഷ്യന് ആദ്യം സ്വായത്തമാക്കേണ്ട ഒന്നാണ്. നല്ല ശീലങ്ങൾ. ലോക ആചാര്യന്മാർ സ്വജീവിതം വഴി പകർന്നുനൽകിയ ആരോഗ്യജീവിതവും മറ്റും പിന്നീടിങ്ങോട്ടു വന്നവർ കൂടുതൽ പേരും പിൻതുടരുന്നില്ല എന്നതാണ് സത്യം. സരസ്വതിയാമസമയത്ത് ഉണർന്ന് പ്രഭാത വന്ദനം ചെയ്ത് സ്വന്തം ജോലിയിൽ വ്യാപ്രതരായ അനവധി മഹാ സത്തുക്കളെ കടന്നാണ് നാം ഇന്ന് നിൽക്കുന്നത്. ഒരു വിദ്യാഭ്യാസവും ലഭിക്കാത്ത അപരിഷ്കൃതർ എന്ന് വിശേഷിപ്പിക്കുന്ന പണ്ടത്തെ മനുഷ്യർ ജീവിച്ചിരുന്ന കാലഘട്ടം പോലും സിസ്റ്റമാറ്റിക് ആയിരുന്നു എന്നറിയുമ്പോൾ അതിശയപ്പെടേണ്ട കാര്യമില്ല. ആരോഗ്യജീവിതവും, രോഗജീവിതവും ഓരോന്നിനും സ്വീകരിക്കേണ്ട മുൻകരുതലുകളും അവർക്കറിയാവുന്നതുപോലെ ഇന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം 'എല്ലാമറിയാം, എന്നാൽ ഒന്നും ചെയ്യില്ല' എന്നതാണ് ഇന്നത്തെ മനുഷ്യന്റെ സ്ഥിതി. 'ചെല്ലുന്നിടത്തോളം ചെല്ലട്ടെ' എന്നതാണ് മനുഷ്യന്റെ നിലപാട്. ചിട്ടയായ ജീവിതം എന്നത് വിസ്മരിച്ച് 'സുഖജീവിതം' എന്ന മുദ്രാവാക്യം മനസ്സിലേറ്റി മനുഷ്യൻ പരക്കം പായുമ്പോൾ നഷ്ടമാവുന്നത് വരാനിരിക്കുന്ന ആരോഗ്യമുള്ള ഒരു തലമുറയൊണ്. ഈ അണ്ഢകടാഹത്തിൽ 24 മണിക്കൂറിൽ തലച്ചോറിന് ആവശ്യമായ മണിക്കൂറുകൾ മാത്രം വിശ്രമം അനുവദിച്ച് ബാക്കി സമയം വേണ്ടത്ര ജോലിചെയ്ത്, ഭക്ഷണം കഴിച്ച്, ആവശ്യമായവ ഉദ്പാദിപ്പിച്ച്, ഭുമിയെ പരിപാലിച്ച് ജീവജാലങ്ങളെ മാനിച്ച് മുന്നോട്ടു പോകുമ്പോൾ നമുക്ക് ലഭിക്കുന്നത് ശ്വാസംമുട്ടൽ ഇല്ലാതെ, തളർച്ച ഇല്ലാത്ത, ഉറക്കം തൂങ്ങിയ കണ്ണുകളില്ലാത്ത ഓജസ്സും തേജസ്സും ഏറെയുള്ള ഒരു തലമുറയാണ് എന്ന് ഓർക്കുക. മരുന്നും മന്ത്രവുമായി ശിഷ്ടകാലം ജീവിക്കുക എന്ന മുദ്രാവാക്യമാണ് മാറ്റിയെഴുതപ്പെടുന്നത്. നമ്മുടെ ജാഗ്രതയും കരുതലും വഴി കൊറോണ, നിപ്പ, വസൂരി, എയ്ഡ്സ് തുടങ്ങിയ മഹാമാരക രോഗങ്ങളാണ് മാറിനിൽക്കേണ്ടി വരുന്നത്. പ്രളയം, കൊടുങ്കാറ്റ്, ഭുമികുലുക്കം, ഉരുൾപൊട്ടൽ തുടങ്ങിയ മഹാവിപത്തുകൾക്കാണ് നാം തടയിടാൻ പോകുുന്നത്. 'ലോകാഃ സമസ്തഃ സുഖിനോ ഭവന്തു' എന്ന വാക്യം അന്വർത്ഥമാകട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ