സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/സ്വയംവരം - ഒരാസ്വാദനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വയംവരം - ഒരാസ്വാദനം

ഭാരതത്തിലെ ഇതിഹാസങ്ങളയി അറിയപ്പെടുന്ന മഹാഭാരതവും രാമായണവും അധികരിച്ച് ഒട്ടേറെ കഥകളും കവിതകളും നോവലുകളും ഉണ്ട് . പ്രത്യേകിച്ച് മഹാഭാരതം . മഹാഭാരത്തിലെ കഥകളും കഥാപാത്രങ്ങളും സാഹിത്യ കുതുകികളായവർക്ക് എന്നും പഠന വിഷയവുമാണ്. ഭാരതകഥകളധികരിച്ച് പിറന്ന കഥകളും കവിതകളും ലോകോത്തരസാഹിത്യ സൃഷ്ടികളായിട്ടുണ്ട്. തന്റെ സർഗ്ഗസാന്നിദ്ധ്യം കൊണ്ട് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ കവികളിൽ ഏറ്റവും ശ്രേഷഠനായ ഒ.എൻ.വി കുറുപ്പിന്റെ സ്വയംവരം എന്ന കവിതയും ഈ ഗണത്തിൽപ്പെടുന്ന ഒന്നാണ്. മഹാഭാരതം ഉദ്യോഗപർവ്വത്തിലാണ് വിശ്വാമിത്ര ശിഷ്യനായ ഗാലവന്റെ കഥ വ്യാസൻ പറയുന്നുത്. മാധവി - യയാതിയുടെ മകൾ - മാധവിയുടെ കഥയാണ് കവിതക്കാധാരം. സ്ത്രീയെ വിൽപ്പനച്ചരക്കാക്കുന്ന പുരുഷ നീതിയാണ് പ്രതിപാദ്യം. പതിനൊന്ന് കാണ്ഡങ്ങളായി എഴുതിയ ഈ കവിതയിൽ ആദ്യ കണ്ഡത്തിൽ ഭാരതചരിത്രത്തിൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും മാതൃകകളായ സ്ത്രീരത്‌നങ്ങൾക്കും സർവ്വംസഹയായ ഭൂമിക്കും തിരുവാഴ്ത്ത് നേരുകയാണ് കവി. രണ്ടാം കാണ്ഡത്തിൽ വിശ്വാമിത്രന്റെ ആശ്രമമാണ് രംഗം. അധ്യയനം പൂർത്തിയായ ഗാലവൻ മഹർഷിയോട് ഗുരു ദക്ഷിണയെക്കുറിച്ചോർമ്മിപ്പിക്കുന്നു. ശിഷ്യന്റെ അവസ്ഥ അറിയാവുന്ന ഗുരു ദക്ഷിണ നിരസ്സിച്ചെങ്കിലും ഗാലവൻ കൂട്ടാക്കുന്നില്ല.ശിഷ്യന്റെ ഗർവ്വിന് ഭംഗം വരുത്താൻ ഗുരു ആവശ്യപ്പെട്ടത് " കാതൊന്നുമാത്രം കറുത്ത എണ്ണൂറ് വെളുത്ത കുതിരകളെയാണ് ." ഓർക്കാപ്പുറത്ത് കിട്ടിയ അടിപോലെയായി ഗാലവന് ഗുരുവിന്റെ ആവശ്യം. കുതിരകളെ അന്വേഷിച്ച് യാത്ര പുറപ്പെട്ട ഗാലവൻ യയാതിയുടെ പ്രതിഷ്ഠാന നഗരത്തിലെത്തുന്നു. ആവശ്യപ്പെട്ടവിധം എണ്ണൂറ് കുതിരകളെ നൽകാൻ കഴിയാത്ത യയാതി പകരം മകളായ മാധവിയെ ഗാലവന് സമ്മാനിക്കുന്നു. സുന്ദരിയായ തന്റെ മകളെ കിട്ടാൻ എത്ര കുതിരകളെയും കൈ വിടാൻ തയ്യാറുള്ള രാജാക്കന്മാരുണ്ടാകും എന്നതായിരുന്നു യയാതിയുടെ ചിന്ത. തന്റെ യശസ്സ് നിലനിർത്താനും ഗാലവനെ പ്രീതിപ്പെടുത്താനും സ്വന്തം മകളെ പണയവസ്തുവായി ഗാലവനെ ഏൽപ്പിക്കുന്നു. " വാശി നാശത്തിന് കാരണം " എന്നത് ദുര്യോധനനെ പറഞ്ഞു മനസ്സിലാക്കാൻ നാരൻ പറഞ്ഞു കൊടുക്കുന്നത് ഗാലവന്റെ കഥയാണെന്ന് മഹാഭാരതത്തിൽ പരാമർശമുണ്ട് പക്ഷേ രക്ഷിക്കാൻ ചുമതലപ്പെട്ട പിതാവ് മകളെ രക്ഷകിയായി കരുതുന്നു. മകന്റ യൗവ്വനം വാങ്ങി തന്റെ വാർദ്ധക്യം അവന് കൊടുക്കാൻ മടിക്കാത്ത മനസിന്നുടമയായ ഒരു പിതാവിൽ നിന്ന് സംരക്ഷണം പ്രതീക്ഷിക്കേണ്ടതില്ലെന്ന് അമ്മയില്ലാത്ത ആ പെൺകുട്ടിക്കറിയാം.


" ഒക്കെയും തൻ മനസിലടക്കി
ഒച്ചയില്ലാതെ കാലിടറാതെ
മറ്റൊരാളെയും കൂട്ടാതെ, സ്‌നാന -
ശുദ്ധയാർന്ന ബലിമൃഗം പോലെ
പുത്രി ചെന്നൂ യയാതിതൻ മുന്നിൽ
തൊട്ടുവന്ദിച്ചൂ താതപാദങ്ങൾ "

മൂലകഥയിൽ ഓരോ പ്രസവം കഴിയുമ്പോഴും വീണ്ടും കന്യകയാവുമെന്ന വരം തനിക്ക് കിട്ടിയിട്ടുണ്ടെന്നും നാലു മന്നന്മാർക്ക് തന്നെ കൊടുക്കാൻ മടിക്കേണ്ടന്നു മാധവി ഗാലവനോട് അറിയിക്കുന്നു. എന്നാൽ കവിതയിൽ തനിക്ക് കിട്ടിയ വർത്തിന്റെ കാര്യം കവി മാധവിയെ കൊണ്ട് പറയിപ്പിക്കുന്നില്ല. ഒരു പക്ഷേ വരികളിലുള്ള പോലെ ബലി മൃഗബിംബത്തിന് ചേരാത്തതെന്ന് തോന്നീട്ടാവാം മാധവിയെക്കൊണ്ട പറയിക്കാഞ്ഞത്.

കെണിയിൽ വീണ മാൻപേടയുടെ ഭാവം അവളുടെ മുഖത്ത് നിഴലിച്ചു കണ്ട ഗാലവൻ പാപബോധത്തിൽ നീറി. മാധവിയെയും കൂട്ടുയുള്ള നീണ്ട യാത്രക്കിടയിൽ 'ശാന്തം പാപം' എന്നൊരിക്കൽ അയാൾ മന്ത്രിക്കുന്നു. നാലാം കാണ്ഡത്തിൽ അയോധ്യയിലേക്കുള്ള യാത്രയാണ്. യാത്രാക്ലേശ വർണ്ണനകളും, വന പ്രകൃതിയിൽ മാതാവിന്റെ വത്സല മുഖം കണ്ടെത്തിയ മാധവിയുടെ ഭാവതരളകളും , പ്രാകൃതരായ കാട്ടുജാതിക്കാരുടെ സ്നേഹ മധുരമായ സംസ്കൃതിക്കുള്ള അനുപമ സൗന്ദര്യവും ഇവിടെ വർണ്ണിക്കപ്പെടുന്നു. അയോധ്യയിലെ രാജാവ് ഹര്യശ്വൻ സത്സന്താനത്തിന് വേണ്ടി തപം ചെയ്യുകയാണ്. അകലെ നിന്ന് അയോധ്യ കണ്ടുതുടങ്ങുമ്പോൾ ഗാലവൻ പറയുന്നു " യാത്രാക്ലേശമിതാ തീരുകയായി, ഇനി ഹര്യശ്വന്റെ ഹൃദയേശ്വരീപദത്തിലേക്ക് " . അപ്പോഴാണവളുടെ ചോദ്യമുണ്ടായത് ' എന്നെ കൈക്കൊള്ളാനങ്ങേക്കാവുമോ?' പക്ഷേ ഗാലവനത് കൈക്കൊള്ളുന്നില്ല.

"വത്സേ! നീയെന്നെ ശപിച്ചീടുകിലിന്നെൻ തപഃ -
ശക്തിക്കുമാവില്ലതിൻ ഫലത്തെ തടുക്കുവാൻ
നാമറിയാതേ വന്നുകൂടുന്നൂ നിയോഗങ്ങൾ
നാമതു നിറവേറ്റാൻ നിയതിയാജ്ഞാപിപ്പൂ "

പിന്നെ താൻ ഏറ്റെടുത്ത നിയോഗത്തെക്കുറിച്ച് ഗാലവൻ അവൾക്ക് എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ഈ നിയോഗത്തെ ആത്മബലിബോധത്തോടെ നീരീക്ഷിക്കാനുള്ള കരുത്ത് അവൾ പൂർണ്ണമായി നേടിക്കഴിഞ്ഞു. ഒരുണ്ണിക്ക് വേണ്ടി തപം ചെയ്ത് കാത്തിരിക്കുന്ന ഹര്യശ്വന് വീണ്ടുകിട്ടിയ സൗഭാഗ്യമായ് തോനുന്നു മാധവി, പക്ഷേ... ആ മുന്നി ആവശ്യപ്പെട്ട എണ്ണൂറശ്വങ്ങൾ തന്റെ ശേഖരത്തിലില്ല.

"എന്തൊരു ദുർവിധി, ഹര്യശ്വനോർത്തു താൻ
സന്തതിക്കായ് തപം ചെയ്തതും നിഷ്ഫലം
കണ്ടു കൊതിച്ചു. ക കൈ നീട്ടിനിൽക്കെയെങ്ങു
കൊണ്ടു പോകുന്നീയമൃതിൻ നിറകുടം "

വാടകക്കു കൊടുക്കുക എന്നൊരാശയത്തെപ്പറ്റി ഗാലവന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. പക്ഷേ ആ സൗന്ദര്യത്തുൽ ഭ്രമിച്ചുവശായ രാജാവിന് അവളെ തീരെ കൈവിടുവാൻ മനസ്സു വരുന്നില്ല. അതിനാൽ ഹര്യശ്വൻ ഒരുപായം നിർദ്ദേശിക്കുന്നു. തന്റെ കയ്യിലുള്ള ഇരുന്നുറശ്വങ്ങൾ ഗാലവനെയേൽപ്പിക്കാം .... പകരം മാധവി ഒരു വർഷം കൊട്ടാരത്തിൽ നിൽക്കട്ടെ . അവളെനിക്ക് ഒരുണ്ണിയെ തന്നാൽ അതീ സൂര്യവംശത്തിനെ നിലനിർത്തും.

"വത്സര ഭോഗ്യമാണീ ധനം, ഇതങ്ങയെ
ഭദ്രമായ് തിര്യെയേൽപ്പിക്കുമിതു സത്യമാം "

ഒരു വർഷത്തേക്കെന്ന കരാറിൽ ഇരുന്നൂറു കുതിരകൾക്ക് പകരമായി വിക്രിയ ചെയ്യുന്ന വത്സര ഭോഗ്യമായ ധനമായി മാധവിയെ ഗാലവന് മുന്നിൽ രാജാവ് അവതരിപ്പിക്കുന്നു. ഉപായം ഗാലവന് തളളിക്കളയാനാകുന്നില്ല. കാരണം നൂറ്റൊന്ന് കറുത്ത കുതിരകളെ തരാൻ കെൽപ്പുള്ള രാജാക്കൻമാരുണ്ടോയെന്ന് ഇനി തിരഞ്ഞു കണ്ടെത്തണം. അങ്ങനെ മാധവിയെ ഹര്യശ്വനെയേൽപ്പിച്ച് കുതിരകളെ അന്വേഷിച്ചിറങ്ങുന്നു ഗാലവൻ . ഹര്യശ്വന്റെ മണിയറയിലേക്ക് ദാസിമാർ അവളെ അണിയിച്ചൊരുക്കുമ്പോൾ

"ഏതോ മൃതശരീരം പട്ടു ചുറ്റി വിഭൂതികളഭങ്ങളും പൂശീട്ടു പൂ മൂടി അന്ത്യസംസ്കാരത്തിനായൊരുക്കും പോലെ " യാ ണവൾക്ക് തോന്നിയത്.

ഒരു വർഷത്തിനുള്ളിൽ മാധവി ഒരുണ്ണിയെ പെറ്റു. മാധവിയുടെ ലാവണ്യം സോമരസം പോലെ കുടിച്ചു മത്തനായ രാജാവിന് അവളെ എന്നെന്നേക്കുമായി വല്ല വർക്കും വിട്ടുകൊടുക്കാൻ മടിയായിരുന്നു. കാരണം അവൾ അയാൾക്ക് അമൃതത്തിന്റെ അക്ഷയപാത്രമായിരുന്നു. തന്റെ ഉണ്ണിയുടെ അമ്മയാണവൾ എന്നോർമ്മിക്കാൻ വേണ്ടിടത്തോളം ഹൃദയവിശാലത്വം അയാൾക്കുണ്ടായിരുന്നു. മുനിയുടെ കടങ്ങൾ വീട്ടിക്കഴിഞ്ഞാൽ തിരികെ വരണമെന്ന് അയാൾ അപേക്ഷിക്കുന്നു.

" വരണമിവിടേക്ക് നീ
ഒന്നുമില്ലെങ്കിലും നിന്നുണ്ണിയുണ്ടിവിടെയെന്നോർക്കണം."
ഒന്നിനോടും മമത്വം പാടില്ല എന്ന നിഷ്കർഷയുള്ളവളായിട്ടും അതു കേട്ടപ്പോൾ അവൾ തേങ്ങി.
"എന്നെയെന്നുണ്ണി തിരിച്ചറിഞ്ഞീടുമോ "

പഴയ പുരുഷനെ വിട്ട് പുതിയ പുരുഷനെ സ്വീകരിക്കും എന്ന കൃത്യത്തേക്കാൾ ദുഷ്കരമാണീ വിധി' കൊട്ടാരത്തിലെത്തും മുൻപ് അവൾ ഗംഗയിൽ സ്നാനം ചെയ്തു. ഭഗീരഥന്റെ പിതൃകടം വീട്ടാനായി സ്വർഗത്തിൽ നിന്നും വലിച്ചിറക്കപ്പെട്ട ഗംഗയ്ക്കും അവൾക്കും ഒരേ നിയോഗം കവി കൽപ്പിക്കുന്നു. കാശിരാജാവായ ദിവോ ദാസൻ ഇരുന്നൂറു കുതിരകളെ ഗാലവനു നൽകി മാധവിയുടെ ഉടമയാകുന്നു. സംവത്സര ഭോഗ്യയെന്ന കരാറിൽ മകൻ പിറന്നാൽ അറിയിക്കാമെന്നും ഗാലവനെ അറിയിക്കുന്നു. ദിവോദാസന്റെ അന്ത:പുരത്തിൽ തനിയാവർത്തനമാണെങ്കിലും കാവ്യത്തിൽ വിഭിന്നമാണ്‌. ഒരാൾ മറ്റൊരാളിൽ നിന്ന് വ്യത്യസ്തനായതുപോലെ രണ്ടു രംഗങ്ങളും കവി വ്യത്യസ്തമായി പറയുന്നു.

" അടിമയല്ലഭയാർഥിയല്ലെൻ ഹൃദയ സാമ്രാജ്യ രാജ്ഞിയല്ലേ നീ
നിന്നഴകുമെൻ വീര്യവും ചേർന്നൊരുണ്ണിയെ നീയെനിക്കു തരില്ലേ "

വീണ്ടും അമ്മയായ മാധവിയുടെ വിങ്ങലുകളും രണ്ടാം പുറപ്പാടുമാണ് ഏഴാം ഖണ്ഡത്തിലെ പ്രതിപാദ്യം. ഉണ്ണിയായ പ്രതൽദ്ദനെ വളർത്തമ്മമാർ മാറിൽ നിന്നടർത്തിയെടുത്തു.മാധവി മുനിയുടെ പിന്നാലെ ഇറങ്ങി നടന്നു. കാശിയിൽ നിന്നിറങ്ങി ഭോജരാജപുരത്തെത്തും വരെയുള്ള യാതയുടെ വർണ്ണന മനോഹരമാണ്.

"കല്ലും മുള്ളും കഴലിൽത്തട്ടിച്ചോരതെറിപ്പിക്കുകിലും
അല്ലും പകലും നന്നോടൊത്തീ ദീർഘ പദങ്ങൾ താണ്ടി
നിർദ്ദയമാം നിജതാത നിയോഗം നിശ്ശബ്ദം നിറവേറ്റാൻ "

ആ യാത്രയിൽ സത്രങ്ങളിലും നിബിഡവനങ്ങളിലും മറ്റാരുമില്ലാതെ രാവുകൾ തള്ളി നീക്കേണ്ടി വന്നു. ആ സന്ദർഭങ്ങളിൽ " പൂവിനു കാവലിരിക്കും മുള്ളിൻ കർക്കശഭാവത്തോടെ ഉറങ്ങാതെ കാവലിരുന്നു ഗാലവൻ .ജീവിതശേഷം കാട്ടിൽ കഴിച്ചുകൂട്ടാനുള്ള അഭിലാഷമുണർന്നപ്പോൾ "വനശാന്തിയിൽ ഒരു പുൽക്കൂടിൽ തീർത്തു തരില്ലേ " യെന്ന് ചോദിക്കാൻ മുതിർന്നതാണ്. പക്ഷേ ചോദിച്ചില്ല. ഏറ്റെടുത്ത ദൗത്യത്തിന്റെ തീയിൽ ഒരു ശലഭത്തെപ്പോലെ വീണെരിയാനുള്ള യാത്ര തുടർന്നു. അടുത്ത കാണ്ഡം ഭോജപുരം. അവിടെയും ഇരുന്നൂറ് കുതിരകൾ മാത്രം. അമ്മിഞ്ഞയ്ക്കു വേണ്ടി കേഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചിൽ മനസ്സിൽ കേട്ടുകൊണ്ട് വീണ്ടും മണിയറ പൂകുന്നു മാധവി. ഇവിടെ പുരുഷൻ മുമ്പേ അറിഞ്ഞവരിൽ നിന്നും വ്യത്യസ്തൻ. അവളുടെ വ്രണിത ഹൃദയത്തോടുള്ള ദയ മാത്രമല്ല ഒരു കലാകാരന്റെ സൗന്ദര്യ സഹൃദയത്യത്തിന്റെ ഫലമാണെന്നു കൂടി വ്യക്തമാണ്. രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന മാധവിയുടെ സൗന്ദര്യം അയാൾ തന്റെ ചിത്രപടത്തിൽ പടർത്തി. അയാൾ വീണാവാദന വിദഗ്ദനായിരുന്നു. അയാളുടെ വീണാ വാദനം അവളുടെ മുറിപ്പെട്ട ആത്മാവിൽ അമൃതം തളിക്കും പോലവൾക്ക് തോന്നി. വീണാതന്ത്രികൾ മീട്ടും പോലെ അയാൾ അവളുടെ ഹൃദയതന്ത്രികളെ മീട്ടിയുണർത്തി. നിസംഗത ശീലിച്ച മരവിച്ച മനസ്സായിരുന്നിട്ടും അയാളോടു മാത്രം ഒരു ചോദ്യം ചോദിക്കാൻ അവൾ ഇച്ഛിച്ചു.

"എന്റെയഭാവത്തിലെന്നെ സ്മരിക്കുമോ
എന്നെയോർത്തീവിധം പാടുമോ നാളെയും?"

എങ്കിലും ചോദിച്ചില്ല. ആ രാജാവ് രാജ്ഞിയെ പേടിക്കുന്നവനായിരുന്നു. വിധിപോലെ പുത്രൻ പിറന്നു.അമ്മയെയും കുഞ്ഞിനെയും ഒരു പോലെ പുണർന്ന് രാജാവ് പറഞ്ഞു.
"നമ്മുടെയുണ്ണിക്ക് ശിബിയെന്നു പേരിടാം" ശിബി അമ്മയെപ്പോലെ അന്വർക്കു വേണ്ടി ജീവിച്ചു പുകൾ നേടി. ഒമ്പതാം കാണ്ഡത്തിൽ വിശ്വാമിത്രന്റെയാശ്രമം. ഇനിയും ഇരുന്നൂറു കുതിരകളെ കിട്ടില്ലെന്നു തീർച്ചയാക്കി ഗാലവൻ അറുന്നൂറു കുതിരകളെ ആശ്രമത്തിലെത്തിച്ചു.ഇരുന്നൂറിനു പകരം കന്യകയെ സ്വീകരിക്കണമെന്ന് ഗുരുവിനോടഭ്യർഥിച്ചു.

" മടയാ നീയെന്തേ മുന്നേയിവളെക്കൂട്ടി വരാഞ്ഞൂ?
കുതിരകളെത്തേടി നടക്കാൻ നിന്നോടാരു പറഞ്ഞു ?
വെറുതെയിവൾ മൂന്നര ചന്മാരോടൊത്തു കഴിഞ്ഞു കഷ്ടം!
ഗുരുദക്ഷിണയായിവൾ മാത്രം പോരേ?"

തന്റെ കർമ്മത്തിന്റെ കയ്പു ഫലങ്ങൾ തിന്നു തീർക്കാൻ അവൾ മാത്രമല്ല താനും നിയുക്തനാണെന്ന് ഗാലവൻ ആ മുഹൂർത്തത്തിൽ തിരിച്ചറിഞ്ഞു. കുതിരകളെ കാട്ടിലേക്കഴിച്ചു വിട്ട മഹർഷി ആ കാരുണ്യം മാധവിയോട് കാണിച്ചില്ല .വിരക്തമൂർത്തിയാവേണ്ട മഹർഷിയുടെ ആസക്തി അവൾക്ക് അനുഭവിക്കേണ്ടി വന്നു.പക്ഷെ അവൾ ഗർഭിണിയായപ്പോൾ "നീ താപസിമാരുടെ ശാലയിൽ മേലിലുറങ്ങൂ " എന്നകറ്റിയ തോടെ ആശ്വാസമായി. മകൻ പിറന്നു.അഷ്ടകൻ. ചോറൂണിന്റെ കാലമെത്തിയപ്പോൾ വിശ്വാമിത്രൻ വിധിച്ചു.അമ്മയ്ക്ക് തിരികെപ്പോകാം.ഗാലവനെ വിളിച്ച് മാധവിയെ ഏൽപ്പിച്ചിട്ട് വിശ്വാമിത്രൻ പറഞ്ഞു.വൈകാതെ ഇവളെ അരചന് തിരിച്ചു കൊടുക്കുക. ശിഷ്യൻ അനുസരിച്ചു.

പത്താം കാണ്ഡത്തിൽ സ്വയംവരനിശ്ചയവും പതിനൊന്നാം കാണ്ഡത്തിൽ കാനനവരണവുമാണ്. രണ്ടും ഭാവോജ്വലങ്ങളാണ്. സ്വയംവരം നിശ്ചയിച്ചു എന്ന് പറയുമ്പോൾ അവൾ പാലിച്ച വാചാലമൗനവും സ്വയം വര മണ്ഡപം ഗംഗാ യമുനാ സംഗമസ്ഥാനത്തുള്ള വന സ്ഥലിയിൽ വേണമെന്നുള്ള ഏകാഭിലാഷവും മാധവിയുടെ ഉള്ളിലെരിയുന്ന അഗ്നിയുടെ സൂചകങ്ങളാണ്. അവളുടെ എരിയുന്ന ഉള്ളം കാണാൻ കഴിയാതിരുന്ന യയാതി രാജാക്കൻമാരുടെ മുന്നിൽ വച്ചുണ്ടായ അപ്രതീക്ഷിത പ്രഖ്യാപനം കേട്ടപ്പോൾ അഗ്നിപർവ്വതത്തിൽ നിന്നും വമിക്കുന്ന ലാവയുടെ ദാഹക ശക്തി കണ്ടു നടുങ്ങുന്നു. മാധവിയുടെ കാനന പ്രവേശത്തിന് രാമായണത്തിലെ സീതയുടെ ഭൂമീ പ്രവേശവുമായി സാമ്യമുണ്ട്. സ്വയംവരത്തിന് തയ്യാറെടുത്തു നിൽക്കുന്ന രാജാക്കന്മാരിൽ മൂന്നു മക്കളുടെ അച്ഛന്മാരുമുണ്ട്. എല്ലാവർക്കും കേൾക്കാനായി തന്റെ പൂർവ്വ കഥകൾ അവൾ തുറന്നടിച്ചു പറഞ്ഞു.എന്നിട്ടും വേളി കൊതിക്കുന്നുവോ എന്ന ചോദ്യത്തിന് ഇല്ല എന്നാരും ഉത്തരം പറഞ്ഞില്ല. എല്ലാവരും ഇടിവെട്ടേറ്റതു പോലെ സ്തംഭിച്ചിരുന്നു. വരണമാല്യം കാടിന്റെ ഗളത്തിലേക്കെറിഞ്ഞ് "ഞാനീ വനത്തെ വരിക്കുന്നു ' എന്നു പറഞ്ഞ് മാധവി ആ മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോകുന്നു. അവൾക്ക് നേരുന്ന ആശംസയിൽ അപമാനിതകളാകുന്ന പെൺമക്കളുടെ "അമ്മേ" യെന്ന വിളി മുഴങ്ങുന്നു.പുരുഷ കാമനകൾ എക്കാലത്തും ഭാരതനാരികളോടു ചെയ്ത അനീതികളുടെ പേരിൽ ലജ്ജിക്കുകയും ദു:ഖിക്കുകയും കുറ്റമേറ്റു പറയുകയും ചെയ്യുന്ന പുരുഷ ചേതനയുടെ വക്താവായി കവിയെ ഈ കവിതയിലുടനീളം കാണാം.

ലക്ഷ്മി ഗോപാൽ പിള്ള
10 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020