സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/മടക്കയാത്രയിൽ
മടക്കയാത്രയിൽ
ഞായറാഴ്ച ഉച്ചകഴിഞ്ഞ സമയം. അച്ഛനും മക്കളും പുറത്തു പോയി. ശ്വേത ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. ചാറ്റൽ മഴ പെയ്യുന്നുണ്ട്. അവൾ തന്റെ ബാല്യകാലത്തെക്കുറിച്ചും ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തെക്കുറിച്ചും ഓർക്കാൻ തുടങ്ങി. കേശുവിന്റെയും കല്യാണിയുടെയും ഒറ്റമകൾ. ജനിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. പെറ്റമ്മയുടെ സ്നേഹവും വാത്സല്യവും അനുഭവിച്ചില്ലല്ലോ എന്ന ദുഃഖം അവളെ എപ്പോഴും അലട്ടിയിരുന്നു. അച്ഛനും മുത്തച്ഛനും മുത്തശിയും അമ്മയില്ലാത്ത കുട്ടിയുടെ വേദന അറിയിക്കാതെ ഒരു കുറവും വരുത്താതെ അവളെ ഓമനിച്ചു വളർത്തി. ശ്വേതയെ സംബന്ധിച്ചിടത്തോളം ശ്രീകൃഷ്ണപുരം എന്ന ഗ്രാമം വശ്യസുന്ദരമായ ഇടമാണ്. അവിടെയുള്ള മലകളും മരങ്ങളും പുഴകളും കിളികളും സസ്യലതാദികളും വളരെ പ്രിയപ്പെടതായിരുന്നു. വീട്ടിലെ പറമ്പിൽ ഒരു മൂവാണ്ടൻ മാവുണ്ടായിരുന്നു. ധാരാളം ശിഖരങ്ങളുള്ള മാവിൽ പറ്റിപ്പിടിച്ചു കയറി കൂകി വിളിച്ച കുട്ടിക്കാലം. അയൽപക്കത്തെ കൂട്ടുകാർ ഓടിയെത്തും. പിന്നെ കുറേ സമയത്തേയ്ക്ക് തങ്ങളുടെ കുസൃതികൾക്ക് സാക്ഷിയായി ആ ചങ്ങാതി മാവു നിൽക്കും. മാമ്പഴക്കാലമായാൽ പിന്നെ അതിന്റെ ചുവട്ടിൽ തന്നെ ഉണ്ടാവും. ആ മാമ്പഴത്തിന്റ സ്വാദ് ഇപ്പോഴും നാവിൻ തുമ്പിലുണ്ട്. വീടിനപ്പുറത്തെ പറമ്പിൽ ഒരു ആൽമരമുണ്ടായിരുന്നു. അതിനോട് കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ ചോദിക്കുക പതിവായിരുന്നു. മാത്രമല്ല, വീട്ടു മുറ്റത്ത് തന്റെ പൊന്നോമന മകൾക്കു വേണ്ടി അമ്മ ധാരാളം പൂച്ചെടികൾ നട്ടു വളർത്തിയിരുന്നു. അതിൽ തനിക്ക് എറ്റവുമിഷ്ടം റോസാ പൂക്കളോടായിരുന്നു. സ്കൂൾ വിട്ട് വന്നതിനു ശേഷം അതിനെ താലോലിച്ച് താഴെ വീണ് കിടക്കുന്ന പൂക്കളെ നോക്കി ഇങ്ങനെ പാടുമായിരുന്നു. "വീണപൂവേ...., കുമാരനാശാന്റെ.......വീണപൂവേ.........". അവധിക്കാലമായാൽ ഞങ്ങൾ കുട്ടികൾക്കു ഉത്സവകാലമാണ്. പുഴയിൽ നീന്തിത്തുടിക്കുക, കുന്നിൻമുകളിൽ കയറി കാഴ്ചകൾ കാണുക, കാട്ടുപഴങ്ങൾ പറിച്ചുതിന്നുക, പക്ഷിനിരീക്ഷണം നടത്തുക അങ്ങനെ അങ്ങനെ എന്തെല്ലാം പരിപാടികൾ. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്. ശ്വേതയുടെ ചിന്തകൾ ഇങ്ങനെ നീണ്ടുപോയി. മുത്തച്ഛനും മുത്തശ്ശിയും മരിച്ചു. വേർപാടിന്റെ വേദന ശരിക്കും അവളറിഞ്ഞു. അമ്മയുടെ മരണം കുഞ്ഞു പ്രായത്തിലായിരുന്നുവല്ലോ. വീട്ടിൽ താനും അച്ഛനും മാത്രമായി. വല്ലാത്തൊരു മൂകത അനുഭവപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസവും കോളെജ് വിദ്യാഭ്യാസവും കഴിഞ്ഞു. സർക്കാർ ജോലിക്കായുള്ള പരിശ്രമം. അതു വിജയിച്ചു. ദൂരെയാണെങ്കിലും ജോലി കിട്ടി. വീടും പറമ്പും ഇളയച്ഛനെ എൽപ്പിച്ചിട്ടാണ് അച്ഛനോടൊപ്പം ബംഗളുരുവിലെത്തിയത്. ഒരു വർഷം കഴിഞ്ഞപ്പോൾ ഹരിയേട്ടനുമായുള്ള വിവാഹം. അതുകഴിഞ്ഞ് ഇപ്പോൾ രണ്ട് മക്കളുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുന്നതിനിടയിലാണത് സംഭവിക്കുന്നത് .തന്റെ പ്രിയപ്പെട്ട അച്ഛന്റെ വിയോഗം. അതു തന്നെ തളർത്തി. തനിക്ക് അമ്മയും അച്ഛനുമെല്ലാം അദ്ദേഹമായിരുന്നുവല്ലോ. ജന്മനാട്ടിലേയ്ക്ക് ഒരു പ്രാവശ്യമെങ്കിലും പോകണമെന്ന അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് അതിന് കഴിഞ്ഞില്ല. നാട്ടിലേയ്ക്ക് പോകണമെന്ന ആഗ്രഹം തനിക്കും കുട്ടികൾക്കും ഉണ്ടായിരുന്നു. വിശുദ്ധിയും നന്മയും നിറഞ്ഞ കാടും പുഴകളും വൃക്ഷങ്ങളും കിളികളും വയലുമൊക്കെയുള്ള ശ്രീകൃഷ്ണപുരം കാണാൻ തിടുക്കമായി. വർഷങ്ങൾക്കു ശേഷം ശ്വേത കുടുംബത്തോടൊപ്പം ശ്രീകൃഷ്ണപുരത്തെത്തി. വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ തന്നെ അവളെ വരവേറ്റത് പൊടി പറത്തിക്കൊണ്ട് പാഞ്ഞു പോകുന്ന വാഹനങ്ങളാണ്. തിക്കും തിരക്കും നിറഞ്ഞ റോഡുകൾ.യാത്രക്കാരെക്കാൾ കൂടുതൽ വാഹനങ്ങളോ? അവൾ അതുതന്നെ നോക്കി നിന്നു. താൻ ജനിച്ചു വളർന്ന ഗ്രാമത്തിൽ ഇനിയും എന്തൊക്കെയാണെന്നു നോക്കാം. റോഡിനിരുവശവും വലിയ വലിയ ഫ്ലാറ്റുകൾ, മാളുകൾ, വൻകിട ഹോട്ടലുകൾ. ഇടുങ്ങിയ റോഡിനു പകരം പല വഴിക്കു പോകുന്ന ടാറിട്ട റോഡുകൾ. വീട്ടിലേക്കു പോകുന്ന വഴിപോലും ചോദിച്ചറിയേണ്ടി വന്നു. പോകുന്ന വഴിയിൽ ഒരു കുളവും ഒരു പുഴയുമുണ്ടായിരുന്നു. അതിപ്പോൾ കാണാനില്ല. ആ വലിയ കുളത്തിൽ നിറയെ മാലിന്യം കുന്നു കൂടിക്കിടക്കുന്നു. മനുഷ്യർ വലിച്ചെറിയുന്ന മാലിന്യം. നടന്നു പോകുന്നവർക്ക് തണലേകാൻ ഒറ്റ മരവും ഇല്ല. ശ്വേത ആകെ അസ്വസ്ഥയായി. അവർ വീട്ടുമുറ്റത്തെത്തി. അവൾ ചുറ്റും നോക്കി. എന്തെന്തു മാറ്റങ്ങൾ!! അവൾ ഒത്തിരി നേരം പലതും ആലോചിച്ചങ്ങനെ നിന്നു പോയി. "അമ്മേ...., അമ്മ പറഞ്ഞ ഭംഗിയൊന്നുമിവിടില്ലല്ലോ. കുന്നും മലകളുമെവിടെ? കുളം കണ്ടോ?എത്ര വൃത്തിഹീനമാണ്?" മൂത്തമകൻ കാർത്തിക്കിന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നുണർത്തി. "ശ്വേതേ, തൽക്കാലം നമുക്ക് ഹോട്ടലിൽ മുറിയെടുക്കാം, ന്താ?" "ശരി, ആയിക്കോട്ടെ", അവർ ഹോട്ടലിലെത്തി. ആഹാരം കഴിച്ചെന്നുവരുത്തി അവൾ കട്ടിലിലേക്ക് ചാഞ്ഞു. അർദ്ധരാത്രിയായിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. തന്റെ ശ്രീകൃഷ്ണപുരത്തിന്റെ ഇന്നത്തെ കാഴ്ചകൾ മനസ്സിൽ മായാതെ കിടന്നു. ഈ ഗ്രാമഭംഗിയെ നശിപ്പിച്ച ദുര മൂത്ത മനുഷ്യരെ അവൾ വെറുത്തു. തനിക്കെന്തു ചെയ്യാൻ കഴിയും? അവസാനം ആ തീരുമാനത്തിലെത്തി. തന്റെ പറമ്പു മുഴുവൻ മരങ്ങളും , ചെടികളും പച്ചക്കറികളും നട്ടുപിടിപ്പിക്കണം. ശുദ്ധവായുവും ശുദ്ധജലവും നല്ല ഭക്ഷണവും ലഭിക്കാൻ വേണ്ടതെല്ലാം ചെയ്യണം. മററുള്ളവരെ അതിനു പ്രേരിപ്പിക്കുകയും വേണം. നമ്മുടെ മാലിന്യങ്ങൾ നമ്മൾ തന്നെ ഇല്ലാതാക്കണം. പരസ്പര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കാൻ മറ്റുള്ളവരെ ബോധവത്കരിക്കും. അങ്ങനെ നമ്മുടെ നാടിനെ മാരകരോഗങ്ങളിൽ നിന്നും രക്ഷിക്കാൻ നമുക്ക് കഴിയണം. തന്റെ ശേഷിച്ച ജീവിതം അതിനു വേണ്ടി ആയിരിക്കുമെന്നവൾ പ്രതിജ്ഞയെടുത്തു.☺️
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ