സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ജീവിതം
പതിമൂന്നാം തീയതി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചുവരുമ്പോൾ അടുത്ത പരീക്ഷയെകുറിച്ചായിരുന്നു ആലോചന. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ടീവിയിൽ വാർത്ത കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടയുടൻ അച്ഛമ്മ പറഞ്ഞു, "കോവിഡ് കാരണം പരീക്ഷയില്ല". അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. കുറച്ചു ദിവസംവരെ സന്തോഷമായിരുന്നു. പക്ഷേ വരും ദിവസങ്ങളിൽ സന്തോഷം കുറഞ്ഞുവരികയായിരുന്നു. പിന്നെ എന്റെ ചിന്ത എങ്ങനെ നേരം കളയണമെന്നായിരുന്നു. എല്ലാ അവധിക്കാലവും കളിച്ചും ടൂർ പോയും സിനിമ കണ്ടും സന്തോഷത്തോടെ കഴിഞ്ഞുപോകുമായിരുന്നു. പക്ഷേ ഈ ഒരു അവധികാലം മറക്കാത്ത ഒരു അനുഭവമായിമാറി. കവടി കളിച്ചും ടീവി കണ്ടും പടം വരച്ചും അച്ഛനോടും അമ്മയോടും ചേട്ടനോടും ഒക്കെ സംസാരിച്ചും ഓരോ ദിവസവും കഴിഞ്ഞുപോകുന്നു. വിഷുവിനു ബന്ധുക്കൾ വന്ന് ഒരുമിച്ച് കൂടുമായിരുന്നു. എന്നിട്ട് പടക്കങ്ങൾ പൊട്ടിച്ച് വിഷു ആഘോഷിക്കും. പക്ഷേ ഇക്കൊല്ലത്തെ വിഷു എല്ലാ പ്രാവശ്യത്തെയുംപോലെ പടക്കങ്ങൾ പൊട്ടിക്കുകയോ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാ അവധിക്കാലവും പെട്ടന്ന് കഴിഞ്ഞ് പോകുന്നതായി തോന്നാറുണ്ട്. പക്ഷെ ഈ അവധികാലം എങ്ങനെ നേരം കളയും എന്നാണ് ചിന്ത. എത്രയോ വർഷത്തിനിടയിൽ വീട്ടിൽ എല്ലാവരും ഒരുമിച്ചുള്ള ദിവസങ്ങൾ ആദ്യമായിട്ടാണ് അനുഭവിക്കുന്നത്. സാധാരണ ദിവസങ്ങളിൽ അച്ഛനും അമ്മയും വളരെ വൈകിയാണ് വീട്ടിൽ എത്താറുള്ളത്. പക്ഷെ രാത്രി പഠിക്കാനുള്ളതുകൊണ്ട് അവരോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാറില്ല.ഇപ്പോൾ അവരോടൊപ്പം പറമ്പിൽ നടക്കുകയും, കഥകൾ കേൾക്കുകയും, പറമ്പിൽ ഓരോ പണികൾ ചെയ്തും സമയം ചിലവഴിക്കുന്നു. ഈ ഒരു അവസരം പാഴാക്കാതെ അവരോടൊപ്പം കളിച്ചുല്ലസിച്ചു ഈ അവധികാലം ചിലവഴിക്കണം. ഈ അവധിക്കാലത്തെ സന്തോഷം അതുമാത്രമായിരുന്നു. ഈ കാലം എന്റെ ജീവിതത്തിൽ മായാത്ത ഒരനുഭവമായി മാറിയിരിക്കുന്നു.
|