സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/അക്ഷരവൃക്ഷം/പ്രശ്നം, പാരിസ്ഥിതികം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രശ്നം, പാരിസ്ഥിതികം

പഞ്ചഭൂതങ്ങളായ ഭൂമി , ജലം , വായു , അഗ്നി , ആകാശം എന്നിവയാൽ നിർമ്മിതമായ പ്രത്യക്ഷ ലോകത്തിൽ ഭൂമി , ജലം , ആകാശം എന്നിവയാണ് മലിനീകരണത്തിന് വിധേയമാകുന്നത്. ലോകമെങ്ങും വളരെ നാളായി ഉയർന്നുകേൾക്കുന്ന വിഷയമാണ് "പാരിസ്ഥിതിക പ്രശ്നം". മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്ന പരമ സത്യം മറക്കുന്നതാണ് ഇതിന്റെ അടിസ്ഥാനം. അവന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി വരും വാരാഴികകളെ കുറിച്ച് ആലോചിക്കാതെ സഹജീവികൾക്ക് കൂടി അവകാശപ്പെട്ട ഈ പ്രകൃതിയെ നശിപ്പിക്കുന്നു. ഇതിനായി അവൻ സ്വയം വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ഇത് പലവിധ ദുരന്തങ്ങളായി അവനിലേക്കു തിരിച്ചടിക്കുകയും ചെയ്യുന്നത് നാം കണ്ടുകഴിഞ്ഞു.

ഭൗമീകനശീകരണം പലവിധത്തിലാണ് നടക്കുന്നത്. പല പാരിസ്ഥിതീക സമ്പത്തുകളും ചൂഷണം ചെയ്യുന്നിടത്തു നിന്നും ഇത് ആരംഭിക്കുന്നു. ഖനന പക്രിയയിലൂടെയും, ഭാവന നിർമ്മാണത്തിന് മരങ്ങളും പാറകളും ഉന്മൂലനം ചെയ്യുന്നതിലൂടെയും , കുന്നും മലകളും നിരത്തുന്നതിലൂടെയും , പാടങ്ങളും കുളങ്ങളും നികത്തുന്നതിലൂടെയും നാമോരോരുത്തരും ഇതിന്റെ ഭാഗമാകുന്നു . പാർപ്പിടം കാലാവസ്ഥക്കും നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഉതകുന്നതും മാത്രം ആവണം എന്ന തിരിച്ചറിവ് പ്രകൃതി ചൂഷണത്തിന്റെയും പരിസ്‌ഥിതീ നശീകരണത്തിന്റെയും അളവ് കുറക്കുവാൻ സഹായകരമാകും. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ആണ് മണ്ണിന്റെ ഏറ്റവും വലിയ പ്രശ്നം. വിഷാംശം ഉള്ള വളങ്ങളും കീടനാശിനികളും മനുഷ്യൻ സ്വയം ദുരന്തങ്ങൾ വിളിച്ചു വരുത്തുന്നവയാണ്.

ജലസമ്പത്ത് എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ആവശ്യമായ ഒന്നാണ്. പ്രകൃതിയുടെയും ഭൂമിയുടെയും സംതുലിതാവസ്ഥപോലും ജലാശയങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് . ചെറു ജലാശങ്ങളുടെ നിർമാർജ്ജനവും മണലൂറ്റലിലൂടെയും കയ്യേറ്റങ്ങളിലൂടെയും പുഴയുടെയും കായലിന്റെയും സ്വച്ഛന്ദ ഗതിക്ക് വിഘാതം സൃഷ്ടിക്കുന്നതും പരിസ്‌ഥിതീ നശീകരണത്തിന്റെ വികൃത മുഖമാണ്. വിസർജ്യ മലിനീകരണത്തിലൂടെ ചെറു കൈത്തോട്ടിൽ നിന്നും ആരംഭിക്കുന്ന കുറ്റകരമായ ഉപേക്ഷ നദിയും കായലും കടന്ന് സമുദ്രത്തോളം നീളുന്നു. കൃത്യമായ ശുചീകരണ പ്രക്രിയകൾക്കു ശേഷം മാത്രം പുറംതള്ളേണ്ട ഫാക്ടറി മാലിന്യങ്ങൾ ഇതൊന്നും ചെയ്യാതെ ഗുരുതരമായ അനാസ്ഥയോടെ ജലാശയങ്ങളിലേക്കു ഒഴുക്കിവിടുമ്പോൾ ജലസമ്പത്തു നഷ്ടപ്പെടുന്നു എന്നതിനൊപ്പം ഭീകരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു . പുനർ ശുചീകരണത്തിലൂടെ ശുദ്ധജല ദൗർലഭ്യം എന്നതിനെ നമുക്ക് മറികടക്കാം .

വായൂ മലിനീകരണം പ്രധാനമായും ഫാക്ടറികളിൽ നിന്നും മോട്ടോർ വാഹനങ്ങളിൽ നിന്നും പുറംതള്ളുന്ന വിഷവാതകങ്ങൾ കാരണമുണ്ടാകുന്നതാണ്. എൻഡോസൾഫാൻ പോലെയുള്ള കീടനാശിനികളുടെ പ്രയോഗം വരുത്തുന്ന സാമൂഹിക ദുരന്തങ്ങൾ നാം നേരിൽ കാണുന്നതാണ്. ശബ്ദ മലിനീകരണവും ജീവജാലങ്ങളുടെ സുഖമായ അവസ്ഥക്ക് ദോഷം ചെയ്യുന്ന ഒന്നാണ് .

മഴയുടെ കാലക്രമത്തിലുള്ള മാറ്റം , ഭൂചലനം , പ്രളയം , കൊടുംകാറ്റ് പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ , ജീവജാലങ്ങളുടെ രോഗപ്രതിരോധ ശേഷീ ശോഷണം തുടങ്ങിയ അനേകം ദുരന്തങ്ങളിലേക്കാണ് ഈ പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത്. ഇപ്പോൾ ലോകം കീഴടക്കിയ കൊറോണ പോലെയുള്ള രോഗ സംക്രമണം പോലും ചെറുക്കാൻ പ്രകൃതിയെ അടുത്തറിയുന്ന മനുഷ്യന് കഴിയേണ്ടതാണ്. അവൻ അതിനോട് കാണിക്കുന്ന മുഖം തിരിക്കൽ തന്നെ ആണ് ഇന്ന് കാണുന്ന പരാജയത്തിന് കാരണം. നമുക്കെന്നപോലെ ഓരോ ജീവജാലങ്ങൾക്കും അവകാശപെട്ടതാണ് ഈ ലോകം . അവയുടെ ആവാസ വ്യവസ്ഥിതികൾക്കു കോട്ടം വരാതെ പ്രകൃതിയുടെ നിയതമായ നിയമങ്ങൾ അനുസരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമാണ് ചിന്താശേഷിയുള്ള മനുഷ്യന്റെ പ്രഥമ ധർമ്മം . " ഇനിവരുന്നൊരു തലമുറയ്ക്ക് , ഇവിടെ വാസം സാധ്യമോ? " എന്ന കവിയുടെ ആശങ്ക നമ്മുടെ തിരിച്ചറിവിലേക്ക് വീശുന്ന വെളിച്ചം ആകട്ടെ. പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് പ്രതിജഞ എടുക്കാം, ദുരന്ത വർജ്ജിതമായ നാളേയ്ക്ക് കരുതലിന്റെ കുടപിടിക്കാം.

അദ്രി അനിൽ
7E സെൻറ് ജോസഫ് എച്ച്.എസ്.എസ് ,തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത