ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് ഡിസീസ് 2019

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് ഡിസീസ് 2019

കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം ചൈനയിലെ വുഹാനാണ്. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂരിലാണ് . ഇന്ത്യയിൽ ആദ്യമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ് . കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ് . ഇതിന്റെ ലക്ഷണങ്ങൾ പനി ,ചുമ ,തൊണ്ടവേദന ,തുമ്മൽ എന്നിവയാണ് . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തിപിടിക്കണം . ഈ വൈറസ് നമ്മൾ കൈകൊണ്ടു പിടിക്കുന്ന പ്രതലങ്ങളിൽ പറ്റിയിരിക്കും . നമ്മൾ കൈ തൊടുമ്പോൾ കൈയിൽ പറ്റുകയും ആ കൈ കൊണ്ട് മുഖത്ത് തൊടുമ്പോൾ അത് വഴി ശ്വാസകോശങ്ങളിൽ എത്തുകയും ചെയ്യുന്നു . അതുകൊണ്ടാണ് കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം എന്ന് പറയുന്നത്

ഈ കൊറോണ എന്ന മഹാമാരി നിമിത്തം അനുഭവിച്ച ദുരിതം ചില്ലറയൊന്നുമല്ല . ഗൾഫ് നാടുകളിൽ നിന്ന് ഇന്ത്യയിലും കേരളത്തിലും വന്നവർക്കു കൊറോണ വൈറസ് ഉണ്ടെന്നറിഞ്ഞപ്പോൾ അത് എല്ലാവരിലേക്കും പകരാതിരിക്കാൻ വേണ്ടി ജനത കർഫ്യൂ ഏർപ്പെടുത്തി . അതുകൊണ്ടും ആകാതെ വന്നപ്പോൾ പെട്ടെന്നാണ് ഒരു അർദ്ധരാത്രിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് . പിറ്റേദിവസം മുതൽ കട കമ്പോളങ്ങളില്ല ,വണ്ടികൾ ഇല്ല ,ജനങ്ങൾ വീടിനുള്ളിൽ കഴിയണം . തലേദിവസം പണികഴിഞ്ഞു വൈകി വന്നവർക്കു സാധനങ്ങൾ വാങ്ങിക്കുവാൻ സാധിച്ചില്ല.

പാവപ്പെട്ട ജനങ്ങൾ തീർത്തും കഷ്ടത്തിലായി . അങ്ങനെ വിഷമിച്ചിരിക്കുമ്പോളാണ് സംസ്ഥാനസർക്കാർ പതിനഞ്ച് കിലോ അരിവീതം തന്നത് . അത് പാകപ്പെടുത്തി കഴിക്കണമെങ്കിൽ വിറക് വേണം . കറിവെക്കാൻ പച്ചക്കറിയില്ല . കാരണം പെട്ടന്നൊരു ലോക്ക്ഡൗൺ വന്നപ്പോൾ പൈസയുള്ളവരും ഇല്ലാത്തവരും ഒന്നും വാങ്ങിക്കാനുള്ള സമയം കിട്ടിയില്ല . പിന്നെ അയൽവാസികളൊക്കെ കൊടുത്തും വാങ്ങിച്ചും ദിവസങ്ങൾ കഴിച്ചുകൂട്ടി . കുട്ടികളുടെ വിദ്യാഭ്യാസമാണെങ്കിൽ അതിലും വിഷമം . 10,11,12 ക്‌ളാസ്സുകളിലെ പരീക്ഷകൾ ഇനിയും നടക്കാനുണ്ട് . പഠിത്തം എങ്ങനെയൊക്കെ ആയിത്തീരുമെന്നു ഒരു എത്തുംപിടിയുമില്ല .

ഏതുവിധത്തിൽ നോക്കിയാലും ഈ കൊറോണ വൈറസ് ഒരു ഭീകര ജീവിതന്നെ . കുടുംബത്തിലുള്ള ആർക്കും തന്നെ ഒരു പനി പോലും വരരുതെന്ന് ദൈവത്തോട് ഇപ്പോഴും പ്രാർത്ഥിക്കും. കാരണം ആശുപത്രിയിൽ പോകാൻ വണ്ടിയില്ല അഥവാ എടുത്തുകൊണ്ടു പോയാലും നോക്കാൻ ഡോക്ടറില്ല . ഈ മഹാമാരിയെ പേടിച്ചു അറിവുള്ളവർ പറഞ്ഞുതന്ന കാര്യങ്ങൾ അതേപടി അനുസരിച്ച് കൊണ്ട് ഈ വൈറസിനെ കുറച്ചൊക്കെ നമ്മുടെ നാട്ടിൽ നിന്നും തുരത്തിയോടിക്കുവാൻ നമുക്ക് സാധിച്ചു . എന്നാലും കഷ്ടപ്പാടുകൾ ബാക്കി നിൽക്കും . കാരണം ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചെങ്കിലും അന്നന്ന് പോയി കൊണ്ടുവന്നു ചിലവുകഴിയുന്ന വീടുകളിൽ ജീവിതം നേരെയാവാൻ കുറച്ചു സമയം എടുക്കും . കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തെക്കാൾ കൂടുതലാണ് ഈ കൊറോണ വൈറസ് നിമിത്തം ജനങ്ങൾ അനുഭവിച്ച കഷ്ടതകൾ . ഇതുപോലൊരു മാരകരോഗം ഈ ലോകത്തെങ്ങും ഉണ്ടാകാതിരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് എന്റെ അനുഭവകഥകൾ നിർത്തുന്നു.

വിഷ്ണു ജെ നായർ
10A ഗവ. ഹൈസ്കൂൾ, പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം