കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവ വൈവിധ്യവും
കാലാവസ്ഥാ വ്യതിയാനം: കാലാവസ്ഥയിൽ ഉണ്ടാക്കുന്ന കാര്യമായതും പതിറ്റാണ്ടുകളോ ദശലക്ഷക്കണക്കിനോ വർഷങ്ങൾ നീണ്ടു നിൽക്കുന്നതുമായ മാറ്റത്തെയാണ് കാലാവസ്ഥാ വ്യതിയാനമെന്നു പറയുന്നത്. ശരാശരി കാലാവസ്ഥാ മാനകങ്ങളിലെ വ്യതിയാനമോ രൂക്ഷമായ സംഭവങ്ങൾ ഉണ്ടാകുന്ന തോതിലെ മാറ്റമോ ഇക്കൂട്ടത്തിൽപ്പെടുന്നു. സമുദ്രത്തിലെ പ്രതിഭാസങ്ങളിലെ മാറ്റങ്ങൾ, ജൈവ ജന്യമായ പ്രക്രിയകൾ, സൂര്യപ്രകാശത്തിലെ മാറ്റങ്ങൾ, പ്ലേറ്റ് ടെക്ടോണിക്സ് അഗ്നിപർവത സ്ഫോടനം, പ്രകൃതിയിലെ മനുഷ്യ ജന്യമായ മാറ്റങ്ങൾ എന്നിവ ഇതിനു കാരണമായേക്കാം. അഗ്നിപർവത സ്ഫോടനം, സൗരോർജ്ജത്തിലുണ്ടായ മാറ്റങ്ങൾ എന്നിവയാണ്1700 കളിലെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ തെങ്കിൽ മനുഷ്യന്റെ ഇടപെടലിന്റെ ഫലമായുണ്ടായ ആഗോള താപനമാണ് പ്രധാനമായും ഇരുപതാം നൂറ്റാണ്ടിലെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായത്. വ്യവസായ വിപ്ലവാനന്തരം ലോകമെമ്പാടുമുള്ള ഹരിതഗൃഹ വാതകങ്ങളുടെ തോത് വർദ്ധിച്ചു. ഭൂമിക്കു ചുറ്റും ചൂട് തരംഗങ്ങളെ ഹരിതഗൃഹ വാതകങ്ങൾ പിടിച്ചു നിർത്തുന്നത് അന്തരീക്ഷ ഊഷ്മാവ് ക്രമേണ ഉയരുന്നതിന് കാരണമായി
പ്രത്യാഘാതങ്ങൾ: ശാസ്ത്രജ്ഞരുടെ പ്രവചനമനുസരിച്ച് കേരളത്തിൽ2050 ആകുമ്പോഴേക്കും അന്തരീക്ഷ താപനിലയിൽ1.5 ഡിഗ്രി സെൽഷ്യസ് മുതൽ2 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധന ഉണ്ടായേക്കാം. ഇതു കേരളത്തിലെ വിവിധ കാർഷികമേഖലയെ പ്രതിസന്ധിയിലാക്കും.
- കേരളത്തിൽ വിവിധ സീസണുകളിൽ മഴ ലഭ്യത കുറയുന്നത് വരുംകാലങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമത്തിനും വരൾച്ചയ്ക്കും കാരണമാകും.
- പെട്ടെന്നുണ്ടാകുന്ന പേമാരി കേരളത്തിലെ നഗരങ്ങളെ പ്രളയത്തിലാഴ്ത്തുന്നത് ആ പ്രദേശങ്ങളിലെ ജന്തു ആവാസവ്യവസ്ഥയെ പ്രതിസന്ധിയിലാക്കും.
- തീരപ്രദേശങ്ങളിൽ ഉയർന്നു വരുന്ന സമുദ നിരപ്പ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റത്തിന് കാരണമാകുന്നു. ഇതു പ്രസ്തുത പ്രദേശങ്ങളിലെ കുടിവെളള ലഭ്യത, കൃഷി, മൃഗസംരക്ഷണം എന്നിവയെ പ്രതികൂലമായി ബാധിക്കും.
കാർഷിക ജൈവ വൈവിധ്യം; അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും നീണ്ടു നിൽക്കുന്നവരൾച്ചയും നിരന്തരമായ നുഭവിക്കുന്ന തലത്തിലേക്ക് കാലാവസ്ഥാ വ്യതിയാനം കേരളത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. ജീവജാലങ്ങളിലെ വൈവിധ്യവും അവനിലനിൽക്കുന്നതിനായി ആശ്രയിക്കുന്ന അജൈവഘടകങ്ങളും ചേരുന്നതാണ് ജൈവവൈവിധ്യം. ജൈവ വൈവിധ്യങ്ങളെ കേന്ദ്രീകരിച്ച് ഉല്പാദനക്ഷമതയ്ക്ക് പ്രാധാന്യം കൊടുത്ത്‌നാം പിൻതുടരുന്ന കൃഷിക്ക് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ സാധിക്കണം. ഇതിലേയ്ക്കായി കാർഷിക ജൈവവൈവിധ്യത്തിന്റെ സുസ്ഥിരമായ ഉപയോഗത്തോടൊപ്പം പരമ്പരാഗതമായ അറിവും ആധുനിക ശാസ്ത്രജ്ഞാനവും സംയോജിപ്പിച്ചുള്ള കൃഷി രീതികൾ അവലംബിക്കുകയും ചെയ്യണം. വൈവിധ്യമാർന്ന നെല്ലിനങ്ങളാൽ സമ്പന്നമായിരുന്നു കേരളം. ഏകദേശം2000 നു മുകളിൽ നെല്ലിനങ്ങൾ നമുക്കുണ്ടായിരുന്നു. കേരളത്തിലെ വൈവിധ്യമായ ഭൂഘടന, വിഭവ ലഭ്യത, കാലാവസ്ഥ, കൃഷി രീതി എന്നിവ നെല്ലിനങ്ങളുടെ വൈവിധ്യ ത്തെ സമ്പന്നമാക്കുന്നു. കേരളത്തിലെ പോലെ വൈവിധ്യമുള്ള സാഹചര്യങ്ങളിൽ നെൽകൃഷി നടക്കുന്ന മറ്റൊരു ഭൂവിഭാഗം വേറെയില്ല. സമുദ നിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരെ സ്ഥിതി ചെയ്യുന്ന വയനാട്ടിലും സമുദ്രനിരപ്പിൽ നിന്നും താഴ്ന്നു കിടക്കുന്ന കുട്ടനാടൻ കോൾ നിലങ്ങളിലും നെൽകൃഷി ഉണ്ട്. മലയോരപ്രദേശങ്ങളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചു ചെയ്യുന്ന കൃഷിയാണ് പുനം കൃഷി. കുറുവ, ഒട്ടാടൻ മുതലായ വിത്തുകൾ കൂട്ടി വിതയ്ക്കുന്ന രീതിക്ക് ഉടു കൃഷി എന്നു പറയുന്നു. വിരിപ്പിന്റെയും മുണ്ടുകന്റെയും വിത്തിനങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ(3:1) കൂട്ടിക്കലർത്തി വിരിപ്പു കൃഷിയിറക്കുന്ന രീതിയാണ് കൂട്ടുമുണ്ടകൻ. ഈ രീതി കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളുടെ ചില ഭാഗങ്ങളിൽ നിലവിലുണ്ട് കായൽ കൃഷി പ്രധാനമായും നിലവിലുള്ളത് കുട്ടനാട്ടിലാണ്. തൃശൂർ - പാലക്കാട് ജില്ലകളിലെ കായൽത്തീരത്തോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളിലെ കൃഷിയാണ് കോൾ കൃഷി. ആലപ്പുഴ, എറണാകുളം , തൃശൂർ ജില്ലകളിൽ അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഉപ്പിന്റെ അംശം കൂടുതലുള്ള താഴ്ന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന വയലുകളാണ് പൊക്കാളി നിലങ്ങൾ. പൊക്കാനിൽ(കൂനകളിൽ) ആളിയ(വളരുന്ന) ഇനമായതിനാൽ ഈ നെല്ലിനത്തെ പൊക്കാളിയെന്ന് വിളിക്കുന്നു. എറണാകുളം ജില്ലയിൽ120-135 ദിവസം മൂപ്പുള്ള ചേറ്റു പൊക്കാളി, ചെറു വിരിപ്പു എന്നീ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ കണ്ണൂർ ജില്ലയിൽ ബാലി, ഓർപ്പാണ്ടി എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളോട് ചേർന്ന് കാണപ്പെടുന്ന ചെളിക്കെട്ടുള്ള നെൽപ്പാടങ്ങളാണ് പടുവം നിലങ്ങൾ. വെള്ളക്കെട്ടിനെ അതിജീവിക്കാൻ കഴിവുള്ള നാടൻ വിത്തുകളാണ് പടുവത്തിൽ കൃഷി ഇറക്കുന്നത്. അറബിക്കടലിനും വേമ്പനാട് കായലിനുമിടയിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലും അമ്പലപ്പുഴ താലൂക്കിന്റെ വടക്കുഭാഗത്തുമായി കിടക്കുന്നതാണ് കരപ്പുറം പാടങ്ങൾ. വിരിപ്പു എന്ന് പേരായ മൂപ്പ് കുറഞ്ഞ വിത്തും മുണ്ടകൻ എന്നു പേരായ മൂപ്പു കൂടിയ വിത്തും ഉപയോഗിച്ചുള്ള കൂട്ടുകൃഷിയാണ് കരപ്പുറത്തെ പരമ്പരാഗത രീതി. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഭാഗത്ത് പാണ്ടി നിലങ്ങൾ കാണപ്പെടുന്നു. ഇവിടെ ഓർപ്പാണ്ടി, സ്വർണ്ണപ്പാണ്ടി എന്നീ ഇനങ്ങൾ കൃഷി ചെയ്യുന്നു. വയനാട് ജില്ലയിലെ കുറിച്യ ആദിവാസി കർഷകർ നെൽ വയലുകളെ ജലാഗിരണശേഷി, മണൽ അല്ലെങ്കിൽ ചെളി എന്നിവയുടെ അളവ് , ഫലഭൂയിഷ്ഠത, വയലിന്റെ സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു. ഇതിൽ" കുനിവയൽ" എന്നു വിളിക്കുന്ന വയലുകൾക്ക് ജലാഗിരണശേഷി കുറവാണ്. ഇവിടെ കൂടുതലായും വരൾച്ചയെ അതിജീവിക്കുന്ന ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. എന്നാൽ" കൊരവ്"വയലുകൾക്ക് ജലാഗിരണശേഷി കൂടുതലാണ്. വെള്ളപ്പൊക്കം മൂലം മാസങ്ങളോളം ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നു. ഇത്തരം വയലുകളിൽ പരമാവധി ജലം നിലനിർത്തിക്കൊണ്ടു തന്നെ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ഇനങ്ങളായ അടുക്കൻ, വെളിയൻ, തൊണ്ടി, ചെന്താടി, ചോമാല എന്നീ നെല്ലിനങ്ങൾ കൃഷി ചെയ്യുന്നു.
കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളോട് പൊതുവെ സഹിഷ്ണുത പുലർത്തുന്ന വൃക്ഷമാണ് തെങ്ങ് എന്ന് വരികിലും തെങ്ങിന്റെ വളർച്ച, ഉൽപാദനം എന്നിവ വ്യത്യസ്ഥ കാലാവസ്ഥാ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ കശുമാവ് കൃഷിയും ഉൽപാദനവും ഭൂമിശാസ്ത്ര പരവും കാലാവസ്ഥാപരവുമായ അനേകം ഘടകങ്ങളാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.. വൈവിധ്യമാർന്ന കാലാവസ്ഥയിലും മണ്ണിനങ്ങളിലും കൃഷി ചെയ്യാവുന്ന വിളയാണ് കവുങ്ങ് തമിഴ് നാട്ടിലെ മേട്ടുപ്പാളയം പോലുള്ള മഴ ഒരു പോലെ ലഭിക്കുന്ന പ്രദേശങ്ങളിൽ കവുങ്ങ് പുഷ്ടിയായി വളരുന്നു. ഉയരം വളരെ കൂടിയ സ്ഥലങ്ങളിൽ മെച്ചപ്പെട്ട വിളവ് ലഭിക്കുന്നില്ല. വയനാടൻ പ്രദേശങ്ങളിലും കൂർഗിലും ഫലങ്ങളിലെ പരിപ്പ് ഉറയ്ക്കുന്നില്ല. ഫലങ്ങൾ മൂപ്പെത്തുന്ന ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന താഴ്ന്ന താപനിലയാണ് ഇതിനു കാരണം. കേരളത്തിലെ കാർഷിക ജൈവവൈവിധ്യത്തിലെ പ്രധാന ഇനമാണ് റബ്ബർ. കോട്ടയം ജില്ലയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് റബ്ബർ കൃഷിയുള്ളത്. കാലാവസ്ഥാ വ്യതിയാനവും ചൂടും മാമ്പഴത്തിന്റെ വിളവ് കുറയാൻ കാരണമാകുന്നു. കേരളം ഒരു ഉഷ്ണമേഖലാപ്രദേശമാണെങ്കിലും ഇവിടത്തെ പച്ചക്കറി കൃഷിക്ക് തനതായ പ്രത്യേകതകൾ അവകാശപ്പെടാവുന്നതാണ്. ആവശ്യത്തിലധികം ലഭ്യമാകുന്ന മഴയും ചൂടും മറ്റ് കാലാവസ്ഥാ ഘടകങ്ങളും കൃഷിയെ വളരെയധികം സ്വാധീനിക്കുന്നു. വെള്ളരി, വഴുതന, പയറുവർഗ പച്ചക്കറികൾ എന്നിവയ്ക്കു പുറമെ വെണ്ട, ചീര, കിഴങ്ങുവർഗ പച്ചക്കറികൾ എന്നിവയും പരമ്പരാഗതമായി കേരളത്തിൽ നട്ടുവളർത്തുന്നു. ഏറെ വികസനസാധ്യതയുള്ള മുരിങ്ങ, കോവൽ, അഗത്തി എന്നിവയെല്ലാം നമ്മുടെ സമ്പത്തായിത്തന്നെ നിലനിൽക്കുന്നു. കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും വഴുതന, മുളക്, തക്കാളി തുടങ്ങിയവ നട്ടുവളർത്തുമ്പോൾ ഇടുക്കി ജില്ലയിലെ വടക്കു കിഴക്കൻ മേഖലയിലെ വട്ടവട, കാന്തല്ലൂർ, മറയൂർ എന്നീ പ്രദേശങ്ങളിൽ ഉരുളക്കിഴങ്ങും കൃഷി ചെയ്തു വരുന്നു. പാവൽ, പടവലം, മത്തൻ, കുമ്പളം തുടങ്ങിയവയും കേരളത്തിൽ സുലഭമായി കൃഷി ചെയ്യുന്നു. ഉഷ്ണമേഖലാപ്രദേശത്ത് ഈ അടുത്ത കാലത്തായി വളരെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പച്ചക്കറി വിളയാണ് ചതുരപ്പയർ. പ്രതികൂല കാലാവസ്ഥയെയും രോഗകീടങ്ങളെയും ചെറുത്തുനിൽക്കാനുള്ള കഴിവ് ഇവയ്ക്ക് കൂടുതലാണ്. കേരളത്തിന്റെ കാലാവസ്ഥയിൽ ജനുവരി മുതൽ ഡിസംബർ വരെയും കൃഷി ചെയ്യാവുന്ന ഒന്നാണ് വെണ്ട. കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഏക ഇലക്കറിയാണ് ചീര. കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിൽ ശീത കാല പച്ചക്കറികൾ വൻതോതിൽ കൃഷി ചെയ്തു വരുന്നു. കോൾവിളകൾ എന്നറിയപ്പെടുന്ന കാബേജ്, കോളിഫ്ലവർ, കിഴങ്ങുവർഗ വിളകളായ ഉരുളക്കിഴങ്ങ്, കാരറ്റ്, റാഡിഷ്, ബീറ്റ്റൂട്ട്, ഉളളി വർഗങ്ങളായ സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി, പയറുവർഗങ്ങളായ ബീൻസ്, ബട്ടർ ബീൻസ് തുടങ്ങിയവയും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കേരളത്തിലെ ജൈവ വൈവിധ്യത്തെ സമ്പന്നമാക്കുന്നു. ജനിതകവൈവിധ്യം കൊണ്ട് സമ്പന്നമായ രാജ്യത്തെ മറ്റ് വിളകൾ ഗോതമ്പ്, കരിമ്പ്, എളള് , ചക്ക, കാച്ചിൽ, മധുരക്കിഴങ്ങ്, കൊക്കോ, കാപ്പി, കുരുമുളക്, മഞ്ഞൾ, ഇഞ്ചി, നേന്ത്രവാഴ എന്നിവയാണ്. കാർഷികവിളകളുടെ വ്യത്യസ്ഥതയെ അടിസ്ഥാനമാക്കി ലോകത്തെ എട്ട് മുഖ്യ മേഖലകളായി തിരിച്ചിട്ടുണ്ട്. ഇതിലൊന്ന് ഇന്ത്യയാണ്.
ആധുനിക യുഗത്തിൽ മനുഷ്യ നെ ഏറെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമാണല്ലോ ആഗോള താപനവും തദ്വാരാ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും. വികസനത്തിന്റെ ബാക്കിപത്രമായ മലിനീകരണം സൃഷ്ടിക്കുന്ന വാതകങ്ങൾ അന്തരീക്ഷത്തിൽ ഉറഞ്ഞു കൂടി ഭൂമിയെ ചൂടുപിടിപ്പിക്കുന്ന ഈ പ്രതിഭാസം തടുക്കാൻ നമ്മുടെ കൈയിലുള്ള ഏറ്റവും ശക്തമായ ആയുധങ്ങളാണ് വൃക്ഷവൽക്കരണവും കാർഷിക ജൈവ വൈവിധ്യ സംരക്ഷണവും. കാർഷികമേഖലയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്. തരിശു ഭൂമിയെ കൃഷിയോഗ്യമാക്കിയും നെൽകൃഷി പ്രോത്‌സാഹിപ്പിച്ചും ജൈവ കൃഷിയുടെ ആവശ്യകത ഉയർത്തിക്കാട്ടിയും കാലാവസ്ഥയ്ക്കനുസരണമായി കൃഷി രീതിയിൽ മാറ്റം വരുത്തിയും സർക്കാരും കൃഷി വകുപ്പും മറ്റ് ഏജൻസികളും കേരളീയരോടൊപ്പം തോളോട് തോൾ ചേർന്ന് മുന്നേറുന്നു.
|