ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/കൊറോണ വൈറസിൻ്റെ ആത്മകഥ
കൊറോണ വൈറസിൻ്റെ ആത്മകഥ
പ്രിയപ്പെട്ടവരേ, ഞാൻ കൊറോണ വൈറസ്.പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗം. നിങ്ങളെപ്പോലെത്തന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ. ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്നു ഞാൻ. നിങ്ങൾക്കറിയാമല്ലോ ഞങ്ങൾ വൈറസുകൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ലെന്ന്. ഏതെങ്കിലും ജീവികളുടെ ആന്തരികായവങ്ങളിലാണ് ഞങ്ങൾ വാസസ്ഥലം കണ്ടെത്താറ്. പുറത്തു വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും. എലി, പെരുച്ചാഴി, പന്നി, വവ്വാൽ, കൊതുക് , കുറുനരി തുടങ്ങിയ ജീവികളെയാണ് സാധാരണ ആതിഥേയ ജീവികളായി ഞങ്ങൾ തിരഞ്ഞെടുക്കാറ്. അവരുടെ വയറ്റിലാവുമ്പോൾ ശല്യങ്ങളൊന്നുമില്ലാതെ സ്വസ്ഥമായി കഴിയാമല്ലോ. പിന്നെ, പാലു തരുന്ന കൈകളിൽ ഞങ്ങൾ കൊത്താറില്ല, ആതിഥേയ ജീവികൾക്ക് രോഗം വരുത്താറില്ല എന്നർത്ഥം. കഥയിലേക്ക് തിരികെ വരാം. ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്നു വന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അനേകം മൃഗങ്ങളെ വെടിവെച്ചു വീഴ്ത്തി.കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടുപന്നിയെയും. ചത്തുവീണ മൃഗങ്ങളെയെല്ലാം വണ്ടിയിൽ കയറ്റി വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ഞാൻ പേടിച്ചു വിറച്ചു.ചൈനക്കാരുടെ ഇഷ്ട വിഭവമാണല്ലോ കാട്ടുപന്നി. തൊലിയുരിച്ച് കമ്പിയിൽ കോർത്ത് മസാല പുരട്ടി നിർത്തിപ്പൊരിച്ചു തിന്നും. കൂട്ടത്തിൽ ഞാനും ചാമ്പലാവും. എൻ്റെ ഭാഗ്യത്തിന് ഇറച്ചിവെട്ടുകാരൻ പന്നിയുടെ വയർ തുറന്നു. ആന്തരികായവങ്ങൾ എടുത്തു പുറത്തു കളഞ്ഞു. ആ തക്കത്തിന് ആ ചെറുപ്പക്കാരൻ്റെ കൈവിരലിൽ കയറിപ്പറ്റാൻ എനിക്കു കഴിഞ്ഞു. അവൻ മൂക്കു ചൊറിഞ്ഞപ്പോൾ ശ്വസനനാളം വഴി നേരെ ശ്വാസകോശത്തിലേക്ക്. ഇനി 14 ദിവസം സമാധിയാണ്. ഈ സമാധിയിലാണ് ഞങ്ങൾ പെറ്റുപെരുകുന്നത്.കോശവിഭജനം വഴി ഒന്നിൽ നിന്നും രണ്ടാകാനും രണ്ടിൽ നിന്നും നാലാകാനും പിന്നെ ആയിരങ്ങളും ലക്ഷങ്ങളും കോടികളുമാകാനും ഞങ്ങൾക്ക് ഈ 14 ദിവസം ധാരാളം മതി. ഇനിയാണ് രസം. ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തുമ്മലുമൊക്കെത്തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എൻ്റെ കുഞ്ഞുങ്ങൾ ചൈനക്കാരൻ്റെ ഭാര്യയുടെയും മക്കളുടെയും അയൽക്കാരുടെയും ശരീരങ്ങളിൽ കയറിപ്പറ്റി ലോക സഞ്ചാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. പാവം ചൈനക്കാരൻ ആശുപത്രിയിലായി. നല്ല ശ്വാസതടസ്സവും ശ്വാസകോശങ്ങളിൽ പഴുപ്പും ഉണ്ടായിരുന്നു. ന്യൂമോണിയ ആണെന്നാണ് ഡോക്ടർ കരുതിയത്. അതിനുള്ള ചികിത്സകൾ തുടങ്ങി. പക്ഷേ, അഡ്മിറ്റായി ആറാം ദിവസം ചൈനക്കാരൻ മരിച്ചു. ഞാൻ ആ മൃതശരീരത്തിൽ നിന്നും നേരെ ഡോക്ടറുടെ കൈകളിൽ കയറിപ്പറ്റി. എൻ്റെ പൊന്നുമക്കൾ കളി തുടങ്ങിക്കഴിഞ്ഞിരുന്നു.അവർ കൂടുവിട്ട് കൂടുമാറിക്കൊണ്ടിരുന്നു. പനി പടർന്നു പിടിച്ചു. മരുന്നുകൾ ഫലിക്കാത്ത മാരകമായ പനി.ദിവസവും ആയിരങ്ങൾ ആശുപത്രികളിലേക്കു വന്നു. മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് നിരത്തുകളിലൂടെ ആംബുലൻസുകൾ ചീറിപ്പാഞ്ഞു. ലോകം പകച്ചു നിന്നു. അതിനിടയിൽ ഡോക്ടറുടെ ശ്വാസകോശത്തിലെ ശിശിരനിദ്ര അവസാനിപ്പിച്ച് ഞാൻ ഉത്തരവാദിത്വത്തിലേക്ക് കടന്നു.ഡോക്ടർ അത്യാസന്ന നിലയിലായി. കുറച്ചു ദിവസത്തിനുള്ളിൽ അന്ത്യനിദ്രപൂ കുകയും ചെയ്തു. പക്ഷേ,കുറഞ്ഞ സമയത്തിനുള്ളിൽ ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു. അവസാന പുഞ്ചിരി വിജയികൾക്കുള്ളതാണ്. അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണമെന്നാണ് എൻ്റെ ആഗ്രഹം. ആഫ്രിക്ക എനിക്ക് എന്തിഷ്ടമാണെന്നോ .....ഇരുണ്ട ഭൂഖണ്ഡത്തിലെ ഫലഭൂയിഷ്ടമായ നാട്ടിൻ പുറങ്ങളിൽ വിഹരിച്ചു നടക്കാൻ എനിക്കു കൊതിയാകുന്നു.അവിടത്തെ വെളിച്ചം കടക്കാത്ത നിബിഢവനാന്തരങ്ങളിലൊന്നിൽ, മാനം മുട്ടുന്ന വൻമരക്കൊമ്പത്ത്, ശീർഷാസനം ചെയ്യുന്ന, ഒരു നരിച്ചീറിൻ്റെ വൻ കുടലിൽ ഈ ജൈത്രയാത്ര അവസാനിപ്പിക്കണം.അതാണ് എൻ്റെ അന്ത്യാഭിലാഷം. പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി. പ്രകൃതിയുടെ ആവാസ വ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്നു കയറരുത്. കുടത്തിലെ ഭൂതങ്ങളെ മൂടി തുറന്നു വിടരുത്. അപ്പോഴാണ് ഞങ്ങളെപ്പോലുള്ളവർ പുറത്തിറങ്ങുന്നത്. നമ്മുടെ കേരളത്തിനെ പോലെ കരുതലും ആത്മവിശോസവും .ഉള്ള മനുഷ്യരുടെ ഇടയിൽ ഞങ്ങൾക്ക് കടന്ന് ചെല്ലൂവാൻ സാധിക്കുകയില്ല .എല്ല രാജ്യങ്ങളിലും ഇത് പോലെ ഒരു മുൻകരുതൽ എടുത്തിരുന്നക്കിൽ ഞങ്ങൾക്ക് മരണവിളയട്ടo നടത്തുവാൻ കഴിയുകയില്ലായിരുന്നു .ഞങ്ങൾ ആരെയും അസുഖം വരുത്തണം എന്ന് കരുതി പുറത്തുവന്നവരല്ല .അതിന്റെ കാരണക്കാർ ഓരോ മനുഷ്യനും ഉത്തരവാദിതികളാണ് .ശുചിതും ഉള്ള ഒരു നാളയെക്ക് ആയി നിങ്ങൾ പെരുത്തണം ഒരിക്കലും നമ്മൾ തമ്മിൽ കാണാൻ ഇടവരുത്തരുത് എന്ന് പ്രർതിച്ചു കൊണ്ട് .Stay Home Stay Safe സ്നേഹപൂർവ്വം, കൊറോണ വൈറസ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ