സെന്റ് മേരീസ് എൽ.പി.എസ് എടൂർ/അക്ഷരവൃക്ഷം/എൻറെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14818 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= എൻറെ പരിസ്ഥിതി | color= 3 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻറെ പരിസ്ഥിതി

പച്ചപ്പരവതാനി വിരിച്ചു കിടക്കുന്ന പുൽമേടുകളും സ്വർണക്കതിരണിഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും കളകളം ഒഴുകുന്ന അരുവികളും പുഞ്ചിരി തൂകി നിൽക്കുന്ന പൂക്കളും സുഗന്ധവാഹിയായ ഇളം കാറ്റും കാറ്റിൽ ആടിക്കളിക്കുന്ന ചെടികളും തണൽ വിരിച്ചു നിൽക്കുന്ന മരങ്ങളും ചേർന്ന സുന്ദരമായ എന്റെ നാടുകാണാൻ എന്തു ഭംഗിയാണ്.ഇത്രയ്ക്ക് മനോഹരിയായ ഈ ഭൂമിയെ മനുഷ്യൻ തന്റെ സ്വാർത്ഥത മൂലം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ആർത്തി മൂത്ത മനുഷ്യൻ പ്രകൃതിയെ വെറും വിൽപ്പനച്ചരക്കാക്കി മാറ്റിയിരിക്കുന്നു. എങ്ങനെ പരമാവധി ലാഭം നേടാൻ സാധിക്കും എന്നാണവന്റെ ചിന്ത. മനുഷ്യന്റെ കടന്നുകയറ്റം മൂലം ഭൂമി നശിച്ചു കൊണ്ടിരിക്കുന്നു. താൻ ജീവിക്കുന്ന ഈ ഭൂമി തനിക്കു മാത്രമല്ല വരും തലമുറകൾക്കു കൂടി അവകാശപ്പെട്ടതാണ് എന്ന ബോധ്യം മനുഷ്യനില്ല. ഭൂമിയുടെ പച്ചപ്പ് അവൻ ഇല്ലാതാക്കി. പുൽമേടുകളും നെൽപ്പാടങ്ങളും അരുവികളും പൂക്കളും ഇളം കാറ്റും മരങ്ങളും പുഴയും മരങ്ങളും ചെടികളും അങ്ങനെ ആ നിര നീളുകയാണ്. വികസനം വികസനം എന്ന പേരുപറഞ്ഞ് മനുഷ്യൻ നശിപ്പിക്കുന്നത് ഒരിക്കലും തിരിച്ചുപിടിക്കാൻ പറ്റാത്ത നഷ്ടങ്ങളാണ്.

ഭൂമിയുടെ സൗന്ദര്യമെല്ലാം നഷ്ടപ്പെട്ട് വൃണിത ഹൃദയയായി ഭൂമിയിന്ന് കരയുകയാണ്.ആ കണ്ണീർ കാണുവാനെങ്കിലും മനുഷ്യൻ തയ്യാറാകണം.പ്രളയവും പകർച്ചവ്യാധികളും തുടർക്കഥയാകുമ്പോൾ ഒരു തിരിഞ്ഞുനോട്ടം തീർച്ചയായും നല്ലതാണ്. തന്റെ തന്നെ ചെയ്തികളുടെ ഫലം തിരിഞ്ഞുകുത്തിക്കൊണ്ടിരിക്കുമ്പോൾ വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുന്ന മനുഷ്യൻ വിഡ്ഢിയാണെന്ന് സ്വയം തെളിയിക്കുകയാണ്.

കൊറോണ പോലെയുള്ള പകർച്ചവ്യാധികൾ മനുഷ്യവംശത്തെയൊന്നാകെ തുടച്ചു നീക്കുന്ന ഈ യവസരത്തിൽ ഒരു പ്രതിജ്ഞയെടുക്കുന്നത് നന്നായിരിക്കും. ഈ ഭൂമിയുടെ സൗന്ദര്യം തിരിച്ചുപിടിക്കുവാൻ ഇനിയുള്ള കാലം നാം പരിശ്രമിക്കുമെന്ന്. മനുഷ്യനെപ്പോലെ പ്രകൃതിയിൽ ജീവിക്കുവാൻ ഇവിടുത്തെ പുഴുവിനും കിളികൾക്കും ജന്തുക്കൾക്കും അവകാശമുണ്ട്.

കാശ്മീര സിജു
4 b സെൻറ് മേരീസ് എൽ പി എസ് എടൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം