സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പരിസരം
നാം ജീവിക്കുന്ന ചുറ്റുപാടാണ് പരിസരം. അത് മലിനവും ദുർഗന്ധപൂരിതവുമാക്കാതെ നോക്കേണ്ട കടമ നമുക്ക് ഉണ്ട്. എന്നാൽ പാവനമായ ആ കടമ നിറവേറ്റാൻ നമ്മൾ താല്പര്യം കാട്ടുന്നില്ല, എന്നത് ഈ യുഗത്തിന്റെ ഒരു ദുരന്തം തന്നെ. ഫലമോ ചുറ്റുപാടുകൾ വൃത്തികേടിന്റെ കൂമ്പാരമായി മാറുന്നു. ഈ മാലിന്യ കൂമ്പാരത്തിന്റെ നടുവിൽ മുഖം ചുളിക്കാത്ത മൂക്കു പൊത്താതെ ജീവിക്കാൻ ഇന്നു മനുഷ്യൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. മനസ്സ് മലിന വികാരങ്ങളുടെ വിളനിലമായാൽ പെട്ടെന്നാരും അതറിഞ്ഞെന്ന് വരില്ല. എന്നാൽ ശരീരം അഴുക്കും ചെളിയും നിറഞ്ഞ് അശുദ്ധമായാലോ ? അതാളുകൾ പെട്ടെന്ന് മനസ്സിലാക്കും. നാം അധിവസിക്കുന്ന ഭൂമിയുടെ കഥയും വിഭിന്നമല്ല. നാം ഭൂദേവിയെ ചപ്പും ചവറും കൊണ്ട് വീർപ്പുമുട്ടിക്കുന്നു. അഗ്നിദേവനുപോലും ശദ്ധീകരിക്കാനാവാത്ത പ്ലാസ്റ്റിക്ക് കവറുകൾ കൊണ്ട് കൊലക്കയറിടുന്നു. പകലിന്റെ ഉച്ഛിഷ്ടങ്ങൾ വഴിയോരങ്ങളിൽ വലിച്ചെറിയുന്നു. വളർത്തു നായ്ക്കളുടെ കാഷ്ടം കൊണ്ട് നഗര ദേവതയുടെ തിരുനെറ്റിയിൽ തിലകം ചാർത്തുന്നു. കുളിക്കാനുളള കുളത്തിൽ തന്നെ കടവിറങ്ങുന്നു. നടുറോഡിൽ തുപ്പുകയും തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തുകയും ചെയ്യുന്നു. ഈ ദുർവൃത്തികൾ ഒരു പരിഷ്കൃതജനതയ്ക്ക് ഭൂഷണമോ ? ചിന്തിക്കേണ്ടിയിരിക്കുന്നു. ചില താക്കീതുകൾ നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.