ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/എണ്ണക്കാളം

Schoolwiki സംരംഭത്തിൽ നിന്ന്
എണ്ണക്കാളം

ജയിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത രണ്ടു പരീക്ഷകൾ ഇനിയും ബാക്കി.
അതിനെപ്പറ്റിയാലോചിച്ച് തല പുകച്ചു
കൊണ്ടാണവനന്ന് ഉറങ്ങാൻ കിടന്നത്.
പിന്നീടുളള ആലോചനയിൽ മുഴുവനും
ഇനിയുള്ള മൂന്ന് ദിവസങ്ങൾ കൊണ്ട് രണ്ടു വിഷയങ്ങളും അരച്ചുകലക്കി കുടിക്കാം എന്ന ഒരു ധാരണയും അവനുണ്ടായിരുന്നു. ഇതിനെക്കുറിച്ചു മാത്രം ആലോചിച്ച് കിടന്നുറങ്ങിയതു കൊണ്ടാകാം രാവിലെ അമ്മയുടെ രണ്ടാമത്തെ അടിയിൽ തന്നെ നിദ്രാദേവിയോട് റ്റാ റ്റ പറഞ്ഞെഴുന്നേറ്റു. കുളിച്ചു കുട്ടപ്പനായിയവൻ വായിക്കാനിരുന്നു. ഓരോ പാഠം പഠിച്ചു കഴിയുമ്പോഴും അവൻ ക്ലോക്കിലെ സൂചിയിലേക്കും നോക്കും. അങ്ങനെ ഏകദേശം ഉച്ചക്ക് രണ്ട് മണിയായി ക്കാണും, താഴെ വീട്ടിലുള്ള അശ്വിൻ ഓടിക്കിതച്ചു വന്നു കൊണ്ട് പരീക്ഷകൾ മാറ്റിവച്ച കാര്യം പറഞ്ഞു. ആദ്യം വിശ്വസിച്ചില്ലെങ്കിലും സത്യമാണെന്നറിഞ്ഞപ്പോൾ അതുവരെ പഠിച്ച പാഠങ്ങൾ അവൻ്റെ തലക്കു മുകളിൽ സിനിമാറ്റിക് ഡാൻസ് കളിച്ചു. സമയം കളയാതെ TV ഓൺ ചെയ്ത് വാർത്താ ചാനൽ വച്ചു .കോവിഡ് - 19 പടരുന്ന സാഹചര്യത്തിലാണീ തീരുമാനം എന്നവന് മനസ്സിലായി. ആ നിമിഷം ഒരു ഹീറോയുടെ പരിവേഷമായിരുന്നു കൊറോണക്കപ്പോൾ. ലോക് ഡൗൺ ഇനിയും നീളണേ എന്നായിരുന്നു അതു മുതൽ അവൻ്റെ പ്രാർത്ഥനകൾ മുഴുവനും. എന്നാൽ അഞ്ചാറു ദിവസം കൊണ്ടു തന്നെ വീടിനുള്ളിലെ അടച്ചു വച്ച കൂട്ടിലെ കിളിയെപ്പോലുള്ള ജീവിതം മടുത്തു. TVക്കോ കഥാബുക്കുകൾക്കോ ഫോണിനോ ഒന്നിനും അധികനേരം അവൻ്റെ മടുപ്പിനെ പിടിച്ചു നിർത്താനുള്ള കഴിവില്ലായിരുന്നു. ആ നിമിഷം അവൻ കൊറോണയെ വെറുത്തു. ദേഷ്യത്തിൽ ചാനൽ മാറ്റുന്നതിനിടയിൽ ആകസ്മികമായാണ് വാർത്താ ചാനലിൽ കൊറോണയെപ്പറ്റിയുള്ള വാർത്ത അവൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. കോവിഡ്- 19 ഭീകരത തിരിച്ചറിഞ്ഞ അവന് ഒരു ഭീകരനെയാണല്ലോ താൻ ആരാധിച്ചത് എന്നറിഞ്ഞ് അവന് അവനോട് തന്നെ വെറുപ്പ് തോന്നി. അന്ന് മുതൽ അവൻ്റെ മനസ്സിൽ ഒരു വില്ലൻ്റെ പരിവേഷമാണ് കൊറോണ ക്കുള്ളത് .പിന്നീടുള്ള അവൻ്റെ സ്വപ്നങ്ങളിലെല്ലാം അവനെ പേടിപ്പെടുത്താൻ വരുന്ന ദേഹം നിറയെ എണ്ണയളക്കുന്ന കാളം പോലുള്ള സാധനങ്ങൾ നിറഞ്ഞ ഒരു ഗോളമുണ്ടായിരുന്നു. അതിൻ്റെ ആർത്തിയേറിയ നീണ്ട പല്ലുകൾ തൻ്റെ നേരെ നീളുന്നതായി തോന്നി പല തവണ അവൻ ഞെട്ടിയുണരുമായിരുന്നു. അവൻ്റെ ആശങ്ക കണ്ടിട്ടാവണം അച്ഛനവനെ അടുത്തു വിളിച്ചിരുത്തി പ്രതിരോധമാണ് പ്രതിവിധിയെന്നും കേരളത്തിൻ്റെ പ്രതിരോധ മാർഗങ്ങൾ അതിശക്തമാണെന്നും ശുചിത്വത്തിലൂടെ - നമുക്ക് കൊറോണയെ അകറ്റാം എന്നുമെല്ലാം പറഞ്ഞു മനസ്സിലാക്കി. അപ്പോൾ മാത്രമാണ് ലോക് ഡൗണിൻ്റെ പ്രാധാന്യം അവൻ തിരിച്ചറിയുന്നത്. സമ്പർക്ക ചങ്ങലകൾ മുറിക്കുന്നതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ അവൻ മനസ്സിൽ പോലും കൂട്ടുകാരോടൊന്നിച്ച് കളിക്കുന്നതിനെപ്പറ്റി ആലോചിക്കാറില്ല. ഇപ്പോഴുമവൻ ദേഹം നിറയെ എണ്ണക്കാളം നിറഞ്ഞതും നീണ്ട പല്ലുള്ളതും ആയ കൊറോണ വയറസിനെ സ്വപ്നം കാണാറുണ്ട്. എന്നാൽ ഇത്തവണ അനേകം ചങ്ങലകൾ കൊണ്ട് വയറസിനെ പൂട്ടിയിട്ടിട്ടുണ്ടായിരുന്നു. ചങ്ങലകൾക്കിടയിൽ കിടന്ന് പിടയുന്ന വയറ സിനു മുൻപിൽ അവൻ ചിരിച്ചു നിൽക്കുന്നുമുണ്ടായിരുന്നു... അവൻ വയറസിനെ നോക്കി വിജയശ്രീലാളിതനായി വിളിച്ചു പറഞ്ഞു Break The chain......
മിണ്ടാതെ കിടക്കെടാ എന്നും പറഞ്ഞ് അമ്മ രണ്ടടി തന്നപ്പോൾ അവൻ ഞെട്ടിയുണർന്നു. അവനു മനസ്സിലായി ശബ്ദം കുറച്ചു കൂടിപ്പോയിയെന്ന് .രണ്ടടി കിട്ടിയാലെന്താ താൻ കണ്ട മധുരമായ സ്വപ്നവും ഓർത്തുകൊണ്ടവൻ കിടന്നു .


അതുല്യ ശ്രീധർ
+1 ബയോളജി ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ