എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/എന്റെ ലോക്ക്‌ഡൗൺ ഡയറിക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ലോക്ക്‌ഡൗൺ ഡയറിക്കുറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ലോക്ക്‌ഡൗൺ ഡയറിക്കുറിപ്പുകൾ.


21 ദിവസത്തെ ലോക്ക് സൗൺ കൊണ്ട് കോ വിഡ് വ്യാപനത്തെ തടഞ്ഞു നിർത്താനാകില്ലെന്ന് ഏറെക്കുറെ വ്യക്തമായതുകൊണ്ട് ഏപ്രിൽ30 വരെ നീട്ടാനുള്ള ഏകദേശ ധാരണയായി . 'കേരളത്തിൽ 2 കൊറോണ രോഗികൾ മാത്രം '. 'സ്ഫുടതാരകൾ കൂരിരുട്ടിലുണ്ടിടയിൽ ദ്വീപുകളുണ്ട് സിന്ധുവിൽ ' എന്ന പോലെ ആശ്വാസ സൂചനകളാണ് നമ്മുടെ കേരളം പുറം ലോകത്തിന് നൽകുന്നത്. ലോകത്തെ കിടിലം കൊള്ളിക്കുന്ന വൈറസിനെ ധീരമായി നേരിട്ട് വിജയ വൈജയന്തി പാറിക്കാൻ ശ്രമിക്കുകയാണ് ഡോക്ടർമാരും ഫ്ലോറൻസ് നൈറ്റിംഗേലിന്റെ പിൻമുറക്കാരായ നഴ്സുമാരും ആരോഗ്യ പ്രവർത്തകരും. പരീക്ഷയ്ക്കായി ചെറിയൊരു തയ്യാറെടുപ്പ് നടത്തിയതിനു ശേഷം ഞാൻ പ്രതിഭാ റായുടെ ദ്രൗപദി എന്ന നോവൽ വായിച്ചു തുടങ്ങി. 2011 ലെ ജ്ഞാനപീഠ സമ്മാനാർഹമായ ഈ നോവൽ ദ്രൗപദി ശ്രീകൃഷ്ണനെഴുതുന്ന കത്തിന്റെ ആവിഷ്ക്കാരമാണ്. മനുഷ്യരാശിക്ക് പ്രത്യാശയുടെ സന്ദേശം പകർന്നു തരുന്ന ഈസ്റ്ററാണിന്ന്. പാപികളെ രക്ഷിക്കാനാണ് യേശു സ്വജീവനേകിയതെങ്കിൽ കോവിഡെന്ന മഹാമാരിയിൽ നിന്ന് മനുഷ്യവംശത്തെ കര കയറ്റാനുള്ള താണ് വർത്തമാനകാലത്തെ ത്യാഗങ്ങളത്രയും.


ഇന്ന് വിഷുത്തലേന്ന്, ലോക്ക് ഡൗണിന്റെ ഇരുപതാം ദിവസം. ഏറെ സഹിച്ചാന്ന് കോടിക്കണക്കിനാളുകൾ വിട്ടിൽ കഴിയുന്നത്. ഒരാളും പ്രതീക്ഷിച്ചതോ മുൻപേ തെങ്കിലും കാലത്ത് അനുഭവത്തിലുണ്ടായതോ, കേട്ടറിഞ്ഞുത്ര. വായിച്ചറിഞ്ഞത്ര, അല്ല ദീർഘനാളത്തെ അടച്ചിരിപ്പ്. പുറത്തിറങ്ങാനാവാത്ത അവസ്ഥയിൽ ഇത് മൂന്നാം ആഴ്ചയാണ്. ഇനി ഒറ്റ ദിവസം കൂടി കഴിഞ്ഞാൽ തുറസ്സായ ലോകത്തേക്കിറങ്ങാം എന്നക്ഷമയോടെ കാത്തു നിന്ന എനിക്കു മുമ്പിലാണ് ഇനിയും 19 ദിവസം ലോക്ക് ഡൗൺ നീട്ടുമെന്ന അറിയിപ്പ്. മൊത്തം 40 ദിവസം! ബുദ്ധിമുട്ടുകൾ സ്വാഭാവികമാണ്. എന്നാൽ ലോക്ക് ഡൗൺ നടപ്പായില്ലെങ്കിൽ എന്തായേനെ അവസ്ഥ ? ഈ 3 ആഴ്ചക്കുള്ളിൽ നമുക്ക് രക്ഷിക്കാൻ കഴിഞ്ഞത് പതിനായിരക്കണക്കിനാളുകളെയാണല്ലോ. അത് കോവിഡെന്ന മഹാമാരി പെയ്തൊഴിയാൻ പോകുന്നതിന്റെ ശുഭസൂചന നൽകുന്നു. കാർമേഘങ്ങൾ മൂടിയ സൂര്യൻ അവയെ തരണം ചെയ്തുകൊണ്ട് തന്റെ സൂര്യരശ്മികൾ ഭൂമിയിലേക്കയക്കുന്നു. അതിജീവനമെന്നത് കേരളത്തിന്റെ മറു പേരാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ ഈ അവസരം വിനിയോഗിക്കണം. പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർജ്ജിച്ച് മുന്നേറാം, കോവിഡിനെ തോല്പിക്കാൻ. ഇന്ന് ലളിതമായി ആഘോഷിക്കേണ്ടിയിരിക്കുന്ന വിഷുവിന് മുന്നോടിയായി കുറച്ചു തയ്യാറെടുപ്പുകൾ ചെയ്തു. കൊയ്ത്തിനു ശേഷം കൊയ്ത്തുത്സവം കൊണ്ടാടുന്ന സുദിനം, പ്രകൃതിയുടെ പുതുവസന്തം.

ഇന്ന് ദ്രൗപദി കുറച്ചു പേജുകൾ വായിച്ചു. വലിയൊരു നോവലാണ്. സ്വർഗ്ഗത്തിലേക്ക് നടന്നു കയറുന്നതിനിടയിൽ കാൽ വഴുതി വീണ ( ദൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളിൽ കിടന്നു കൊണ്ട് പ്രക്ഷുബ്ധമായ തന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും കുറിച്ച് പറയുന്നുണ്ട്. വികാരനിർഭരമായ മുഹൂർത്തങ്ങളാണധികവും. ശരിക്കും എന്നെ തുടർന്നു വായിക്കാൻ പ്രേരിപ്പിക്കുന്നു. ' ടിവിയിലൊരു പരസ്യം കണ്ടു വലിയൊരു സിനിമാ നടൻ പറയുന്നു, അമാനുഷിക കാര്യങ്ങളല്ല മാനുഷികമായ ചില ചെറിയ കാര്യങ്ങൾ ചെയ്യുന്ന ഇവരാണ് സൂപ്പർ ഹീറോസ് " . അതെ ഞാനും ഇപ്പോൾ ലോകത്തെ രക്ഷിക്കുന്ന സൂപ്പർ ഹീറോ.

ഇന്ന് വിഷു ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ സുദിനം. പറമ്പുകളിൽ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ, വിഷുക്കാലമല്ലേ എന്നു പറഞ്ഞു കൊണ്ട് കണിക്കൊന്ന വിടർന്നു നിൽക്കുന്നു. രോഗമുക്തിയുടെയും അതിജീവനത്തിന്റെയും ശുഭപ്രതീക്ഷകളുമായി കേരളമിന്ന് കണി കാണുന്നു. കോവിഡിന് നമ്മെ തളർത്താനാവില്ലെന്ന സത്യം വിഷുവിന്റെ ഉണർത്തുപാട്ടിൽ നമുക്കു കേൾക്കാം ഇന്നാണാ 21-ാം ദിവസം. പക്ഷേ ഇന്നും തീരുന്നില്ലാ പറമ്പിൽ മാങ്ങകൾ പഴുത്തു വീഴാൻ തുടങ്ങി. തൊലി കയ്പ്പൻ മാങ്ങകളാണധികവും. തൊലി കയ്പാണെങ്കിലും ഉള്ളിൽ തേനൂറുന്ന മധുരമാണ്. ദ്രൗപദിയുടെ ജനനം മുതലാണ് ഇന്ന് വായിച്ചു തുടങ്ങിയത്. തന്റെ പിതാവിന്റെ പ്രതികാരം തീർക്കാൻ യാഗാഗ്നിയിൽ പിറന്നു വീണ മക്കൾ - കൃഷ്ണയെന്ന ദ്രൗപദിയും ധൃഷ്ടദ്യുമ്നനും. തുടർന്നു വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വ്യത്യസ്തമായ ഒരു നോവലാണ് ദ്രൗപദി . ഇതിന് സാദൃശ്യമുള്ള മറ്റൊരു മറാഠി നോവലാണ് ശിവാജി സാവന്തിന്റെ കർണ്ണൻ. ഇന്ന് കേരളത്തിൽ 8 കോവിഡ് രോഗികൾ പെയ്തു തോരു മെന്ന് പ്രതീക്ഷ നൽകിയിട്ട് വീണ്ടുമൊരു പേമാരിയായ് മാറുമോ എന്ന് നമ്മെ ആശങ്കയിലാഴ്ത്താൻ ഇത് മതി . പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞു - "നിങ്ങളോരുരുത്തരും രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരാണ്" എന്ന്. ഈ ലോക്ക്ഡൗൺ കുട്ടികൾക്കു മുന്നിൽ കലയുടെയും പുസ്തകങ്ങളുടെയും ലോകം തുറക്കുന്നു. സത്യത്തിൽ ഇതൊരു തിരിച്ചറിവിന്റെ കാലമാണ്. അഹങ്കരിക്കുന്നവർക്കും ആക്ഷേപിക്കുന്നവർക്കു മുള്ള തിരിച്ചറിവിന്റെ കാലം. നമ്മുടെ ജീവിതം തന്നെ ക്ഷണികമാണ്. "നീറ്റിലെ പോളയ്ക്കു തുല്യമാം ജീവനെ പോറ്റുവാനെത്ര ദുഃഖിക്കുന്നു മാനുഷർ " എന്ന് നമ്പ്യാർ പാടിയിട്ടുണ്ടല്ലോ. മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്നു പറഞ്ഞ് വിദേശത്തു പോയവർക്ക് തല താഴ്ത്തി സ്വന്തം വീടുകളിലേക്കു തിരിച്ചു പോരേണ്ടി വന്നു. സത്യത്തിൽ കേരളത്തിൽ മരിച്ച മലയാളികളേക്കാൾ കൂടുതലാണ് വിദേശത്ത് മരിച്ച മലയാളി കോവിഡ് രോഗികൾ. എന്നാൽ കേരളത്തിലെ വിദേശിയരെല്ലാം രോഗമുക്തരായത് നമുക്ക് അഭിമാനം തന്നെയാണ്. കാക്ക യ്ക്കും തൻകുഞ്ഞ് പൊൻ കുഞ്ഞെന്ന പോലെ ഓരോ രാഷ്ട്രവും അവരുടെ പൗരനാണ് മുൻഗണന കൊടുക്കുന്നത്.


ഇന്ന് ലോക സാംസ്ക്കാരിക ദിനമാണ് . ഓരോ പ്രദേശത്തെയും സാംസ്ക്കാരിക വൈവിധ്യം സംരക്ഷിക്കുന്നതിനായി ആചരിക്കുന്ന സുദിനം . ലോക്ക്ഡൗണിന്റെ 22-ാം ദിവസത്തിലും രോഗികളുടെ എണ്ണത്തിലും മരണ നിരക്കിന്റെ കാര്യത്തിലും മഹാരാഷ്ട്രയാ ണ് മുന്നിൽ. 900 കവിഞ്ഞു മഹാരാഷ്ട്രയിലെ രോഗികൾ . കേരളത്തിൽ ഒരേയൊരു പുതിയ രോഗിയും. ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷി ഉയർത്തെഴുന്നേൽക്കുന്നതു പോലെ നാം തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്കെത്തും എന്ന പ്രതീക്ഷയുടെ തിരിനാളമാണീ വാർത്ത. ഇതു വരെ ഇരുനൂറിലധികം പേർ രോഗമുക്തരാവുകയും ചെയ്തു. ഏപ്രിൽ 20 വരെ കർശനമായ നിയന്ത അങ്ങകണെങ്കിലും അതിനു ശേഷം ഇളവുകളുണ്ടത്രേ . കോ വിഡ് ബാധയെ നേരിടുന്ന കാര്യത്തിൽ ഇനിയുള്ള 2 - 3 ആഴ്ച നിർണായകമാ ണെന്ന് പ്രധാനമന്ത്രി അറിയിച്ചു കഴിഞ്ഞു. ഇനിയും ലോക്ക് ഡൗൺ നീട്ടുന്നതോടെ സാമ്പത്തികമായും സാമൂഹികമായും വലിയ നഷ്ടമാണ് വരാനിരിക്കുന്നതെന്നും വ്യക്തമായി. അമേരിക്കയടക്കമുള്ള വികസിത സമ്പന്ന രാജ്യങ്ങൾ കൊറോണ വൈറസ് ബാധയിൽ ഉലയുകയാണ്. ന്യൂയോർക്കിൽ ഒരു മാസം കൊണ്ട് ഒരു ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിക്കുകയും മൂവായിരത്തിലേറെ പേർ മരിക്കുകയും ചെയ്തു. നക്ഷത്ര ചികിത്സ സൗകര്യങ്ങളുടെ കാര്യത്തിൽ മത്സരിക്കുന്ന ഈ നാടുകളുടെ പൊതുജനാരോഗ്യ സംവിധാനം പരിതാപകരമാണന്നല്ലേ വ്യക്തമാക്കുന്നത് . ഇപ്പോഴെനിക്ക് ഓർമ്മ വരുന്നത് അബ്ദുൾ കലാമിന്റെ വാക്കുകളാണ്. " നമുക്ക് പരാജയപ്പെടാനാവില്ല, പ്രശ്നങ്ങൾ നമ്മെ കീഴ്പ്പെടുത്തിക്കൂടാ ഇന്ന് വണ്ടിയുടെ ടയർ കൊണ്ട് ഊഞ്ഞാലുണ്ടാക്കി' സ്ഥിരമായി നടത്തുന്ന മാതൃകാപരീക്ഷയ്ക്ക് തയ്യാറെടുപ്പു നടത്തി.

ലോക്ക്ഡൗണിന്റെ 23-ാം ദിവസം ഇന്നത്തെ ദിവസത്തിന് കുറേ പ്രത്യേകതകളുണ്ട്. "മഴയത്ത് നടക്കാൻ എനിക്കിഷ്ടമാണ് കാരണം എന്റെ കണ്ണീർ ആരും കാണുകയില്ലല്ലോ " എന്ന് പറഞ്ഞ ചിരിയുടെ സുഹൃത്തായ ചാർലി ചാപ്ലിന്റെ ജന്മദിനം മാത്രമല്ല, ഇന്ന് ലോക ശബ്ദ ദിനം കൂടിയാണ്. ഇന്ന് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം കൂടിയും കുറഞ്ഞുമിരിക്കു ന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. എന്നാൽ ഏറ്റവും കുറഞ്ഞ തോതിലുള്ള മരണ നിരക്കിലും രോഗം ഭേദമാകുന്നതിലും കേരളം ഒന്നാമതാണെന്ന കാര്യം ആശ്വാസമുളവാക്കുന്നു. രോഗം പൂർണ്ണമായി ഭേദമായ ചൈനയിൽ പുതിയ രോഗികൾ ! അതിനാൽ ജാഗ്രതാ വീണ്ടും ജാഗ്രത എന്ന മന്ത്രം ജീവമന്ത്രമായി മാറുകയാണ്. മെയ് 3 വരെ ബാധകമാകുന്ന പുതിയ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്ത് വിട്ടു. ഈ വർഷം തൃശ്ശൂർ പൂരം ചടങ്ങായി മാത്രം ആഘോഷിക്കാൻ തീരുമാനിച്ചു. സാംപിൾ വെടിക്കെട്ടും ഇലഞ്ഞിത്തറമേളവും കുടമാറ്റവും ഇല്ലാതെ ഒരു തൃശ്ശൂർ പൂരം കടന്നുപോകും . നാമെല്ലാം വീടുകളുടെ സുരക്ഷിതത്വത്തിലിരിക്കുമ്പോൾ ആരോഗ്യ പ്രവർത്തകർ, പത്രപ്രവർത്തകർ, ഹെൽപ് ലൈൻ സെൻറർ ജീവനക്കാർ, ശുചീകരണത്തൊഴിലാളികൾ, ലാഭം നോക്കാതെ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ടു വർ, എല്ലാറ്റിനും മാർഗ്ഗ നിർദ്ദേശം നൽകുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ' .. ഈ കണ്ണി അത്ര പെട്ടന്ന് മുറിക്കാനാവില്ല. ഈ കണ്ണി അത്ര പെട്ടന്ന് മുറിക്കാനാവില്ല. നീളമേറിയ ചങ്ങലയിലെ വിട്ട കണ്ണികളായി നിന്നുകൊണ്ട് ഈ കഠിന കാലത്തെ കീഴ്പ്പെടുത്തിക്കൊണ്ട് മനുഷ്യരാശി ഉയർത്തെഴുന്നേൽക്കും എന്ന് പ്രത്യാശിക്കാം.

അനന്യ കെ ദിനേഷ്
10 എ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം