സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി:ഇനിയും നാം ഉണരാതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി:ഇനിയും നാം ഉണരാതെ വയ്യ

മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്.എന്നാൽ മനുഷ്യന്റെ അത്യാർത്ഥിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല. - ഗാന്ധിജി

മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ വർഷം നാം ലോക പരിസ്ഥിതി ദിനം കൊണ്ടാടിയത്. ആഴത്തിൽ ചിന്തിക്കാനൊന്നുമില്ലാതെ ആർക്കും എളുപ്പത്തിൽ മനസ്സിലാകാവുന്ന രൂപത്തിൽ നിലനിൽക്കുന്ന പാരിസ്ഥിതിക അവസ്ഥകളെ മുഴുവനായി വരച്ചുകാട്ടും വിധമാണ് ഈ പ്രമേയം.മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിൽനിന്നും നമുക്ക് ബോധ്യമാകുന്നത്.ആഗോള താപനം,മലിനീകരണം,വരൾച്ച,വനനശീകരണം,പ്രകൃതിക്ഷോഭം...... പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാർത്തകൾ പുതിയ കാലത്ത് ഇങ്ങിനെയാണ് നീണ്ടുപോകുന്നത്.പ്രാദേശിക ഗ്രാമസഭാ ചർച്ചകൾ മുതൽ അന്താരാഷ്ട്ര ഉച്ചകോടികളിൽ വരെ നിരന്തരം മുഖ്യ അജണ്ടയായി പരിസ്ഥിതി ഇന്ന് കടന്നുവരുന്നു.കവി വർണ്ണനകളിലൊതുങ്ങുന്ന നിർജീവമായ ആഖ്യാനങ്ങളല്ല വേണ്ടതെന്നും സജീവമായ ഇടപെടലുകൾ ആവശ്യമാണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.

കൊണ്ടും കൊടുത്തും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിമ ജനതയിൽ നിന്നും മനുഷ്യനെ പ്രകൃതിയുമായി ഇണക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആധുനിക കാലത്തെത്തുമ്പോൾ എവിടെവെച്ചാണ് ഇത്തരത്തിലുള്ള ഒരു മാറ്റത്തിന്റെ തുടക്കമെന്ന് സൂക്ഷ്മാർത്ഥത്തിൽ നിരീക്ഷിക്കേണ്ടതുണ്ട്.ദാഹം തീർക്കാനായി നെട്ടോട്ടമോടിയ ഒരു വരൾച്ചാകാലത്തിന് ശേഷം വരുന്ന പരിസ്ഥിഥി ദിനത്തിൽ ഇത്തരത്തിലൊരു അന്വേഷണത്തിന്റെ പ്രസക്തിവർധിക്കുന്നുണ്ട്.

പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു ആദിമ ജനതയ്ക്ക്.നീതിപൂർവ്വമായി അതിനെ വിനിയോഗിക്കുന്നതിലും വരും തലമുറയ്ക്കായി സംരക്ഷിച്ചുപോരുന്നതിലും അവർ കാണിച്ച പ്രകൃതി ബോധമാണ് ഹരിതാപം നിറഞ്ഞ ഒരു ഭൂമിയിൽ ജീവിക്കാൻ നമുക്ക് ഭാഗ്യം നൽകിയത്.ജീവിതത്തിന്റെ ഭാഗമായി പരിസ്ഥിതിയെ കാണാൻ അവർക്കായിരുന്നു.കാല- ക്രമേണ ഏറെ കൊട്ടിഘോഷിച്ച വ്യാവസായിക വിപ്ലവവും അതിലൂടെ വളർന്നുവന്ന മുതലാളിത്വ സാമ്രാജത്വ ശക്തികളും ശാസ്ത്ര രംഗത്തെ പുരോഗതിയും ലാഭവും ചൂഷണവും മാത്രം ലക്ഷ്യം വെച്ചപ്പോഴാണ് പരിസ്ഥിതി മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നുള്ള മനുഷ്യകേന്ദ്രീകൃത വാദം ഉയർന്നു വന്നത്.റെനെ ദക്കാർത്തെ,ആദം സ്മിത്ത് തുടങ്ങിയ ചിന്തകന്മാർ ശാസ്ത്രീയതയുടെ രൂപപ്പെടുത്തലുകൾക്ക് വിധേയപ്പെടേണ്ട ഒന്നാണ് പരിസ്ഥിതി എന്ന വാദത്തിനായ് നിരന്തരം ശബ്ദിച്ചുകൊണ്ടേയിരുന്നു.പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ഒരു ജനതയെ പ്രകൃതിയിൽ നിന്നും പറിച്ചുമാറ്റാൻ ഇതൊരു കാരണമായി വർത്തിച്ചു.വികസനമെന്നാൽ മനുഷ്യൻ മാത്രം ബാക്കിയാകുന്നതാണെന്ന വാദം ഊട്ടിയുറപ്പിക്കപ്പെട്ടു.മണ്ണും മലയും പുഴകളും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെല്ലാം സ്വാർത്ഥമായ ലാഭേച്ഛക്ക് വേണ്ടി നശിപ്പിച്ചുകൊണ്ടാണ് മനുഷ്യൻ ആധുനികത ആഘോഷിച്ചത്.എന്നാൽ പ്രകൃതിയോട് മനുഷ്യൻ ചെയ്ത ക്രൂരതകളോച് അതേ നാണയത്തിൽ പ്രകൃതി തിരിച്ചടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.പുഴകളും തണ്ണീർതടങ്ങളും വറ്റിവരണ്ടു,അടിക്കടി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങൾ, ആഗോള താപനവും കാലാവസ്ഥാ മാറ്റവും അനിയന്ത്രിതമായി തുടർന്നുകൊണ്ടിരുന്നു.ഇതോടെ ഭൂമിയിൽ വരും തലമുറയ്ക്ക് മാത്രമല്ല ഇപ്പോഴുള്ള തലമുറയ്ക്കും ജീവിക്കാനാവില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയായി മാറിയത്.

പരിസ്ഥിതി ദിനത്തിൽ മാത്രം കാണിക്കുന്ന മരമാണ് പരിസ്ഥിതി എന്ന ബോധത്തിനപ്പുറം ഇതൊരു ജീവൽ പ്ര‌ശ്നമായി കാണാൻ നമുക്കാവണം. നാം നട്ടുപിടിപ്പിച്ച മരങ്ങളെല്ലാം വളർന്നിരുന്നെങ്കിൽ ആമസോണിനേക്കാൾ വലിയ കാടായി നമ്മുടെ നാടുകൾ മാറുമായിരുന്നു.എന്നാൽ പരിസ്ഥിതി ദിനത്തിലെ ഇത്തിരി സ്നേഹത്തിനപ്പുറം പരിസ്ഥിതി സംരക്ഷണം നമ്മുടെ അജണ്ടയിൽ വരുന്നില്ല.

ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച മഴയും ഓക്സിജനുമായി അധികകാലം ഈ ഭൂമിയിൽ നമുക്ക് ജീവിക്കാനാവില്ല എന്നത് തീർച്ചയാണ്.അതിനാൽ മനുഷ്യനെ പ്രകൃതിയുമായി എന്തുവിലകൊടുത്തും ഇണക്കിച്ചേർക്കേണ്ട ഉത്തരവാദിത്ത്വം മനുഷ്യരായ നമുക്ക് തന്നെയാണ്.

ഫാത്തിമ റെയ്ഹാൻ
10 C സെന്റ് തെരേസാസ് ജി.എച്ച്.എസ്.
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം