എൽ എഫ് സി എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും


കേരളത്തെ സംബന്ധിച്ച് അഭ്യസ്തവിദ്യരായ വൃക്തികളാണ് നമ്മളിൽ ഭൂരിഭാഗവും. എങ്കിലും എവിടെയോ അപരിചിതമായി പോയ ഒന്നുണ്ട് - പരിസ്ഥിതി ശുചിത്വം. പരിസ്ഥിതി ശുചിത്വം എന്ന ഒറ്റവാക്കിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല അത് എന്ന് നമ്മൾ അറിയണം. ഒരുപക്ഷേ അതിനു വൈകി എന്നു നമുക്ക് തോന്നാം. എന്നിരുന്നാലും കോവിഡ് 19 പോലുള്ള മാരക രോഗങ്ങൾ അതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്നു. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനവുമായി തട്ടിച്ചു നോക്കുമ്പോഴും പരിസ്ഥിതി ശുചിത്വത്തിൽ പുറകിൽ പോകേണ്ടവരല്ല നമ്മൾ.

ഇനി മറ്റൊന്നുണ്ട് രോഗപ്രതിരോധം. പ്രസ്തുത വിഷയത്തിൽ ഒട്ടും പിന്നിലല്ല എന്നുമാത്രമല്ല പല ലോക രാജ്യങ്ങൾക്കു പോലും മാതൃകയാകേണ്ട ഒന്നാണ് കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ. ഇതിൽ പങ്കു ചേർന്നിരിക്കുന്നത് ആദ്യം രോഗം കണ്ടെത്തിയ ആളെ മുതൽ അവസാനം രോഗം കണ്ടെത്തിയ ആളെ വരെ പരിചരിക്കുന്ന ഡോക്ടർമാർ , നഴ്സുമാർ, അറ്റൻഡർമാർ തുടങ്ങി ശുചിത്വ തൊഴിലാളികൾ വരെ എത്തിനിൽക്കുന്ന വലിയൊരു സംഘം തന്നെയാണ്.

പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്ന് വേണമെങ്കിൽ പറയാം. കാലാനുസൃതമായ രോഗങ്ങൾ വരാതിരിക്കാൻ ഓരോ കാലങ്ങൾ അനുസരിച്ച് പരിസ്ഥിതി ശുചിത്വം അനിവാര്യം . ഉദാഹരണം പറഞ്ഞാൽ മഴക്കാലം വരുന്നതിന് മുമ്പ് ഡെങ്കിപ്പനി മറ്റു ജലജന്യ രോഗങ്ങൾ എന്നിവയെ തുരത്താൻ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളെ ഒഴിവാക്കുക. ഇതെല്ലാം അതാതു സമയങ്ങളിൽ നമ്മുടെ ആരോഗ്യ വകുപ്പ് നൽകുന്ന സന്ദേശങ്ങളാണ് എന്നാൽ നമുക്ക് ഓരോരുത്തർക്കും സാമൂഹ്യജീവി എന്ന നിലക്ക് ഇല്ലേ ചില ഉത്തരവാദിത്വങ്ങൾ? നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ മാത്രം ചുമതലയാണ് . അങ്ങനെ ഓരോരുത്തരും ചിന്തിച്ചാൽ പരിസ്ഥിതി ശുചിത്വം എന്നതിന് ഒരു തലം വരെയുള്ള അർത്ഥമായി.

രോഗങ്ങളെ അകറ്റി നിർത്തുക എന്നതിന്റെ രണ്ടാമത്തെ പടി ആണ് രോഗപ്രതിരോധം . അതിനാദ്യം വേണ്ടത് രോഗം പകരുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക എന്നതാണ്. ഹാൻഡ് സാനിറ്റൈസറും മാസ്കും പ്രതിരോധ മാർഗങ്ങൾ ആണ്. പിന്നീടാണ് പ്രതിരോധ മരുന്നുകൾക്കുള്ള സ്ഥാനം. അവ പൂർണ്ണമായും വിദഗ്ധ ഡോക്ടർമാരുടെ നിർദേശ പ്രകാരം മാത്രമേ പാടുള്ളു. പരിസ്ഥിതി ശുചിത്വം നമുക്കു ശ്രദ്ധിക്കാം എന്നുണ്ടെങ്കിൽ രോഗപ്രതിരോധമാർഗങ്ങളും നമുക്ക് മുന്നിൽ പടി തുറക്കും. എങ്കിലേ ഇനി വരാനിരിക്കുന്ന മഹാമാരികൾക്കു മുന്നിൽ മുട്ടുമടക്കാതെ ചെറുത്തുനിൽക്കാൻ നമുക്ക് ആവുകയുള്ളൂ .

ശ്രീഹരി മഹേഷ്
3 B എൽ എഫ് സി എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം