ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധമാണ് ശരിയായ ജാഗ്രത
രോഗപ്രതിരോധമാണ് ശരിയായ ജാഗ്രത
ലോകം മുഴുവൻ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്, കൊറോണ വൈറസ് മൂലം. ഈ വിനാശകാരിയായ വൈറസ്സിന്റെ വ്യാപനം ഇല്ലാതാക്കാൻ വിവിധതലത്തിലുള്ള മുൻകരുതലുകൾ ആവശ്യമാണ്. കൊവിഡ് 19 എന്ന് ഇപ്പോൾ പേരുള്ള ഈ വൈറസ്സിനെ തോല്പിക്കാൻ ബാഹ്യവും ആന്തരികവുമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. പക്ഷേ, നിർഭാഗ്യവശാൽ ബാഹ്യമായ മുൻകരുതലുകൾ മാത്രമേ നാം മിക്കവരും സ്വീകരിക്കുന്നുള്ളൂ. അതായത് മാസ്ക് ധരിക്കുക, കൈ സാനിറ്റൈസ് ചെയ്യുക തുടങ്ങിയവ. ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയാൻ സഹായിക്കുമെന്നല്ലാതെ ഏതെങ്കിലും കാരണവശാൽ കടന്നുകയറിപ്പോയ വൈറസുകൾക്കെതിരെ ഒന്നും ചെയ്യാനാകില്ല. അവിടെയാണ് ആന്തരികമുൻകരുതലുകളുടെ പ്രസക്തി. കൊവിഡ് 19 എന്നല്ല, ഏതൊരു രോഗാണുവിനും ശരീരത്തിൽ കടന്ന് നമ്മെ കീഴ്പെടുത്താനാവണമെങ്കിൽ നമ്മുടെ രോഗപ്രതിരോധശക്തിയെ ആദ്യം തോല്പിച്ച ശേഷമേ സാധ്യമാവൂ. ആരുടെയൊക്കെയാണോ രോഗപ്രതിരോധശക്തി കുറഞ്ഞിരിക്കുന്നത്, അവരാണ് രോഗികളായി മാറുന്നതും തുടർന്നുള്ള കുഴപ്പങ്ങളിലേക്ക് പോകുന്നതും. അങ്ങനെയെങ്കിൽ നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം, ഏതുവിധേനയും നമ്മുടെ രോഗപ്രതിരോധശേഷി കഴിയുന്നത്ര വർധിപ്പിക്കാനുള്ള മാർഗം ഉടൻതന്നെ സ്വീകരിക്കുക എന്നതാണ്. എന്തൊക്കെയാണ് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മാർഗങ്ങൾ ? നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വൈറ്റമിൻ സി ക്ക് കഴിയും. വൈറ്റമിൻ സി ധാരാളമടങ്ങിയ ഇലവർഗങ്ങൾ വേവിക്കാതെ കഴിക്കുക. കാരണം ചൂടാക്കിയാൽ വൈറ്റമിൻ സി നഷ്ടപ്പെടും. ചെറുപുളിയുള്ള പഴങ്ങൾ നിത്യവും കഴിക്കുക. ഉദാഹരണം, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവ. ഇവയൊന്നും ലഭ്യമല്ലെങ്കിൽ മാത്രം വൈറ്റമിൻ സി ഗുളികകൾ ഉപയോഗിക്കാം. അതുപോലെ വൈറ്റമിൻ D ലഭിക്കാൻ രാവിലെയും വൈകുന്നേരവും ഇളംവെയിൽ കൊള്ളുക.ഇലവർഗങ്ങൾ, കടല, നട്സ് എന്നിവയിൽ നിന്നും നമുക്കാവശ്യമായ വൈറ്റമിൻ B6 ഉം വൈറ്റമിൻ E യും ലഭിക്കും. മഞ്ഞൾ എല്ലാ കറികളിലും ചേർക്കുക. മഞ്ഞളിന്റെ രോഗപ്രതിരോധശക്തി ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ളതാണ്. കുട്ടികൾക്ക് പാലിൽ ചേർത്തും നൽകാം(Golden milk). അതോടൊപ്പംതന്നെ വ്യായാമവും അത്യാവശ്യമാണ്. ദിവസവും മിതമായ വ്യായാമം ചെയ്യുക. എപ്പോഴെങ്കിലും 45 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ വേഗത്തിൽ നടക്കുക. ഇത് ചികിത്സയല്ല... കേവലം മുൻകരുതൽ മാത്രം. കൊവിഡ് 19 വൈറസിനെതിരെയുള്ള മരുന്നല്ല, പകരം നമ്മുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കാനുള്ള നിർദ്ദേശം മാത്രമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ