ഗുരുകുലം എച്ച്.എസ്, ഇടക്കുളം/അക്ഷരവൃക്ഷം/എന്റെ ജീവിത വീക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
06:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ജീവിത വീക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ജീവിത വീക്ഷണം

ഈ കോവിഡ്-19 അവധിക്കാലത്ത് എൻറെ ഓർമ്മയിൽ വന്നത് അമ്മ പറഞ്ഞ അമ്മയുടെ കുട്ടിക്കാലത്തെക്കുറിച്ച് ആയിരുന്നു .അമ്മ അക്ഷരം പഠിച്ചത് ആശാൻ പള്ളിക്കൂടത്തിൽ ആയിരുന്നു .ഓല കൊണ്ടു മറച്ച ഒരു കുടിൽ ആയിരുന്നു അത് .മണ്ണിൽ വിരലുകൊണ്ട് ആണ് അക്ഷരം എഴുതി പഠിച്ചത് ഇരിക്കാനായി തഴ കൊണ്ടുള്ള ചെറിയ പായ് കയ്യിൽ ചുരുട്ടി പിടിച്ചാണ് പോകുന്നത് ഇതിനൊപ്പം അക്ഷരങ്ങൾ എഴുതിയ ഓലയും ഉണ്ടാകും നാരായം കൊണ്ടായിരുന്നു ഓലയിൽ ആശാൻ എഴുതി കൊടുത്തിരുന്നത് .എൽ.പി സ്കൂൾ വീടിനടുത്ത് ആയിരുന്നു . ഉപ്പുമാവ് വാങ്ങാനായി വട്ടയില യുമായി ആണ് പോകുന്നത്. വീട്ടിൽ വന്ന് ഊണ് കഴിച്ച് തിരിച്ച് സ്കൂളിലേക്ക് കൂട്ടുകാരുമൊത്ത് പോകുന്ന വഴിയിൽ ഒരുപാട് മാവ് ,പുളി ,ചാമ്പ മുതലായവയുള്ള നാട്ടുവഴിയിലൂടെ ആണ് പോകുന്നത് .നിലത്തുവീണ കണ്ണിമാങ്ങയും പുളിയും ആയാണ് സ്കൂളിലേക്ക് പോകുന്നത് . സ്കൂളിനടുത്ത് അമ്പലവും പള്ളിയും ഉണ്ടായിരുന്നു .അമ്പലത്തിലെ ആൽത്തറയിൽ ഇരുന്നു കുട്ടികൾ കളിക്കുമായിരുന്നു .അമ്മയുടെ ലോകം ഈ നാട്ടിൻപുറം ആയിരുന്നു. കാവും മൺ വഴിയും തോടും വയലും തെങ്ങിൻ തോപ്പും ആൽത്തറയും പുഴ കടക്കാൻ ഉള്ള തോണിയും ഒക്കെയായിരുന്നു എപ്പോഴും അമ്മയുടെ ഓർമ്മകൾ. വയലിൽ വിത്തു വിതയ്ക്കാൻ അപ്പൂപ്പന്റെ കൂടെ അമ്മയും പോകുമായിരുന്നു .പണിക്കാർ ജോലി ചെയ്യുന്നത് കണ്ടു നിൽക്കുമായിരുന്നു . വയലിലെ വിത്തു കൊത്തിത്തിന്നാൻ വരുന്ന കിളികളെ ഓടിക്കാൻ അമ്മ പോകുമായിരുന്നു .വയലിനരികെ ഒരു തേന്മാവ് ഉണ്ടായിരുന്നു. അതിൽ നിറച്ച് മധുരം നിറഞ്ഞ മാമ്പഴവും. കാറ്റുവീശുമ്പോൾ മാമ്പഴം എടുക്കാൻ കുട്ടികളും ഓടിയെത്തും.കൂട്ടുകാരുമൊത്തു മാമ്പഴം കഴിച്ചത് ഇപ്പോഴും അമ്മ ഓർക്കുന്നു .അമ്മ പഠിച്ച ഹൈസ്കൂൾ കുറച്ച് ദൂരെയായിരുന്നു .ഗാന്ധിജയന്തിക്ക് ഒരാഴ്ചത്തെ 'സേവനവാരം 'ഉണ്ടായിരുന്നു. ഉച്ചയ്ക്കത്തെ ഭക്ഷണം ടീച്ചർമാർ തന്നെ പാചകം ചെയ്ത കപ്പയും കാന്താരി പൊട്ടിച്ചതും .ആ സ്വാദ് അമ്മ മറന്നിട്ടില്ല. സ്കൂൾ വൃത്തിയാക്കിയതിനുശേഷം കുട്ടികളെല്ലാവരും പിരിവിട്ടുവാങ്ങിയ മൺകൂജയും ഗ്ലാസും ക്ലാസിലെ ഒരു മൂലയിൽ ഇരിക്കും. അമ്മയുടെ ഓർമ്മകളൊക്കെ എന്നോട് പറയുമ്പോൾ എനിക്ക് കിട്ടാതെ പോയ ബാല്യകാലത്തെ കുറിച്ച് ഓർത്ത് ഞാൻ വിഷമിക്കുന്നു. അംഗനവാടിയിൽ അമ്മ കൊണ്ടുവന്നതും പിന്നീട് സ്കൂളിൽ ചേർന്നപ്പോൾ സ്കൂൾ ബസ്സിൽ പോകുന്നതും അമ്മയ്ക്ക് വളരെയേറെ ടെൻഷൻ ഉണ്ടാക്കുന്നതാണ്.അമ്മയ്ക്ക് കിട്ടിയ സന്തോഷകരമായ ബാല്യകാലം എനിക്ക് നഷ്ടപ്പെടുന്നത് ഓർക്കുമ്പോൾ വിഷമം ആണ് .കാരണം ഇപ്പോഴത്തെ കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾ കേൾക്കുമ്പോൾ ..ഇപ്പോഴത്തെ കുട്ടികളുടെ ജീവിതം തികച്ചും യാന്ത്രികമാണ്. വയലുകളും തോടുകളും നികത്തിവലിയ കെട്ടിടങ്ങൾ നിർമ്മിച്ചു. നാട് വലിയ പുരോഗതിയിലേക്ക് എത്തി .മാലിന്യങ്ങൾ ഇടാൻ പോലും സ്ഥലമില്ലാതെ ആയി .നമ്മുടെ ജലസ്രോതസ്സ് മലിനമാണ് .പുഴയിലേക്കും പറമ്പിലേക്കും വലിച്ചെറിയുന്ന മാലിന്യങ്ങൾ കഴിഞ്ഞ വെള്ളപ്പൊക്കത്തിലൂടെ നമ്മിലേക്ക് തന്നെ തിരിച്ചുവന്നു .ജനങ്ങളെ വൻ ദുരന്തത്തിലേക്ക് നയിച്ച ഒന്നായിരുന്നു കഴിഞ്ഞ പ്രളയം .പ്രകൃതിയെ നശിപ്പിക്കാൻ ഇറങ്ങിയ മനുഷ്യന് പ്രകൃതി തന്ന മറുപടിയാണ് വെള്ളപ്പൊക്കം . ജനങ്ങൾ ജാതിയോ മതമോ നോക്കാതെ ഒത്തൊരുമയോടെ ക്യാമ്പുകളിൽ ദിവസങ്ങളോളം താമസിച്ചു .അങ്ങനെ ഒത്തൊരുമയോടെ നമ്മൾ പ്രളയത്തെ അതിജീവിച്ചു .അടുത്തതായി കടന്നുവന്ന വൻ ദുരന്തമാണ് കൊറോണ വൈറസ്. ഒരു യുദ്ധം ആണെങ്കിൽ കുറച്ചു രാജ്യങ്ങൾക്ക് മാത്രമേ നഷ്ടം ഉണ്ടാവുകയുള്ളൂ .പക്ഷേ ഈ മഹാമാരി ലോകം മുഴുവനും നാശംവിതച്ചു.വീട്ടിലിരുന്നും, സാമൂഹിക അകലം പാലിച്ചുംകൊണ്ടാണ് നാം ഇതിനെ ചെറുത്ത് തോല്പിക്കന്നത്.ഒരു മനുഷ്യന് വേണ്ടത് വ്യക്തിശുചിത്വമാണ് എന്ന് ഈ മഹാമാരി നമ്മെ പഠിപ്പിച്ചു .അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനും അകലം പാലിച്ചു ജീവിക്കുവാനും - നമുക്ക് ഇതിനെ അതിജീവിക്കാൻ അതിലൂടെ കഴിയുകയുള്ളൂ .കൂടാതെ വീട്ടിൽ തന്നെ ഇരുന്ന് ഇതിനെ അതിജീവിക്കാൻ ശ്രമിക്കാം .കോവിഡ് കാലത്ത് ഭക്ഷണത്തിനായി പ്രകൃതിവിഭവങ്ങൾ നമ്മൾക്ക് ശീലമാക്കാം .തൊടിയിലെ പ്ലാവിൽ നിന്നും ചക്കയും മാങ്ങയും കൊണ്ട് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് പോലത്തെ ഭക്ഷണപദാർത്ഥങ്ങൾ നമുക്ക് പാടേ ഉപേക്ഷിക്കാം .റോഡും ,പുഴയും, വായുവും വൃത്തിയായി .വാഹനങ്ങളുടെ പ്രവാഹം ഇല്ലാത്ത റോഡിൽ അപകടങ്ങൾ ഇല്ല .മദ്യം കിട്ടാത്തതുകൊണ്ട് പലരുടെയും മദ്യപാനം നിന്നു.അതുകൊണ്ട് വീട്ടിൽ സമാധാനം ഉണ്ട് .ഒന്നിനും സമയം ഇല്ലാതെ പാഞ്ഞുകൊണ്ടിരുന്നവർ വീട്ടിൽ ഒത്തുകൂടിയപ്പോൾ ഉണ്ടായ സന്തോഷവും നന്മയും തിരിച്ചറിയുന്നു. ഇനിയും കുടുംബത്തിൻറെ വിങ്ങ‍ൽ കാണാതെ പോകാതിരിക്കട്ടെ .

ഗൗരി സുധാകരൻ
9 ഗുരുകുലം എച്ച്. എസ്. എസ്. ഇടക്കുളം
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം