Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പ്രധാനം
മനുഷ്യൻപ്രകൃതിയിൽ നിന്ന് അകന്നു തുടങ്ങിയതു മുതൽക്കാണ് രോഗങ്ങളും പകർച്ചവ്യാധികളും അവനെ വേട്ടയാടാൻ തുടങ്ങിയതെന്നു പറയാം. ഈ വ്യാധികൾ ദൈവകോപമാണെന്നായിരുന്നു പണ്ട് ചിലർ വിശ്വസിച്ചിരുന്നത്. പാപികളെ ശിക്ഷിക്കാൻ ദൈവം അയയ്‌ക്കുന്ന ബാധകളായി അവർ അവയെ കണ്ടിരുന്നു. എന്നാൽ നൂറ്റാണ്ടുകളിലൂടെ നടത്തിയ നിരീക്ഷണപരീക്ഷണങ്ങൾക്കൊടുവിൽ നമുക്കു ചുറ്റുമുള്ള ചില ചെറുജീവികളാണ് കാരണക്കാർ എന്നു ഗവേഷകർ മനസ്സിലാക്കിയിരിക്കുന്നു.
എലി, പാറ്റ, ഈച്ച, കൊതുക് എന്നീ ജീവികളും രോഗവാഹികളായി വർത്തിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ശുചിത്വമില്ലായ്‌മയാണ് പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നതെന്നും അവർ പറയുന്നു. ഇതിന്റെ വെളിച്ചത്തിൽ, ശുചിത്വം രോഗങ്ങളെ ഇല്ലാതാക്കി ജീവനെ രക്ഷിക്കുന്ന ഒരു സംഗതിയാണെന്നുതന്നെ പറയാം.
രോഗങ്ങൾ കുറയ്‌ക്കാൻ നമുക്കും നമ്മുടെ കുടുംബത്തിനും എന്തു മുൻകരുതലുകളെടുക്കാൻ സാധിക്കും?
കുടുംബാംഗങ്ങളുടെ ആരോഗ്യപരിപാലനത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തിൽ വീട്ടമ്മമാരാണ് വലിയ പങ്കുവഹിക്കുന്നത്. ഭക്ഷ്യവസ്‌തുക്കൾ എപ്പോഴും അടച്ചുവെക്കാനും വീട് വൃത്തിയായി സൂക്ഷിക്കാനും അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് അങ്ങനെയുള്ള വീടുകളിൽ എലിയുടെയോ പാറ്റയുടെയോ ശല്യമുണ്ടാവില്ല. എന്നാൽ വീട്ടിലുള്ള മറ്റുള്ളവരും സഹകരിക്കേണ്ടതുണ്ട്. ശുചിത്വം പാലിക്കാൻ പരിശ്രമം ആവശ്യമാണ്. ദീർഘകാലത്തെ പരിശീലനംകൊണ്ടേ ശുചിത്വം സംബന്ധിച്ച അവബോധം വളർത്തിയെടുക്കാനും അത് ഒരു ശീലമാക്കി മാറ്റാനുമാകൂ.
വീട്ടിലെ ശുചിത്വപാലനത്തിൽ കുടുംബാംഗങ്ങളെല്ലാം സഹകരിച്ചേ മതിയാകൂ. ശുചിത്വപരിപാലനത്തിൽ വീടിനകത്തും പുറത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ചർച്ചചെയ്യണം. ശുചിത്വം മാത്രമല്ല, കുടുംബത്തിൽ ഒരുമയുണ്ടായിരിക്കാനും ഇതു സഹായിക്കും. അതുപോലെ കുടുംബത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ വീട്ടിൽ എല്ലാവർക്കും ഒരു പങ്കുണ്ടെന്ന് ഓരോ വ്യക്തിയെയും ഇത് ഓർമിപ്പിക്കുകയും ചെയ്യും. ഉദാഹരണത്തിന്, അമ്മമാർക്ക് ഒരു കാര്യം ചെയ്യാനാകും: പലരുടെയും കൈയിലൂടെ പോകുന്ന സാധനങ്ങൾ (കറൻസിനോട്ടുകളോ നാണയങ്ങളോപോലുള്ളവ) കൈകാര്യംചെയ്‌തശേഷവും ടോയ്‌ലറ്റിൽ പോയശേഷവും ഭക്ഷണം കഴിക്കുന്നതിനുമുമ്പും കൈകഴുകുന്നത് ഒരു ശീലമാക്കേണ്ടത് എന്തുകൊണ്ടെന്ന് മുതിർന്ന കുട്ടികൾക്കു പറഞ്ഞുകൊടുക്കാം. ഇളയ കുട്ടികളെക്കൊണ്ട് ഇക്കാര്യങ്ങൾ അനുസരിപ്പിക്കാൻ മുതിർന്ന കുട്ടികൾക്കും കഴിയും.
സമൂഹത്തിന് ശുചിത്വബോധമുണ്ടാകണമെങ്കിൽ ഓരോ കുടുംബത്തിനും അത് ഉണ്ടായിരിക്കണം. കുടുംബത്തിന് ശുചിത്വബോധമുണ്ടായിരിക്കണമെങ്കിൽ ഓരോ വ്യക്തിക്കും അത് ഉണ്ടായിരിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് ആരോഗ്യത്തിനു ഗുണംചെയ്യുമെന്നു മാത്രമല്ല, നമ്മൾ ജീവിക്കുന്ന പ്രദേശത്തിന്റെ മുഖച്ഛായതന്നെ അതു മാറ്റിമറിക്കുകയും ചെയ്യും.
|