ചങ്ങങ്കരി ഡി.ബി. യു പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ലോകം ഒരു ലോക്ഡൗണിലാണിപ്പോൾ. പണക്കാരനെന്നോ ,പാവപ്പെട്ടവനെന്നോ ,വ്യത്യാസമില്ലാതെ പണ്ഡിതനെന്നോ ,പാമരനെന്നോ ,പ്രധാനമന്ത്രിയെന്നോ ,ഭേദമില്ലാതെ എല്ലാവരും സ്വന്തം വാസസ്ഥലത്ത് ഏകാകികളാകുന്ന അവസ്ഥ. ലോകചരിത്രത്തിൽ ഒരുപക്ഷേ ആദ്യത്തേത്. ഇനി എന്നാണ് ലോകം പഴയതുപോലെ ചലിച്ചു തുടങ്ങുക? ആർക്കും അറിയില്ല. കൊറോണ എന്ന ഭുതം ലോകത്തെയാകെ ഗ്രസിചിരിക്കുന്നു. ഈ ഭുതത്തെ ഉച്ചാടനം ചെയ്യാൻ സർവ്വ ശക്തിയുമെടുത്ത് മനുഷ്യരാശി കിണഞ്ഞു ശ്രമിക്കുകയാണിപ്പോൾ. ദിക്കുകളേയും അതിരുകളോയും അപ്രസക്തമാക്കി ,ആഗോള പാസ്പ്പോർട്ടുമായി "കോവിഡ് 19” താണ്ഡവമാടുമ്പോൾ ലോകം അക്ഷരാർത്ഥത്തിൽ നിശ്ചലമായി. സമാനതകളില്ലാത്ത ഈ പ്രതിസന്ധിക്കുമുന്നിൽ നാം പകച്ചു നിൽക്കുമ്പോൾ ഒരു കാര്യം മറക്കരുത്. 95% ജന്തുജാതികൾ ഭുമുഖത്തുനിന്നും അപ്രത്യക്ഷമായ, മഹാനാശങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 14-ാം നൂറ്റാണ്ടിൽ യൂറോപ്യൻ ജനതയുടെ 1/3 ഭാഗവും ഭുമുഖത്തുനിന്നും തുടച്ചു നീക്കിയ പ്ലേഗിനേയും നാം അതിജീവിച്ചു. അതിനാൽ ഈ കൊറോണയേയും നാം അതിജീവിക്കും. ഇതിനെ പ്രതിരോധിക്കാൻ നാം സ്വീകരിക്കുന്ന നിലപാടുകളും ഇച്ഛാശക്തിയുമാണ് നിർണായകം. പ്രതിസന്ധികളും സാധ്യതകളും ചൈനയിൽ നിന്ന് ആരംഭിച്ച് ലോകമെമ്പാടും വ്യാപിക്കുന്ന കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് പടിഞ്ഞാറൻ യൂറോപിനെയും, അമേരിക്കയെയും ആണ്. വലിയ പ്രതിസന്ധികളുടെ ഘട്ടത്തിലാണ് ഇന്ന് മാനവരാശി അനിതര സാധാരണമായ ഒത്തൊരുമയും, ഉത്സാഹവും ,ശാസ്ത്രീയ മുന്നേറ്റവും നടത്തിയിട്ടുള്ളത് എന്ന ചരിത്രം നാം മറക്കരുത്. അടിയന്തരാവസ്‌ഥകളും കർഫ്യൂകളും പ്രഖ്യാപിച് ലോക രാഷ്ട്രങ്ങൾ ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ,ഇത്തരം സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെ കുറിച് നമ്മുക്ക് അറിവുണ്ടാകണം. നിരീക്ഷണത്തിനും ഒറ്റപെടലിനും വിധേയരാവാൻ അധികാരകേന്ദ്രങ്ങൾ ആവശ്യപ്പെടുമ്പോൾ എതിർപ്പൊന്നും കൂടാതെ നാം അതിന് വിധേയരാകണം. ജനാധിപത്യ രാജ്യങ്ങളിൽ നടപ്പാക്കാൻ കഴിയുമെന്ന് സ്വപ്നം കാണാൻ പോലും പറ്റാതിരുന്ന ഈ നിയന്ത്രണങ്ങൾ ,ജനങ്ങൾ സർവാത്മനാ സ്വീകരിക്കുന്നത് സാമൂഹിക വീക്ഷണത്തിൽ പൊടുന്നനെ സംഭവിക്കുന്ന മാറ്റം മൂലമാണ്. മനുഷ്യ അവകാശങ്ങളെ കുറിച്ചുള്ള ചർച്ചകൾ എല്ലാം മാറ്റി ,ഇന്ന് ലോകം മുഴുവൻ ഏകാന്തതയോടും വീട്ടുതടങ്കലിനോടും സഹകരിക്കുന്നു. വ്യക്തിഗത മാനവികത സാമൂഹിക മാനവികതക്ക് വഴി മാറി കൊടുക്കുന്നു. ഈ ചുവടു മാറ്റാൻ താമസിച്ചതിന്റെ ഫലമാണ് പടിഞ്ഞാറൻ യൂറോപ്പിലെ നിയന്ത്രണാതീതമായ കൊറോണ ബാധ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇറ്റലി. ഇറ്റാലിയൻ ജനതക്ക് ആത്മവിശ്വാസം പകരാൻ എന്ന പേരിൽ അവിടുത്തെ ഒരു പ്രധാന നേതാവ് കൊറോണ വ്യാപനത്തിന്റെ കേന്ദ്രമായ മിലാനിലേക്ക് പോവുകയും ഇറ്റാലിയൻ ജനതയോട് തങ്ങളുടെ പതിവുകൾ വൈറസിനെ പേടിച് ഉപേക്ഷിക്കേണ്ടതില്ലെന് പ്രഖ്യാപിക്കുകയും ചെയ്തു. ഇദ്ദേഹം ജനകീയ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഏതാനം ദിവസങ്ങൾക്കുളിൽ രോഗബാധിതൻ ആവുകയും ചെയ്തു. അദ്ദേഹം ചെയ്ത നിരുത്തരവാദപരമായ ഈ നിലപാട് ആത്മഹത്യപരമായി.. ഇല്ലാതാകുന്ന ആചാരങ്ങൾ മതാത്മകതയിലും സമാനതകളില്ലാത്ത മാറ്റങ്ങൾക് കൊറോണാവ്യാപനം വഴി തെളിച്ചു. പ്രകൃത്യാതീത ശക്തികളെ വരുതിയിൽ വരുത്താനൊ ,അവയുടെ പ്രീതി പിടിച്ചുപറ്റാനോ, മനുഷ്യൻ വികസിപ്പിച്ചെടുത്തവയാണ് ആചാരാനുഷ്‌ഠാ നങ്ങൾ. കാലോചിതമായ പരിഷ്‌ക്കാരങ്ങൾക്ക് മാറ്റം വരുത്താൻ മടി കാണിച്ചവരുൾപ്പടെ എല്ലാവർക്കും ,ഒറ്റ രാത്രി കൊണ്ട് തങ്ങളുടെ പതിവുകളും ആചാരങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. ആരാധനയെയും അനുഷ്‌ഠാനങ്ങളെയും മുറുകെ പിടിച്ചവർ ഏകാന്തതയുടെ ദൈവശാസ്ത്രത്തെ മുറുകെ പിടിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ആശ്വാസം - പ്രകൃതിക്ക്, മൃഗങ്ങൾക്ക് മനുഷ്യർ രോഗാതുരരായപ്പോൾ പ്രകൃതി രോഗവിമുക്തമായി മാറുന്നതാണ് നാം കണ്ടത്. അസംസ്‌കൃത വാതകങ്ങളുടെ വ്യവസായിക പുറംതള്ളൽ കുറയ്ക്കാനും, ആഗോളതാപന വർധനക്ക് പരിഹാരം കാണാനും ഇതിലൂടെ കഴിഞ്ഞു. കൊറോണ കാരണം ഏതാനം ദിവസങ്ങൾ കൊണ്ട് വൻ നഗരങ്ങളിൽ മലിനീകരണത്തോത് 25% വരെ കുറവ് വന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. ദശാബ്തങ്ങൾക്കു ശേഷം തിരികെ എത്തുന്ന മത്സ്യങ്ങളും, താഴ് വര കളിലെ ശുദ്ധമായ അന്തരീക്ഷവും ,ഡൽഹിയിലെയും ലണ്ടനിലെയും വാസയോഗ്യമായ വായുവും നമുക്ക് പ്രേതീക്ഷക്ക് വക നൽകുന്നു. അടിയന്തര ഘട്ടത്തിൽ ആഴ്ചകളോളം ലോക്ഡൗൺ നിയമങ്ങൾ പാലിക്കാൻ കഴിയുന്ന നമ്മൾക്ക് പ്രകൃതിക്ക് വേണ്ടി വർഷത്തിൽ ഒരു പ്രാവിശ്യം എങ്കിലും കർഫ്യൂ നടത്താൻ ആയാൽ പ്രകൃതിയോടും വരും തലമുറയോടും നാം ചെയ്യുന്ന നീതിയാകും അത്. ഉപസംഹാരം വൈറസിന്റെ വ്യാപനത്തെക്കുറിച്ചും അത് ഉണ്ടാക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ചും സിനിമകൾ പോലും മുൻപ് ഇറങ്ങിയിട്ടുണ്ട്. ഒടുവിൽ വാക്‌സിൻ കണ്ടെത്തി ശുഭ പര്യവസായിയായി സിനിമ അവസാനിക്കുന്നത് പോലെ ,ഈ ദുരന്തവും ശുഭ പര്യവസായിയായി തീരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം