എൽ എഫ് സി എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധ ബോധവൽക്കരണം

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധ ബോധവൽക്കരണം


നമ്മുടെ അമിതമായ പ്ലാസ്റ്റിക് ഉപയോഗവും വിഷമയമായ ഭക്ഷണരീതികളും നമ്മുടെ തലമുറയ്ക്ക് ചെറുപ്പത്തിൽ തന്നെ മാരക രോഗങ്ങൾ സമ്മാനിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിഷമയമില്ലാത്ത ഇലക്കറികളും പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇന്നത്തെ തലമുറയ്ക്ക് ഇല്ലാതായിരിക്കുന്നു. അതിനാൽ നാം തന്നെ ഉൽപാദിപ്പിക്കുന്ന വൈറസുകളെ പ്രതിരോധിക്കാനുള്ള ശക്തി നമ്മുടെ ദുർബല ശരീരത്തിന് കഴിയാതെ വരുന്നു. പിന്നെ തിരക്കേറിയ ജീവിതത്തിൽ നാം ശ്രദ്ധിക്കാത്ത വ്യക്തിശുചിത്വകുറവും അണുക്കൾ കയറാനുള്ള ശക്തി വർദ്ധിപ്പിക്കുന്നു.

മലിനീകരണങ്ങൾ ഇത്രയും വ്യാപകം അല്ലാതിരുന്ന കാലത്തെ നമ്മുടെ പൂർവികരുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും ഇന്നത്തെ തലമുറയ്ക്ക് അന്യമായിരിക്കുന്നു. അന്നത്തെ ശൈലിയും പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ഇന്നത്തെ വറുത്തതും പൊരിച്ചതുമായ ജങ്ക് ഫുഡും എണ്ണമയം കൂടിയതുമായ ഭക്ഷണരീതി ആയിരുന്നില്ല അന്ന്. അവർ തന്നെ പറമ്പുകളിൽ കൃഷിയിലൂടെ ഇവിടെ സ്വയം ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും അരിയും ആയിരുന്നു. അവ പാകം ചെയ്യുന്ന രീതിയും വ്യത്യസ്തമായിരുന്നു. ആവിയിൽ വേവിക്കുന്ന രീതിയിൽ പോഷകങ്ങൾ നഷ്ടപ്പെടാത്ത എണ്ണമയം അധികം വരാതെയുള്ള ഭക്ഷണക്രമമാണ് ഉണ്ടായിരുന്നത്. മസാലകളുടെ അമിത ഉപയോഗം ഇല്ലാതിരുന്നതിനാൽ അസുഖങ്ങളും കുറവായിരുന്നു. നല്ല രോഗപ്രതിരോധശേഷിയും ഉണ്ടായിരുന്നു. പിന്നെ നാം കോവിഡ് 19 കാലഘട്ടത്തിൽ അനുവർത്തിക്കുന്ന വ്യക്തിശുചിത്വം, സാമൂഹിക അകലം എന്നിവ അന്ന് അവർ പരിപാലിച്ചിരുന്നു. പുറത്തു പോയി വന്നാൽ വീടിന്റെ മുൻവശത്ത് വച്ചിരിക്കുന്ന കിണ്ടിയിൽ നിന്നും വെള്ളമെടുത്തു കാലും കൈയ്യും മുഖവും കഴുകുന്ന രീതി അന്ന് എല്ലാ വീടുകളിലും ഉണ്ടായിരുന്നു. അവർ പരമാവധി നടന്നാണ് യാത്ര ചെയ്തിരുന്നത്.

ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് അവയെല്ലാം പൂർണമായും സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചെങ്കിലും അനുകരിക്കാൻ നമുക്ക് ശ്രമിക്കാം. അങ്ങനെയെങ്കിലും ഇനി വരും കാലങ്ങളിൽ തുടർക്കഥ ആവാൻ പോകുന്ന മഹാമാരികൾ നമുക്കോരോരുത്തർക്കും പ്രതിരോധിക്കാൻ സാധിക്കും. ഇപ്പോഴത്തെ ഈ ലോക്ക്ഡൗണും ബുദ്ധിമുട്ടുകളും ഇനിയും ഉണ്ടാകല്ലെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. ഇതിനെ പറ്റിയുള്ള ബോധവൽക്കരണം നമുക്ക് പറ്റുന്ന വിധം തുടങ്ങാം. എല്ലാ ആശംസകളും നേരുന്നു.

സഞ്ജന പി രാജീവൻ
3 A എൽ എഫ് സി എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം