ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/ ഇത്തിരിക്കുഞ്ഞൻ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48090 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത്തിരിക്കുഞ്ഞൻ കോവിഡ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തിരിക്കുഞ്ഞൻ കോവിഡ്

കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ വൈറസിന്റെ ഭീതി ലോകത്തെ വിഴുങ്ങിയിരിക്കുകയാണ് ഇപ്പോൾ.മനുഷ്യൻറെ ആയിരത്തിലൊന്ന് പോലും വലിപ്പം ഇല്ലെങ്കിലും മനുഷ്യ നേത്രങ്ങൾ കൊണ്ട് കാണാൻ പോലും കഴിയില്ല എങ്കിലും ആ കുഞ്ഞൻ മനുഷ്യകുലത്തെ വേരോടെ പിഴുതെറിയാനാകും പോന്നതാണ്. ഇപ്പോൾ ലോകത്തുള്ള വൻകിട രാജ്യങ്ങളിലെല്ലാം ഇത് സംഹാരതാണ്ഡവം ആടുകയാണ്.ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണോ ഇത് വഴിതെളിക്കുന്നത് എന്ന് ആർക്കും പ്രവചിക്കാൻ പോലും സാധിക്കുന്നില്ല.

തങ്ങളെക്കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്ന് അഹങ്കരിച്ചിരുന്ന ശാസ്ത്രലോകം പോലും ഈ കുഞ്ഞൻറെ മുന്നിൽ മുട്ടുകുത്തി ഇരിക്കുകയാണ്. വികസന രംഗത്തും ശാസ്‍ത്ര രംഗത്തുമെല്ലാം കൊടികുത്തിവാണിരുന്ന അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത് ഒരു മഹാമാരിയായി പെയ്തിറങ്ങുകയാണ്. അവർക്കൊന്നും ഇതിൻറെ നിയന്ത്രണത്തിന് സാധിച്ചിട്ടില്ല. എങ്കിലും തങ്ങളാലാവും വിധം അവർ പിടിച്ചു നിൽക്കുന്നു. അമേരിക്കയിൽ മരണം അരലക്ഷത്തോളം ആയിരിക്കുന്നു. ലോകത്ത് മരണം രണ്ടുലക്ഷത്തോടടുക്കാൻ ആയിരിക്കുന്നു.

ഇങ്ങനെ തങ്ങളെക്കാൾ വലിയവരായി ആരുമില്ല, എന്ന് അഹങ്കരിച്ചു നടന്നിരുന്ന മനുഷ്യന് പ്രകൃതി നൽകിയ പാഠമാണ് കോവിഡ്. മനുഷ്യൻറെ ചെയ്തികൾക്കുള്ള തക്കതായ പ്രതിഫലം! പ്രകൃതിയെ തന്നെ മറന്നു വികസനത്തിന് പിന്നാലെ പായുന്ന മനുഷ്യർക്ക് നൽകിയ പാഠമാണ് കോവ്ഡ് എന്ന ഇത്തിരിക്കുഞ്ഞൻ.

കുറച്ചുനാൾ മുമ്പുവരെ നാമെല്ലാം ഇതിനെ നിസ്സാരമായാണ് കണ്ടിരുന്നത്. ചൈനക്കാർ മരണത്തോട് മല്ലടിച്ചപ്പോൾ തങ്ങൾക്ക് ഇതൊന്നും ബാധകമല്ല എന്ന് മറ്റുള്ളവർ പറഞ്ഞു. എന്നാൽ അധികം താമസിയാതെ ലോകം മുഴുവൻ പടിപടിയായി അത് വ്യാപിച്ചു.ഉല്ലസിച്ചു നടന്ന ഇറ്റലിക്കാർ അധികം താമസിയാതെതന്നെ ഇരകളായി. ഒന്നും വകവെക്കാതെ സല്ലപിച്ചു നടന്ന ചെറുപ്പക്കാരും രോഗികളായി.

എന്തിനെയും നിസ്സാരമാക്കുന്ന മനുഷ്യ സ്വഭാവമാണ് എല്ലാ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കാരണം. വരും വരായ്കകൾ ആലോചിക്കാതെയുള്ള മനുഷ്യൻറെ പ്രവൃത്തികൾ ആണ് പ്രകൃതിയെ നശിപ്പിക്കുന്നത്.നമ്മുടെ നന്മക്ക് വേണ്ടി നമ്മെ സംരക്ഷിച്ചു നിലക്കൊള്ളുന്ന ആ പ്രകൃതി മാതാവിനെ തന്നെ നമ്മൾ ചൂഷണം ചെയ്യുന്നു.ആഗോളതാപനം, ഓസോൺ പാളികളിലെ വിള്ളൽ, കാലാവസ്ഥാവ്യതിയാനം, പ്രളയം, പലതരം പ്രകൃതിദുരന്തങ്ങൾ, പിന്നെ കോവിഡ് പോലുള്ള പകർച്ച വ്യാധി അസുഖങ്ങൾ തുടങ്ങിയവ മനുഷ്യൻറെ പ്രവൃത്തികൾക്ക് പ്രകൃതി തന്ന ഉപഹാരങ്ങൾ ആണ്.

ഇനി എന്തൊക്കെയാണ് പ്രകൃതി മനുഷ്യനായി കരുതി വെച്ചിരിക്കുന്നത് എന്ന് ആർക്കറിയാം? കോവിഡ് ഭീതിയെ മനുഷ്യൻ തരണംചെയ്തു വരുമ്പോഴേക്കും ആഗോള സാമ്പത്തിക സ്ഥിതി എന്തായിരിക്കും? പഴയ കാലത്തേക്കുള്ള മടങ്ങിപ്പോക്കായിരിക്കുമോ പ്രകൃതി നമുക്ക് വിധിച്ചിരിക്കുന്നത്? അങ്ങനെയാണെങ്കിൽ വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യകൾ വെടിഞ്ഞ് മനുഷ്യന് പഴയകാല ജീവിതത്തിലേക്ക് മടങ്ങി പോകാൻ സാധിക്കുമോ?ഇങ്ങനെയുള്ള ചോദ്യങ്ങൾ ആണ് വിവേകികളായ ഓരോ മനുഷ്യന്റെയും ഉള്ളിലും പൊന്തി വരുന്നത്.

എൻറെ അഭിപ്രായത്തിൽ, ഇത്രയൊക്കെ പുരോഗമിച്ച മനുഷ്യന്പഴയകാലത്തേക്ക് തിരിച്ചുപോക്ക് ഒരിക്കലും സാധ്യമാവില്ല. കാരണം, പഴയ കാല ജീവിത രീതിയും പുതിയ കാല ജീവിത രീതിയും വളരെയധികം വ്യത്യസ്തമാണ്. എങ്കിലും കുറഞ്ഞ രീതിയിൽ വായു മലിനീകരണം കുറയ്ക്കാനും പ്രകൃതിയെ ഒരു ഹരിതഗൃഹമാക്കാനും നമ്മെ കൊണ്ട് സാധിക്കും.

ഈ കോവിഡ് മഹാമാരി യിലൂടെയെങ്കിലും മനുഷ്യൻറെ പ്രകൃതിയോടുള്ള ചൂഷണം കുറയുമായിരിക്കും.ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, പ്രകൃതിക്ക് അധികം ദോഷം ഉണ്ടാകാത്ത രീതിയിൽ ജീവിക്കാൻ നാമെല്ലാം ബാധ്യസ്ഥരാണ്.ഇത്തിരിക്കുഞ്ഞൻ കോവിഡ് പഠിപ്പിച്ച ഇത്തരം ജീവിത പാഠങ്ങൾ ലോക്ക് ഡൗണിന് ശേഷം പ്രാബല്യത്തിൽ വരുത്താൻ നമുക്കും ഗവൺമെൻറിനു കഴിയട്ടെ. നല്ലൊരു നാളേക്ക് വേണ്ടി നമുക്കെല്ലാവർക്കും പ്രവർത്തിക്കാം പ്രാർത്ഥിക്കാം…

മാളവിക പികെ
9 A ജി വി എച്ച് എസ് എസ് കീഴുപറമ്പ്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം