ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിയ്ക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാക്കി. പ്രപഞ്ച പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യകണം ഭൂമിയിൽ നാമ്പെടുത്തു. ദശലക്ഷകണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്ന് കാണുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായിമാറി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സ്വച്ഛസുന്ദരമാക്കി. വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയിലും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. ജീവജാലങ്ങളും അജീവിയ ഘടങ്ങളും കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതി എന്നു വിളിക്കാം. ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മണ്ണ്, ജലം ,വായു, കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്.
ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ച വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതു തന്നെ ഇതിനു കാരണം. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ട്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. ഒരു ജീവിയുടെ ജീവിത ചക്രവും അതിന്റെ സ്വഭാവസവിശേഷതകളും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതി വലിയ പങ്ക് വഹിക്കുന്നു. ജീവിയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. അജീവിയ ഘടകങ്ങളുമായുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്നു.ആധുനിക മനുഷ്യന്റ ഇടപടലുകൾ മൂലം പ്രകൃതിക്കൊപ്പം പരിസ്ഥിതിയും അനുനിമിഷം നശിച്ചു കൊണ്ടിരിക്കുന്നു. അതു കൊണ്ട് തന്നെ പ്രകൃതിസംരക്ഷണം അല്ലെങ്കിൽ പരിസ്ഥിതി സംരക്ഷണം ഇന്ന് പരമപ്രധാനമായ വിഷയമാണ്. ജൂൺ 5 എന്ന ദിനത്തിൽ മാത്രം നാം പരിസ്ഥിതിയെ നമ്മുടെ ഭാഗമാക്കുന്നു. വർഷത്തിൽ ഒരു ദിവസം മാത്രം നാം പരിസ്ഥിതിക്ക് വേണ്ടി ചെലവഴിക്കുന്നതിനർത്ഥമില്ല. പരിസ്ഥിതി ദിനത്തിൽ മാത്രമേ നാം പരിസ്ഥിതിയെ ഓർക്കുന്നുള്ളൂ എന്നതാണ് വാസ്തവം. പണ്ടു കാലത്ത് പരിസ്ഥിതി സംരക്ഷണം പ്രത്യേകിച്ച് ആവശ്യമുണ്ടായിരുന്നില്ല. കാരണം, പ്രകൃതിസംരക്ഷണം സമൂഹജീവിതത്തിന്റെ ഭാഗമായിരുന്നു. സൃഷ്ടിയിൽ സ്രഷ്ടാവിനെക്കണ്ട അവർ പ്രകൃതിയെയും ജീവജാലങ്ങളെയും ജീവനുതുല്യം സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു. ഈ മനോഭാവം ഒന്നുകൂടി ഉണർത്താൻ നമ്മൾ ശ്രമിക്കണം. മാതാവിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. അമ്മ, പോഷകാംശങ്ങളടങ്ങിയ ആഹാരം കഴിക്കുന്നവളും സന്തോഷവതിയുമാണെങ്കിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാലിലൂടെയും സ്നേഹവാത്സല്യങ്ങളിലൂടെയും അതിന്റെ ഗുണഫലം ലഭിക്കും. അതുപോലെ പ്രകൃതിയാവുന്ന അമ്മയുടെ ആരോഗ്യം സുരക്ഷിതമായിരുന്നാൽ നമ്മൾ ശ്വസിക്കുന്ന വായുവും കുടിവെള്ളവും ശുദ്ധവും കഴിക്കുന്ന ഭക്ഷണം പോഷകാംശമുള്ളതുമായിരിക്കും. പ്രകൃതി മലിനമാകാതെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അതിന്റെ ഗുണഫലം നമ്മുടെ ഭാവി തലമുറയ്ക്കാണ്. വെട്ടിനിരത്തലുകൾക്കെതിരേയും പാടങ്ങൾ നികത്തുന്നതിനെതിരേയും വൃക്ഷങ്ങളുടെ തലകൾ കൊയ്യുന്നതിനെതിരേയും നമ്മൾ പോരാടും നാം നമ്മളിൽത്തന്നെ പരിസ്ഥിതി നന്മയ്ക്കുള്ള ആദ്യ ചുവടുവയ്ക്കും...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം