ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssbhoothakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയും മനുഷ്യനും | color=2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയും മനുഷ്യനും

പ്രകൃതിയെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളം ആണ്. പ്രകൃതി കനിഞ്ഞുനൽകിയ ഈ സൗന്ദര്യം ഒരു അനുഗ്രഹം തന്നെയാണ്.

വർത്തമാനകാലസമൂഹത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പരിസ്ഥിതിയും വികസനവും. വികസനവുമായിബന്ധപ്പെടുത്തി പരിസ്ഥിതി പലപ്പോഴും ചർച്ചാവിഷയമാകുന്നു. നാമാവശേഷമാകുന്ന കാവുകൾ, രാക്ഷസയന്ത്രങ്ങളാൽ വിഴുങ്ങപ്പെടുന്ന മലകളും കുന്നുകളും, മഴമേഘങ്ങൾ അകന്നുപോയ ആകാശം, ഭൂമിയുടെ ചോര പോലെ മെലി‍ഞ്ഞൊവുകുന്ന പുഴകൾ ഇതൊക്കെയാണ് ഇന്നിന്റെ യാഥാർഥ്യങ്ങൾ. പല സസ്യജന്തുജാലങ്ങളും എന്നെന്നേക്കുമായി ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ലോകപരിസ്ഥിതിദിനം ആചരിച്ചുവരുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോകപരിസ്ഥിതിദിനത്തിന്റെ കാതൽ. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

ഭൂമിയിലെ ചൂട് വർധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വർധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ വർഷവും വ്യാപിക്കുന്നത് ഏതാണ്ട് 2300 കോടി ടൺ കാർബൺ ഡൈ ഓക്സൈഡാണ്. ഇതിൽ 97 ശതമാനത്തോളം വികസിതരാജ്യങ്ങളുടെ സംഭാവനയാണ്. ഇവിടെയാണ് മരങ്ങളുടെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. ഒരു മരം നടുമ്പോൾ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതിന് ഒരു ചുവട് വയ്ക്കുകയാണ് നാം. സസ്യങ്ങൾ അന്നജം നിർമ്മിക്കാൻ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഓക്സിജൻ പുറന്തള്ളുകയും ചെയ്യുന്നു എന്ന വസ്തുത എല്ലാവർക്കും അറിവുള്ളതാണ്.

ദൈവം നമുക്കു തന്ന വരമാണ് ഈ പ്രകൃതി. അതിനെ മാലിന്യം കൊണ്ടു നിറയ്ക്കാതെ, വനനശീകരണം നടത്താതെ, കുന്നുകൾ ഇടിച്ചുനിരത്താതെ, നീരുറവകളും വയലുകളും നശിപ്പിക്കാതെ നമുക്ക് സംരക്ഷിക്കാം....വരും തലമുറകൾക്കായി.

അഭിരാമി. എ.
8 G ഗവ.ഹയർ സെക്കന്ററി സ്കൂൾ, ഭൂതക്കുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം