സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/പ്രകൃതി എന്ന ജനനി
പ്രകൃതി എന്ന ജനനി
ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് പരിസ്ഥിതി സംരക്ഷണം.നമ്മുടെ സൗകര്യത്തിന് വേണ്ടി നാം പ്രകൃതിയെ നശിപ്പിക്കുന്നു.പ്രകൃതിയെ നശിപ്പിച്ച് നമ്മുടേതായ വികസനം നടത്തുന്നു.ഇതാണോ വികസനം❓പ്രകൃതിയെ ചേർത്ത് പിടിച്ച്,അതിനെ സംരക്ഷിച്ച് നല്ല രീതിയിൽ ജീവിക്കുന്നതാണ് വികസനം.നമ്മൾ വികസിപ്പിക്കേണ്ടത് ഈ ലോകത്തെ അല്ല , നമ്മുടെ ചിന്തകളാണ്. നമ്മൾ നമ്മുടെ സൗകര്യങ്ങൾ കണക്കാക്കി മലകൾ ഇടിച്ചു താഴ്ത്തുന്നു,മരങ്ങൾ വെട്ടി മുറുക്കുന്നു, മാലിന്യ പുക പുറത്തുവിടുന്നു, രാസവിഷങ്ങൾ മണ്ണിലേക്കും വെള്ളത്തിലേക്കും പുറന്തള്ളുന്നു. ഇങ്ങനെയെല്ലാം പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ പ്രത്യുപകാരം നമുക്ക് ലഭിക്കുന്നുമുണ്ട്.പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിക്കുമ്പോൾ അതിന്റെ പാർശ്വഫലങ്ങൾ നമ്മളല്ല,നമ്മുടെ വരും തലമുറകൾ ആണ് അനുഭവിക്കുക. ഇപ്പൊൾ നമ്മൾ അനുഭവിച്ച വെള്ളപൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിങ്ങനെ പലതും പരിസ്ഥിതിയെ നശിപ്പിക്കുന്നതിന്റെ പാർശ്വ ഫലങ്ങളാണ്.ഇങ്ങനെ പ്രകൃതിയെ നശിപ്പിക്കുന്ന നമ്മളിൽ ചിലർ കാരണം അവർ മാത്രമല്ല, പാവം നിരപരാധികൾക്ക് കൂടിയാണ് അവരുടെ ജീവിതം നഷ്ടമാകുന്നത്. അതുകൊണ്ട് നമ്മുടെ വളർന്നു വരുന്ന പിഞ്ചോമനകളെ ഓർത്തുകൊണ്ട് നമുക്ക് മാറാം, അതിജീവനത്തിന്റെ മാറ്റത്തിലേക്ക്. കുറെ മരങ്ങൾ നട്ടുവളർത്തിയും, മലകൾ ഇടിച്ചു താഴ്ത്താതെയും, രാസവിഷം ജലത്തിലേക്കും സ്വർണ്ണം കൊയ്യുന്ന മണ്ണിലേക്കും പുറന്തള്ളാതെ , വാഹനങ്ങൾ അനാവശ്യത്തിന് ഉപയോഗിക്കാതെ , പ്രകൃതിയുടെ മക്കളായ നമ്മൾ കൈകൾ ചേർത്തു പിടിച്ച് അമ്മയായ പ്രകൃതിയെ ആദ്യത്തെ സ്വർഗ്ഗഭൂമിയാക്കി മാറ്റാം. നമ്മുടെ ഈ ചെറിയ മാറ്റങ്ങളിലൂടെയും ഒഴുവാക്കലുകളിലൂടെയും നമുക്ക് കോടിക്കണക്കിന് ജീവനുകൾ രക്ഷിക്കാം. നമ്മുടെ പരിസ്ഥിയും പ്രകൃതിയും നമുക്ക് വേണ്ടതെല്ലാം തന്ന് വിശ്രമമില്ലാതെ നമ്മെ പരിപാലിച്ചു. ഇനി നമ്മുടെ അവസരമാണ്. നമുക്ക് ഒന്നിക്കാം, പ്രകൃതിയെ സംരക്ഷിച്ച് നമ്മുടെ ജനനിയ്ക്ക് കുറച്ച് വിശ്രമം നൽകാം. പ്രകൃതിക്കും വേണ്ടേ വിശ്രമം.
|