ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

"മോനെ മോനെ", പതിവില്ലാത്ത അമ്മയുടെ വിളികേട്ട് അച്ചു ചാടിയെഴുന്നേറ്റു .അമ്മയ്ക്ക് എന്തോപറ്റി എന്ന് വിചാരിച്ച് അവൻ മുറിയിൽ നിന്ന് പുറത്തിറങ്ങി. "മോനേ നിങ്ങളുടെ പരീക്ഷ എല്ലാം മാറ്റിവെച്ചു " , അമ്മ പറഞ്ഞു. "എന്താ അമ്മേ എന്താ പറ്റിയെ ? " " അച്ച‍ൂ ..... കൊറോണ കേരളത്തിലുമെത്തി അതുകൊണ്ടാ മോനെ..... " . വളരെ സന്തോഷത്തോടെ അവൻ കളിക്കാനായി പുറത്തേക്ക് ഓടി. കളി കഴിഞ്ഞു വന്ന അച്ചുവിനെ വിളിച്ചിരുത്തിഅമ്മ പറഞ്ഞു. " മോനെ ഇനി നീ കളിക്കാൻ ഒന്നും പോകേണ്ട . കൂട്ടം കൂടി നിൽക്കാനോ കളിക്കാനോ പുറത്തിറങ്ങി നടക്കാനോ പാടില്ലെന്നാണ് സർക്കാർ പറയുന്നത് . ഈ രോഗം സ്പർശനത്തിലൂടെയും സമ്പർക്കത്തിലൂടെയും ആണ് പകരുന്നത് . അതുകൊണ്ട് ഇനി കളിക്കാൻ ഒന്നും പോകേണ്ട ".ഇത് കേട്ടപാടെ തന്നെ അച്ചു അമ്മയോട് പറഞ്ഞു. "ഹോ ഒരു കൊറോണയും ഒരു സർക്കാരും പുറത്തിറങ്ങരുത് പോലും, ഞാൻ കളിക്കാൻ പോകുവാ". പുറകിൽ നിന്നുള്ള അമ്മയുടെ വിളിക്ക് ചെവി കൊടുക്കാൻ കൂട്ടാക്കാതെ അവൻ തൻെറ ഉറ്റസുഹൃത്തായ അഭിയുടെ വീട്ടിലേക്ക് ഓടി.

" അഭീ ,അഭീ വാടാ നമുക്ക് കളിക്കാം ". അഭി വാതിൽ തുറന്ന് പുറത്തിറങ്ങാതെ അച്ചുവിനോട്പറഞ്ഞു ." എടാ നീ പത്രം ഒന്നും വായിച്ചില്ലേ ? .. ആരോടും കുറച്ചുദിവസത്തേക്ക് പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട് ഞാനില്ല.... എനിക്ക് പേടിയാ.....". "ഓ അവൻറെ ഒരു രോഗപ്രതിരോധം". പുച്ഛത്തോടെ അഭിക്ക് മറുപടി നൽകിയ ശേഷം അവൻ കളി സ്ഥലത്തേക്ക് പാഞ്ഞു. കുറേ നേരത്തെ കളിക്കു ശേഷം തിരിച്ച് വീട്ടിലെത്തിയപ്പോൾ അവനെ സ്വീകരിച്ചത് അമ്മയുടെ ശകാരവാക്കുകൾ ആയിരുന്നു . " നിന്നോടല്ലേ ഞാൻ പറഞ്ഞത് കളിക്കാൻ പോകരുതെന്ന് കൈയും മുഖവും സോപ്പിട്ടു കഴുകിയിട്ട് അകത്തു കയറിയാൽ മതി ". അമ്മയുടെ വാക്കുകൾ അനുസരിക്കാതെ അവൻ വീടിനകത്ത് കയറി ടെലിവിഷനു മുന്നിൽ സ്ഥാനം ഉറപ്പിച്ചു. ഈ പതിവ് അവൻ എന്നും തുടർന്നുകൊണ്ടിരുന്നു .

കുറച്ചു ദിവസങ്ങൾക്ക് ശേഷം രാവിലെ എന്നും ചായക്ക് ഉണരാറ‍ുള്ള അച്ചുവിനെ കാണാതായപ്പോൾ അമ്മ മുറിയിൽ ചെന്നു. പനിയും ചുമയും ആയി മൂടിപ്പ‍ുതച്ച് കിടക്കുന്ന അച്ചുവിനെ ആണ് അവിടെ അമ്മയ്ക്ക് കാണാൻ സാധിച്ചത്. ഒട്ടും താമസിക്കാതെ അച്ച‍ുവിനേയും കൊണ്ട് മാതാപിതാക്കൾ ആശുപത്രിയിലേക്ക് ഓടി. പനിയുടെ കാഠിന്യം നിമിത്തം ഡോക്ടർ അച്ചുവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കുറച്ചു ദിവസങ്ങൾക്കു ശേഷം അവർക്ക് മനസ്സിലായി ....അച്ചുവിന് കൊറോണ എന്ന രോഗം പിടിപെട്ടു എന്ന്.

ദിവസങ്ങൾ നീണ്ടുനിന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും കഠിനപ്രയത്നം മൂലം അച്ചു രോഗ വിമുക്തനായി. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആകുന്നതിനു മുമ്പ് ഡോക്ടർ അച്ചുവിനെ വിളിച്ച് അടുത്തിരുത്തി പറഞ്ഞു . " മോനു അസുഖം വരാൻ കാരണം ശ്രദ്ധ കുറവ് തന്നെയാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം എന്നുമുള്ള പ്രതിരോധമാർഗങ്ങൾ എപ്പോഴും മാതാപിതാക്കളിൽ നിന്നും ടിവിയിൽ നിന്നും പത്രങ്ങളിൽ നിന്നും എല്ലാം അറിയുന്നുണ്ടല്ലോ. അതൊന്നും വകവയ്ക്കാതെയും അംഗീകരിക്കാതെയും അനുസരിക്കാതെയും പുറത്തിറങ്ങി നടന്നത് കൊണ്ടാണ് അച്ചുവിന് ഈ രോഗം പിടിപെട്ടത്. ഇനി മോൻ മുതിർന്നവർ പറയുന്നത് അനുസരിക്കുകയും എല്ലാ രോഗങ്ങളെയും ഗൗരവമായി കാണുകയും രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും വേണം ". ഡോക്ടറുടെ ഉപദേശം കേട്ട് അച്ചുവിൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. " രോഗപ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞാൻ അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഈ രോഗം വരുമായിരുന്നില്ല " . ഇനി എല്ലാ നിർദ്ദേശങ്ങളും ഞാൻ അനുസരിക്കും എന്ന ദൃഢനിശ്ചയത്തോടെ അവൻ ആശുപത്രിയുടെ പടിയിറങ്ങി .വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ തൻറെ ജീവൻ രക്ഷിച്ച ഡോക്ടർമാരും നഴ്സുമാരും പടിവാതിൽക്കൽ നിൽക്കുന്ന സന്തോഷകരമായ ദൃശ്യം മനസ്സിൽ പതിഞ്ഞു.

അലൻ തോമസ്
10 B ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
സ‍ുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ