ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ അടയാളം

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ അടയാളം

വേനൽമഴ മണ്ണിന്റെ മാറിലേക്ക് പെയ്തിറങ്ങുമ്പോഴും എന്റെ മനസ്സിൽ തീയായിരുന്നു. ആളിക്കത്തുന്ന തീ. ആ കുടുസു മുറിയുടെ ഒരറ്റത്ത് വെച്ചിരിക്കുന്ന ടിവിയിൽ നിന്നും കേൾക്കുന്ന വാർത്തയൊന്നും എന്റെ മനസ്സിനെ ശാന്തമാക്കുന്നതായിരുന്നില്ല. പേടിപ്പെടുത്തുന്ന വാക്കുകൾ കേട്ടതുകൊണ്ടാവണം കട്ടിലിൽ കിടക്കുന്ന അമ്മയുടെ മിഴികൾ എന്നെ തേടിയത്. മാളു ഉമ്മറത്ത് മഴ നോക്കി നിൽക്കുന്നുണ്ട്. ഉമ്മറം എന്ന് പറയത്തക്ക ഒന്നുമില്ല ഒരു ഒറ്റമുറി , അതിലാണ് ജീവിതം. കിടപ്പും പാചകവും എല്ലാം ആ നാലു ചുവരുകൾക്കള്ളിൽ. പുറത്ത് കുറച്ചു നീങ്ങി കളിമുറി.

അടുപ്പത്ത് അരി തിളച്ചു മറിയുന്നുണ്ട്. ഞാൻ അത് ഇറക്കി വെച്ചു. രാത്രിയ്ക്കുള്ള കഞ്ഞി ആയി. ചമ്മന്തിയുണ്ടാക്കണം. ഇന്ന് അങ്ങനെ നീങ്ങും . നാളെ? അരിക്കലത്തിൽ ഇനി ഒരരി ബാക്കിയില്ല. കൈയിൽ ബാക്കിയായി ഉണ്ടായതു കൊണ്ടു വാങ്ങിയതെല്ലാം തീരുകയാണ്, അമ്മയുടെ മരുന്നും. ഇനി അച്ചു വരണം , ആഴ്ചയിൽ ഉള്ള അവന്റെ വരവും മുടങ്ങിയല്ലോ', ചിന്തകൾക്ക് ഭംഗം വരുത്തിക്കൊണ്ട് മാളു ഓടി വന്ന് എന്റെ കൈ പിടിച്ച് വാതിൽക്കലെത്തിച്ചു.

മഴയെ തലോടി വരുന്ന തണുത്ത കാറ്റ് എന്നെ വന്നു പൊതിഞ്ഞു. ഞാൻ ആ കട്ടിളപ്പടിയിൽ സ്ഥാനം ഉറപ്പിച്ചു. അവൾ എന്റെ മടിയിലും. ആറു വയസുള്ള അവളുടെ കുസൃതികളാണിപ്പോ ഈ വീടിന്റെ ജീവൻ. എന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് അവൾ എന്നോട് ചോദിച്ചു "അമ്മേ എന്താ അച്ചേട്ടൻ വരാത്തത്  ?" അവളുടെ ചോദ്യം കേട്ടതും എന്റെ കണ്ണുകളിലേക്ക് തറച്ചു കയറിയത് അമ്മയുടെ ദയനീയമായ നോട്ടമാണ്. അവളോട് എന്ത് പറയും എന്നറിയില്ല അവൾക്കെന്ത് മനസ്സിലാവും ?എന്റെ മറുപടി മൗനമായപ്പോൾ അവൾ കൂടുതൽ ഒന്നും ചോദിച്ചില്ല.

ഞാൻ മഴയെ നോക്കിയിരുന്നു. മണ്ണിലേക്ക് വീണ് ചിന്നിച്ചിതറുന്ന മഴത്തുള്ളികൾ എന്നിൽ ഉണർത്തിയത് മൂടി വെച്ച പഴമയുടെ വേദനകൾ ആണ്. ഇന്നലെ പ്രളയം ആയിരുന്നു, ഇന്നത്തെ വില്ലൻ വൈറസ്: "അതിജീവനം നമുക്ക് സാധ്യം "ഇന്നത്തെ പ്രത്യാശ , കേരളം ഞെട്ടിത്തരിച്ചു പോയ ആർത്തലച്ചു വന്ന ആ പ്രളയത്തിൽ നിന്ന് കേരള ജനത കരകയറിയെങ്കിലും എന്റെ ജീവിതതാളം എനിക്ക് നഷ്ടമായ ആ ദിനങ്ങൾ. വെള്ളത്തിൽ നിന്നും ആളുകളെ രക്ഷപ്പെടുത്താനും മണ്ണിടിച്ചിലിൽ സഹായമാകാനും തന്റെ കൈത്താങ്ങ് , ആ ഇല്ലായ്മയിലും ലോറി ഡ്രൈവറായ എന്റ കൃഷ്ണേട്ടൻ, കുത്തിയൊഴുകി താണ്ഡവമാടിയ ആ മണ്ണിടിച്ചിലിൽ..... അവസാനമായി ആ മുഖം ഒന്ന് കാണാൻ പോലും പറ്റിയില്ല. ആ പ്രളയകാലം എനിക്ക് തന്ന സമ്മാനം അതായിരുന്നു. എന്റെ ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ട ആ നിമിഷം ...ഉണങ്ങാത്ത മുറിവുകൾ ..... മറ്റുള്ളവരുടെ പാത്രം കഴുകി ജീവിക്കുന്നു എന്നത് എന്റെ കൃഷ്ണേട്ടൻ ഒട്ടും ഇഷ്ടപ്പെടില്ല എനിക്കറിയാം. മാളൂട്ടിയെ നന്നായി പഠിപ്പിക്കണം എന്നെ പാത്രം കഴുകാൻ വിടരുത് ഇതൊക്കെയാണ് മൂത്ത മകൻ അച്ചുവിന്റെ സ്വപ്നം. അവൻ ആശുപത്രിയിൽ കമ്പോണ്ടർ ജോലിക്ക് കയറി. അവനെക്കുറിച്ച് എന്തൊക്കെ പ്രതീക്ഷകളായിരുന്നു അവന്റെ അച്ഛന് എന്തു ചെയ്യാൻ. എന്റെ കഷ്ടപ്പാടിൽ മോൻ സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കിയപ്പോൾ ആഗ്രഹങ്ങൾ വിധിക്ക് വിട്ടു. ഇപ്പോൾ കുട്ടി വന്നിട്ട് ദിവസങ്ങൾ കഴിഞ്ഞു. അവിടെ ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗം എന്ന് ടിവിയിൽ കാണിക്കുന്നുണ്ട്. ഈശ്വരാ എന്റെ കുട്ടി.,,,,,

മാളുവിന്റെ കൈകൾ എന്റെ ചുടുകണ്ണീർ തുടച്ചു നീക്കിയപ്പോൾ ആണ് ഇന്നിന്റെ യാഥാർത്ഥ്യത്തിൽ എത്തിയത്. ഒരു ദീർഘനിശ്വാസം എന്നെ ഉഷാറാക്കി. വരാൻ ഉള്ളത് എവിടേം തങ്ങില്ലല്ലോ അതിജീവനത്തിന്റെ ഓരോ കഥയും എനിക്ക് തന്നിട്ടുള്ളത് ഉണങ്ങാത്ത മുറിവുകൾ മാത്രം. ഇപ്പോൾ എന്റെ സങ്കടങ്ങൾക്കല്ല ലോകത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം. ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ ഈ ചെറു കൂരയിലെ ഞാൻ എന്നാ ലാവുന്നത് ചെയ്യും. "ഒരു കൈത്താങ്ങ് വല്യ കാര്യണ് പെണ്ണേ" കൃഷ്ണേട്ടന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നു. ഈ സമയവും കടന്നു പോകും. എന്റെ ജീവിതം എന്നെ പഠിപ്പിച്ച ഒരു വലിയ പാഠമാണിത്. ഒരു പ്രാർത്ഥനയേ ഉള്ളൂ. ഈ മഹാമാരിയുടെ കലാശക്കൊട്ട് കഴിഞ്ഞാൽ ഒരു മനസ്സിലും ചോര പൊടിയാതിരിക്കട്ടെ സമൂഹം അറിയാത്ത ഞങ്ങളെ പോലെ ഒരു നേരത്തെ അരിക്കു പോലും ദിവസക്കൂലി ആശ്രയിക്കുന്നവരും ഉണ്ട് ഈ ആപത്ഘട്ടത്തിൽ. എത്ര ദിവസമായി പണിക്ക് പോയിട്ട്.

കൈയിൽ ഒരു ഐ ഫോണും, ഒരു ഫോൺ വിളിയിൽ സാധനങ്ങൾവീട്ടുമുറ്റത്ത് എത്തുന്ന യജമാനന്മാർക്ക് ഈ ലോക്ക് ഡൗൺ ഒന്നും ഒരു കാര്യം ആയിരിക്കില്ല. പക്ഷേ ഞങ്ങൾക്കോ? എങ്കിലും ഈ രാജ്യത്തിനു വേണ്ടി ലോകത്തിനു വേണ്ടി നാം ഓരോരുത്തർക്കക്കും വേണ്ടി സഹകരിക്കും രാജ്യത്തെ പൗരൻ കൃഷ്ണേട്ടന്റെ വാക്കുകൾ.... അടച്ചു വച്ച മിഴികൾ ഞാൻ പതിയെ തുറന്നു. ണ്ണിൽ ചുവപ്പു പടർന്നതുകൊണ്ടാവണം കാഴ്ചകൾ മങ്ങിയത്.

അമ്മയുടെ ചുമ എന്നെ ഉണർത്തി. കുപ്പിയിലെ അവശേഷിക്കുന്ന മരുന്നു കൂടി അമ്മയ്ക്കു കൊടുത്തു എന്റെ ജീവിതം ഇനിയും ബാക്കിയാണ്. അതിജീവനത്തിന്റെ അടയാളമായി .... കൈകോർത്തു നിന്നാൽ എന്തു സാധിക്കും എന്നു തെളിയിച്ച നമുക്ക് ഈ കൊറോണക്കാലത്തെയും മറികടക്കാൻ പറ്റും എന്നതിൽ ഒരു സംശയവും ഇല്ല. ആ തണുപ്പുള്ള രാത്രിയിൽ ചൂടുള്ള കഞ്ഞി കോരിക്കുടിക്കുമ്പോഴും ഒരു നല്ല നാളെയുടെ ചിത്രം പ്രതീക്ഷയോടെ മനസ്സിൽ ഉണ്ടായിരുന്നു.

ആതിര ദാസ്
10C ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ