സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കൊറോണയെ നാം അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ നാം അതിജീവിക്കും <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ നാം അതിജീവിക്കും

കൊറോണ എന്ന മഹാമാരി ആദ്യമായി ലക്ഷ്യം ഉറപ്പിച്ചത് ചൈന എന്ന രാജ്യത്താണ്.കൊറോണ എന്ന രോഗം ഒരു മഹാമാരിയായി മാത്രം കണക്കാക്കപ്പെടേണ്ടത് അല്ല . മനുഷ്യനിൽ മനുഷ്യൻ തന്നെ രൂപാന്തരീകരണം വരുത്താനുള്ള ഒരു അവസരം കൂടിയാണ് ഇത്.ഞാൻ അഭിമാനത്തോടെ പറയും നിരവധി ദുരന്തങ്ങളും അപകടങ്ങളും പ്രതിസന്ധി സൃഷ്ടിച്ചു എങ്കിലും അതിനെല്ലാം ജാതിമതഭേദമില്ലാതെ ജനത ഒറ്റക്കെട്ടായി പ്രതിരോധിച്ചു .കൊറോണ എന്ന മഹാമാരിയും നാം അപ്രകാരംതന്നെ പ്രതിരോധിക്കും .രാജ്യങ്ങളെല്ലാം ഒരുമിച്ചു നിന്ന് ലോകത്തെ നാം രക്ഷിക്കും .ഇതുവരെ ഒരു മഹാമാരിയും, ദുരന്തവും മനുഷ്യനെ കീഴടക്കിയതായി നാം കേട്ടിട്ടില്ല.ഇനി നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നീങ്ങേണ്ട സമയം,ഇന്ത്യയുടെ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട സുവർണദിനങ്ങൾ.ഒരു ഉത്തരവാദിത്വബോധമുള്ള ഇന്ത്യൻ പൗരൻ എന്ന നിലയിൽ പ്രവർത്തിക്കേണ്ട സമയം. ഒരു വ്യക്തിയുടെ അനാസ്ഥ നമ്മുടെ ഗ്രാമത്തെ, പട്ടണത്തെ,ജില്ലയെ, സംസ്ഥാനത്തെ എന്തിനുപറയുന്നു നമ്മുടെ രാജ്യത്തിനു തന്നെ ദോഷം സൃഷ്ടിച്ചേക്കാം

.ഒരു വിദ്യാർത്ഥി എന്ന നിലയിൽ എന്നെ പോലുള്ള അനേകം വിദ്യാർത്ഥികളുടെ പ്രാർത്ഥനയും പ്രവർത്തനങ്ങളുമെല്ലാം ലോകജനതകൾക്ക് വേണ്ടി ഈ സമയം ഞങ്ങൾ സമർപ്പിച്ചിരിക്കുകയാണ്.ഞങ്ങൾ വിദ്യാർത്ഥികൾ മാത്രമല്ല ഇന്ത്യയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തന്ന സ്വാതന്ത്ര്യസമരസേനാനികളുടെയും, മഹാന്മാരുടെയും അതിലുപരി ഇന്ത്യ എന്ന രാജ്യത്തിന്റെ സ്വന്തം പുത്രർ തന്നെ.കൊറോണ എന്ന മഹാമാരിയെ പ്രതിരോധിച്ചു കൊണ്ട് ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് മാതൃകയാകും.അതിനായി നമുക്ക് ജാഗ്രതയോടെ ജീവിക്കാം.നാളത്തെ ഐക്യത്തിനായി ഇന്ന് നമുക്ക് അകലം പാലിക്കാം.

കൊറോണ എന്ന മഹാമാരിയിൽ സാധാരണക്കാരുടെ മാത്രമല്ല ഇടത്തരക്കാരുടെയും സമ്പന്നരുടെയും ജീവിതംപോലും താളം തെറ്റിയിരിക്കുന്നു.ദിവസവരുമാനക്കാർ ഇപ്പോൾ സർക്കാരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. നികുതിവരുമാനം പോലും നിലച്ചിരിക്കുന്നു.രോഗപ്രതിരോധത്തിന് തന്നെ പണം കണ്ടെത്താൻ സർക്കാരുകൾ നെട്ടോട്ടമോടുന്നു.ഒരു സംസ്ഥാനത്തിനും രാജ്യത്തിനും മാത്രമുള്ള അവസ്ഥയല്ല ഇത് ലോകരാജ്യങ്ങളുടെ അവസ്ഥയാണ്.ഇതൊരു ആഗോള പ്രതിസന്ധി തന്നെയാണ് .നമ്മളാരും ഇത്തരമൊരു പ്രതിസന്ധി നേരിട്ടിട്ടില്ല.ഇത് എല്ലാ ദുരന്തങ്ങളെയും മഹാമാരികളെയും കീഴടക്കാൻ സാധിക്കും എന്നതിനുള്ള ഒരു അവസരംകൂടിയാണ്.

ലോക രാജ്യങ്ങളുടെ ചരിത്രത്തിൽ എഴുതപ്പെടേണ്ട ദിനങ്ങളിൽ ഒന്നായിരിക്കും പ്രതിരോധിക്കുന്ന ആ ദിനം.കൊറോണ എന്ന രോഗത്തെ നാം പ്രതിരോധിക്കും.ആ യുദ്ധത്തിൽ വിദ്യാർത്ഥികളായ ഞങ്ങളും പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളായ ഞങ്ങൾ ചെയ്യുന്ന കൊച്ചു കൊച്ചു നന്മനിറഞ്ഞ പ്രവർത്തികൾ മറ്റുള്ളവരുടെ ജീവിതങ്ങളിൽ സ്നേഹത്തിനും ആശ്വാസത്തിനും വെളിച്ചം പകരുന്നു എങ്കിൽ ഞങ്ങൾ ഇനിയും പ്രയത്നിക്കും.കുട്ടികളായ ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് എല്ലാം ഞങ്ങൾ ചെയ്യും.സാധ്യമല്ലാത്തത് പരിശ്രമംകൊണ്ട് സാധ്യതയിലേക്ക് പരിണമിപ്പിക്കും.

ഇന്ത്യയിലെ ജനങ്ങൾ ഐക്യത്തോടെ ഒറ്റക്കെട്ടായി നിന്ന് ശക്തിയിലും സ്നേഹത്തിലും നാം ആ മഹാമാരിയെ കീഴടക്കും. ഒരിക്കലും നാം തളരരുത്, തളർന്നാൽ ഇന്ത്യയിലെ പൗരന്മാർക്കായി ജീവൻ ത്യജിച്ച മഹാന്മാരും അവിടെ തോൽക്കുകയാണ്.നാം ജയം കാണുന്നത് വരെ ആ രോഗത്തോട് യുദ്ധം ചെയ്യും. തോൽവിയിലും ജയം ഒളിഞ്ഞിരിപ്പുണ്ട്.ഏറ്റവും നല്ല ഉദാഹരണമാണ് എ.പി.ജെ അബ്ദുൽ കലാം തൻറെ പതിനെട്ടാമത്തെ വിക്ഷേപണത്തിലാണ് അദ്ദേഹം വിജയം കണ്ടത്. അതുപോലെ,വിജയം കാണുന്നത് വരെ നമുക്ക് പോരാടാം. നാളത്തെ ഐക്യത്തിനായി ഇന്ന് അകലം പാലിക്കാം.

അനാമിക മരിയ ജോൺ
10 A സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം