ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര/അക്ഷരവൃക്ഷം/ഈ നൂറ്റാണ്ടിലെ സുന്ദരനായ കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഈ നൂറ്റാണ്ടിലെ സുന്ദരനായ കൊല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ നൂറ്റാണ്ടിലെ സുന്ദരനായ കൊലയാളി

ആരും ഒന്ന് തൊടാൻ കൊതിക്കുന്നത്ര ഭംഗിയുള്ള രൂപം, അതാണ് കൊറോണ വൈറസ്. വൈറസ് കുടുംബത്തിലെ പേരുകേട്ട ഒരംഗം. വൈക്കം മുഹമ്മദ് ബഷീറിൻെറ ഭാഷയിൽ പറഞ്ഞാൽ നമ്മളെ എല്ലാവരേയും പോലെ ഈ പ്രകൃതിയിലെ ഒരു അവകാശി. പക്ഷേ ഇവനെ നമ്പാൻ കൊള്ളില്ല. ഇവൻ മനുഷ്യവംശത്തെ വേരോടെ പിഴുതെറിയാൻ ലോകത്ത് അവതാരമെടുത്ത ഒരു വില്ലനാണ്. ഇവനെ നമുക്ക് തുരത്തണം. അതിനായി നമുക്ക് പ്രയത്നിക്കാം. ആരോഗ്യപ്രവർത്തകരുടെ നി‍ർദ്ദേശങ്ങൾ പാലിക്കാം.

മ‍ൃഗങ്ങളുടെ ആന്തരീക അവയവങ്ങളിൽ ആണ് ഈ വൈറസ്സുകളുടെ ആവാസം. അങ്ങനെ ഒരു കാലത്ത് ചൈനയിലെ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കു‍ഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു നമ്മുടെ കഥാനായകൻ. നമുക്ക് ഇവനെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയില്ല. അവൻ ഒരു സൂഷ്മാണുവാണ്.

വവ്വാൽ, എലി, പെരുച്ചാഴി, പന്നി, എന്നീ ജീവികളെയാണ് ഇവ‍ർ ആഥിതേയ ജീവികൾ ആയി സാധാരണ തിരഞ്ഞെടുക്കാറുള്ളത്. ഈ ജീവികളുടെ വയറ്റിലാകുമ്പോൾ ശല്യമില്ല, വൈറസുകൾക്ക് സ്വസ്ഥമായി കഴിയാമല്ലേ. ഇവയ്ക്ക് പുറത്ത് ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ല, ചത്തുപോകും. മൃഗങ്ങളിൽ ജീവിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ മനുഷ്യരിലാകുമ്പോൾ കൊലയാളിയാകുന്നു.

ഒരു ദിവസം ചൈനയിലെ ഒരു കാട്ടിലിൽ ഒരു വേട്ടക്കാരൻ വന്നു വേട്ടയാടി. അയാൾ ഒരുപാട് ജീവികളെ വേട്ടയാടികൊണ്ടുപോയി. അതിൽ നമ്മുടെ കുഞ്ഞുവൈറസ് താമസിച്ചിരുന്ന പന്നിയും ഉണ്ടായിരുന്നു. എല്ലാജീവികളെയും കൂടി ഒരു ലോറിയിൽ അയാൾ വിഹാനിലെ മാർക്കറ്റിൽ കൊണ്ടു പോയി വിറ്റു. പച്ചമാംസത്തിൻെറ രൂക്ഷഗന്ധമുള്ള മാർക്കറ്റ്. ഇതൊന്നും കു‍ഞ്ഞുവൈറസ് അറിഞ്ഞില്ല. ചൈനക്കാരുടെ ഇഷ്ടവിഭവമാണല്ലോ കാട്ടുപന്നി. തൊലിയുരിച്ചു മസാല പുരട്ടി കമ്പിയിൽ കോർത്ത് വറുത്തെടുക്കും. കൂടെ വൈറസും ചാമ്പലാകും. പക്ഷേ വൈറസിൻെറ ഭാഗ്യത്തിന് ചൈനക്കാരൻ പന്നിയുടെ വയറ് കീറിയതും ഉടൻ വൈറസ് അയാളുടെ വിരലിൽ കയറിപറ്റി. അയാൾ കൈകൊണ്ട് മൂക്ക്ചൊറിഞ്ഞപ്പോൾ കുട്ടി വൈറസ് ശ്വാസനാളം വഴി ശ്വാസകോശത്തിൽ എത്തി. ഇനി 14 ദിവസം സമാധി ആണ്. ഈ സമാധിയിൽ ആണ് അവർ പെറ്റുപെരുകുന്നത്. ഈ സമയങ്ങളിൽ ഒന്നിൽ നിന്ന് 2 ആവും. അങ്ങനെ ആയിരത്തിൽ നിന്ന് 10000 ആകാനും അവർക്ക് ഈ 14 ദിവസം ധാരാളം മതിയാവും. അങ്ങനെ ഈ വൈറസ് ചൈനക്കാരിൽ പടർന്നു പിടിക്കാൻ തുടങ്ങിയത് 2019 ഡിസംബർ 31നാണ്.

കുഞ്ഞു വൈറസ് ശരീരത്തിൽ കടന്ന് ഏതാനും ദിവസങ്ങളിൽ ചൈനയിലെ ഇറച്ചിവെട്ടുകാരന് പനിയും ചുമയും ശ്വാസതടസ്സവും ഒക്കെ തുടങ്ങി. ഇതിനിടയിൽ കുഞ്ഞു വൈറസിൻെറ പുതുതായി വിരിഞ്ഞ കുഞ്ഞുങ്ങൾ ചൈനക്കാരൻെറ ഭാര്യയുടേയും അയൽക്കാരുടെയും ശരീരത്തു കയറിപ്പറ്റി ലോക സഞ്ചാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

പാവം ചൈനക്കാരൻ ആശുപത്രിയിലായി. ന്യൂമോണിയ ആണെന്നാണ് എല്ലാവരും കരുതിയത്. അതിനുള്ള ചികിത്സകൾ തുടങ്ങി. പക്ഷേ ദിവസങ്ങൾ കഴിഞ്ഞ് 2020 ജനുവരി 11 ന് ആ ചൈനക്കാരൻ മരിച്ചു. ഇതാണ് അവർ നടത്തിയ ആദ്യ കൊല. ആ തക്കം നോക്കി കുഞ്ഞു വൈറസ് ഡോക്ടറുടെ ശരീരത്തിൽ കയറിപ്പറ്റി. പിന്നെ അദ്ദേഹത്തെ പരിചരിച്ച നഴ്സിനെയും പിടികൂടി. അപ്പോഴേക്കും വൈറസിൻെറ കുഞ്ഞുമക്കൾ പണി തുടങ്ങി കഴിഞ്ഞിരുന്നു അവർ കൂടു വിട്ട് കൂടു മാറിക്കൊണ്ടിരുന്നു. ചൈനയിലെ എല്ലാവർക്കും പനിയായി. മരുന്നുകൾ ഫലിക്കാതെ വന്നു. മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് ആംബുലൻസുകൾ ചീറിപ്പാഞ്ഞു.

ലോകം പകച്ചു നിന്നു. ഗവേഷകർ തലപുകച്ചു. ഈ രോഗം ഏത്? കാരണക്കാരൻ അണു എവിടെ നിന്നു വന്നു? ഇതിന് പ്രതിവിധി എന്ത്? കാരണക്കാരനായ ആണു ഏത്? ഇതിന് ചികിത്സ എന്ത്? എന്തു മരുന്നു കൊടുത്താൽ ഈ അസുഖം മാറ്റാം? അതിനിടയിൽ ഡോക്ടറുടെ ശ്വാസകോശത്തിൽ ശിശിര നിദ്ര അവസാനിപ്പിച്ച് കുഞ്ഞു വൈറസ് ഉത്തരവാദിത്വത്തിലേക്ക് വന്നു. ഡോക്ടർ അത്യാസന്ന നിലയിൽ കറച്ചു ദിവസത്തിനുള്ളിൽ അന്ത്യനിദ്ര പൂകുകയും ചെയ്തു. ആദ്യമൊന്നും ചൈനക്കാർ കാര്യമാക്കിയില്ല. മരണം കൂടി കൂടി വന്നതും അവർ സാമൂഹ്യ അകലം പാലിക്കാൻ തുടങ്ങി വ്യക്തിശുചിത്വം പാലിച്ചു. കഴിവതും എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ ഗവൺമെൻ‍്റ് ഉത്തരവിറക്കി. സമ്പ‍ർക്കത്തിലൂടെയാണ് ഇവരോരുത്തരും കയറി നമ്മളെത്തന്നെ ഇല്ലാതാക്കുന്നതെന്ന് ഗവേഷകർ കണ്ടുപിടിച്ചു.

കുറഞ്ഞ സമയത്തിനുള്ളിൽ ശാസ്ത്രലോകം കുഞ്ഞുവൈറസിനെ കണ്ടെത്തി പേര് നോവൽ കൊറോണ വൈറസ്. കഴി‍ഞ്ഞുപോയ വർഷങ്ങളിൽ 'സാർസ്' രോഗം പരത്തി ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിന്റെ രൂപാന്തരം പ്രാപിച്ച പുതിയ അവതാരം. വൈറസുകളുടെ കൊടിക്കൂറ ലോകം എങ്ങും പാറിക്കാൻ പിറവി എടുത്ത കലിയുഗ ചക്രവർത്തി.

അന്ന് ഫെബ്രുവരി മാസം 11 (2020) ലോക ശാസ്ത്രജ്ഞൻ കു‍ഞ്ഞുവൈറസിന് പുതിയ പേരും കണ്ടെത്തി കോവിഡ്19.

പിന്നീട് കൊറോണ വൈറസിന്റെ ജൈത്രയാത്രയായിരുന്നു. അതി സമ്പന്ന രാജ്യ‍ങ്ങളായ അമേരിക്ക, ഇറ്റലി, ജർമ്മനി, ബ്രിട്ടൻ, സ്പെയിൻ….. അങ്ങനെ ഏതാണ്ട് എല്ലാ ലോകരാജ്യങ്ങളും കീഴടക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ബോറിസ് ജോൺസനെ പോലും വെറുതെവിട്ടില്ല. ഇപ്പോഴിതാ ഹരിതസുന്ദരമായ കൊച്ചു കേരളത്തിലും.

അദൃശ്യനായ ഈ ശത്രു ലോകം തന്നെ കീഴടങ്ങി. ഏതായാലും ആളെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് നമുക്ക് കോവിഡ് 19-നെ നശിപ്പിക്കാം. 2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന തന്നെ മഹാമാരിയായി പ്രഖ്യാപിച്ച ഈ കോവിഡ് 19-നെ നശിപ്പിക്കണം, നേരിടണം. എങ്ങനെയെന്നോ? ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിന്ന് നമുക്ക് ഈ മഹാമാരിയെ കീഴടക്കാൻ സാധിക്കും. അതിനായി നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കണം, കൈകൾ എപ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കണം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മൂടണം. കണ്ണും വായും മൂക്കും എപ്പോഴും കൈകൾകൊണ്ട് സ്പർശിക്കാതെ നോക്കണംമറ്റുള്ളവരുമായി അകലം പാലിക്കണം. കടുത്ത പനി, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. ദിവസം ചെല്ലുംതോറും അത് ന്യൂമോണിയ ആകും. ഇങ്ങനെ എന്തെങ്കിലും രോഗ ലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണം. ഈ മഹാമാരിയെ കീഴടക്കാൻ തികച്ചും ശുചിത്വം പാലിക്കണം. കൂട്ടുകാരെ നമ്മളെ കൊല്ലാൻ കൂട്ടത്തോടെ ഇറങ്ങിത്തിരിച്ച ഈ കൊലയാളികളെ നമുക്ക് ഒറ്റയ്ക്ക് ഒരുമയോടെ നിന്നു നേരിടാം നമുക്ക് വീട്ടിൽ തന്നെ ഇരുന്ന് ഇവരോട് പൊരുതാം സമൂഹ വ്യാപനം തടയാം സർക്കാരിനെ അനുസരിക്കാം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാം.

ഇന്ന് ഏപ്രിൽ 9 നമ്മുടെ സുന്ദരനായ കൊലയാളിക്ക് ഇന്ന് 100 ദിവസം പ്രായം. അതായത് അവൻ ചൈനയിലെ വുഹാനിൽ വന്നിറങ്ങിയിട്ട് 100 ദിവസം. ഈ 100 ദിവസങ്ങൾക്കിടയിൽ അവൻ നടത്തിയ കൊലപാതകങ്ങൾ ലോകത്ത് ഒരു ലക്ഷത്തിലധികമാണ്. ഇനി മരണം കാത്തുകിടക്കുന്നവർ വേറെ. രോഗം സുഖമായി കൊണ്ടിരിക്കുന്നവരും ഉണ്ട്. ഇവനെ നമുക്ക് തുരത്തണ്ടേ? എന്നിട്ട് വേണ്ടേ സ്കൂളിൽ പോകാൻ യാത്രകൾ പോകാൻ?വീടിന് വെളിയിൽ ഇറങ്ങാൻ പോലും. അതുകൊണ്ടു തന്നെ നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം. കോവിഡ് 19 സമൂഹ വ്യാപനം തടയാം. അങ്ങനെ നമുക്ക് ഈ അദൃശ്യനായ ശത്രുവിനെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാം.

ശിവഗംഗ ശിവദാസ്
7A ഗേൾസ് ഹൈസ്ക്കൂൾ കണിച്ചുകുളങ്ങര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം