എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്
              "വൈറസോ,  എന്നതാടീ  അത് പുതിയ മീനോ മറ്റൊ ആണോടീ,  ആണേൽ  അതിന്റെ കൂട്ട്  ഒന്ന്  പറഞ്ഞുതരാൻ അന്നാമ്മയോട് ഒന്ന് പറയ്. ചൂരയെയും  മത്തിയെയും  വെല്ലുന്നതും. അത് നമ്മുടെ വരാന്തയിലെ അലപ്പു കളിൽ പ്രസിദ്ധൻ ആകാനും മാത്രം ഏത് നെയ്യുള്ളവനാ? എന്നാ പിന്നെ അവന്റെ നെയ്യൊന്ന് എടുത്തിട്ട് തന്നെ കാര്യം. പുളി അരപ്പ് തേച്ചു കൂട്ടാൻ വയ്ക്കാൻ ഞാൻ തന്നാ ടി കേമി" കൂടുതലൊന്നും പഠിക്കാത്ത പെണ്ണമ്മ ശൗര്യത്തോടെ പറഞ്ഞു.  പെട്ടെന്ന്  പരന്ന വൈറസ് ബാധയെ പറ്റി അന്നയും മേരിയും തർക്കിക്കുന്നതിനിടയിൽ പകുതി മുറിഞ്ഞ വാക്കുകൾ കാറ്റ്  പെണ്ണമ്മയുടെ ചെവിയിൽ എത്തിച്ചു. എപ്പോഴെന്നോ  ഇല്ലാത്ത ഒരു ആവേശം അവർക്ക് ഉണ്ടായി.
          കടലിൽ നിന്ന് പിടിക്കുന്ന സകലമാന വമ്പൻ മത്സ്യങ്ങളെയും ക്രൂരമായി വധിച്ചു   അതിന്റെ ആത്മാവിനെ സർവ്വം സൃഷ്ടി കർത്താവായ  ദൈവം സ്വയം എത്തി സ്വർഗ്ഗത്തിലേക്ക് കൈപിടിച്ച് കയറ്റുന്ന തരത്തിലും,  ധരണിയിൽ ഉള്ള പരിഷകളുടെ  നാവിൽ പൊട്ടിപ്പുറപ്പെട്ട വെള്ളപ്പൊക്കത്തിൽ വള്ളം ഓടിക്കാനും മിടുക്കിയായിരുന്നു പൗലോസ് മാപ്പിളയുടെ പെൺ പിറന്നാൾ പെണ്ണമ്മ. അവൾ കുത്തി കീറിയ എല്ലാത്തിനെയും പൗലോസ് മാപ്പിളക്ക് സമർപ്പിച്ച് അരിമത്തം നേടിയിരുന്നു ഈ പെണ്ണമ്മ. പൗലോസിന്റെ സ്വന്തം പെണ്ണമ്മ.
          വാക്ക്  തർക്കങ്ങളും സൊറ പറച്ചിലുകളും കഴിഞ്ഞു കയറിവന്ന മകന്റെ ഭാര്യ മേരിയോട് വെറ്റയും പാക്കിനെയും കാർന്ന് കാർന്ന്  എടുത്ത ചുവന്ന ആ ദ്രാവകം മുറ്റത്തേക്ക് ആഞ്ഞ് തുപ്പി കൊണ്ട് അവർ ചോദിച്ചു "എടീ,  അതിന്റെ കൂട്ട്  നീ ചോദിച്ചോ? " തന്റെ ചെവിയിൽ ഒന്നും എത്തിയിട്ടില്ല എന്ന രീതിയിൽ മേരി നേരെ അടുക്കളയിലേക്ക് വച്ച് പിടിച്ചു. രാവിലെ കലമുടക്കൽ പ്രശ്നത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ പരസ്പരബന്ധം വേർപെടുത്താൻ നിൽക്കുന്ന ദമ്പതികളെ പോലെ ഇരുവരും പെരുമാറി. ഇതിപ്പോൾ കുറച്ചു നേരത്തേക്ക് മാത്രം. പിന്നീട് വീണ്ടും അവർ അമ്മയും മകളും. 
          ഒരു പെണ്ണ് സന്താനമായി ഇല്ലാത്തതിൽ അവർക്ക് ദുഃഖം ഉണ്ടായിരുന്നു. പെറ്റത് മുഴുവനും ആൺ ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഓരോരുത്തരും ഓരോ പെണ്ണിനെ കൊണ്ടുവന്നു. അവരൊന്നും പെണ്ണമ്മയോട് ചേർന്നില്ല. കെട്ടിയോനെയും അവരുടെ ഓഹരിയും കൈവന്നപ്പോൾ അവർ സ്ഥലം കാലിയാക്കി. അവസാനം ജോണിന്റെ കൈയ്യും പിടിച്ച് വന്നു കയറിയതാ മേരി. മേരിയെ പെണ്ണ്മ്മയ്ക്ക് അങ്ങ് പിടിച്ചു. ചെറിയ പുളിക്കും നല്ല കാന്താരി മുളകിനും പാകമായ നല്ല കടപ്പുറം മീനിനെ പോലെ. ചിലപ്പോഴൊക്കെ ആ അംശബന്ധം തെറ്റാറുണ്ടായിരുന്നു. എന്നാൽ അത് ഗുണിച്ചും ഹരിച്ചും പതിയെ അങ്ങ് ശരിയാകും.
         അത്താഴത്തിന് തീൻമേശയിൽ  കൊച്ചുമോനും കൊച്ചുമകളും വന്നിരുന്നപ്പോൾ പെണ്ണമ്മ എത്തി. ചോറും കൂട്ടാനും വിളമ്പി കൊണ്ടിരുന്ന മേരി ഒന്ന് തല പൊക്കി നോക്കി. അവളിൽ ഒരു പുഞ്ചിരി വിടർന്നു. പിന്നെ അത് പൊട്ടിച്ചിരിയിൽ കലാശിച്ചു. വീണ്ടും പെണ്ണമ്മ മേരിയോട് അതേ ചോദ്യം,  ഇത് കേട്ട മേരി പരിഹാസപൂർവ്വം പറഞ്ഞു "എന്റെ അമ്മച്ചി അത്  കൊമ്പൻ സ്രാവ് ഒന്നുമല്ല. ഇങ്ങനെ അതിനെ കുറിച്ച് ചോദിക്കാൻ. അതേ  വൈറസാ...   വൈറസ്. അല്ലാതെ അത് മീനൊന്നുമല്ല."  ഇത് കേട്ട് പരിഷ്കാരികളായ   കൊച്ചുമക്കൾ നെറുകയിൽ കൈയും വെച്ച് ചിരിക്കാൻ തുടങ്ങി. ഇത് സഹിക്കാനാകാതെ പെണ്ണമ്മ ആക്രോശിച്ചു ."ചിരിക്കാതെ അത് എന്നാന്ന് പറഞ്ഞു താടി റോസേ ". ഇത് കേട്ട് റോസ് തയ്യാറായി " Dear grandma, virus is a small micro-organism which have a simple structure and don't have any well known nucleus. A genetic material...." " എന്റെ പൊന്നു കൊച്ചേ  നീ നല്ല പച്ച മലയാളത്തിൽ ഒന്ന് പറഞ്ഞു താ". ഇത് കേട്ട് റോസ് പറഞ്ഞു "എന്റെ അമ്മമ്മച്ചി   ഇത് ഒരു ചെറിയ ജീവിയാ,  നമുക്ക് കാണാൻ പോലും പറ്റില്ല. അത് നമ്മുടെ പുറത്ത് കയറിയാലോ  അസുഖം വരും  ചിലപ്പോൾ മനുഷ്യൻ  മരിച്ചു തന്നെ പോകും ".ഇത് കേട്ട് അന്ധാളിച്ചു  നിന്ന പെണ്ണമ്മ .ഉള്ളിലെന്തോ കുത്തിക്കയറുന്ന വേദനയോടെ ചോദിച്ചു "ഇതിന് മരുന്നില്ലേടി " "ഉണ്ടല്ലോ,  പക്ഷേ ഇപ്പോൾ കണ്ടെത്തിയ പുതിയ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല ".അടുത്ത ചോദ്യവും വരുമെന്ന് അറിയാവുന്ന  കൊച്ചുമക്കൾ ഒരു കരുതലെന്നോണം സ്ഥലം കാലിയാക്കി. 
           രാത്രി ഉറങ്ങാൻ കിടന്നപ്പോഴും പെണ്ണമ്മയുടെ മനസ്സിൽ നിറയെ  വൈറസ് ആയിരുന്നു. വൈറസ് ബാധിച്ച കോശത്തെ പോലെയായി തീർന്നിരുന്നു അവരുടെ മനസ്സ്. പിറ്റേന്ന് പരീക്ഷ എഴുതാൻ പോകുന്ന പിടച്ചു ഓട്ടത്തിൽ കൊച്ചു മക്കളോടൊപ്പം നിൽക്കുകയായിരുന്നു മേരി. അപ്പോൾ മേരി ആരെയും ശ്രദ്ധിക്കാറില്ല. 9 മണി കഴിഞ്ഞാൽ പിന്നെ മാമ്പള്ളി വീട്ടിൽ മേരിയും പെണ്ണ് അമ്മയും മാത്രം. ജോണുമായി ഫോണിൽ സംസാരിച്ച ശേഷം മേരി  അകത്തേക്ക് വന്നു. ഇളയതായതുകൊണ്ട് ജോണിനെ ഇത്തിരി കൊഞ്ചിച്ചാണ് പെണ്ണമ്മ വളർത്തിയത്.പൗലോസിന്റെ  മരണശേഷം തകർന്നടിയാറായ  കുടുംബത്തെ രക്ഷിക്കാൻ എട്ടുപേരും നന്നായി ശ്രമിച്ചു. ചെറുപ്രായത്തിൽ തന്നെ ജോൺ അന്യ ദേശത്തേക്ക് കപ്പൽ കയറി. ചെറുപ്രായത്തിൽ അവൻ ആസ്വദിച്ചു ജീവിക്കേണ്ട സമയം നഷ്ടപ്പെടുത്തി അഹോരാത്രം പ്രയത്നിച്ച അവനോട് അവർക്ക് സ്നേഹം ഒരുപടി മുന്നിലായിരുന്നു.
           ഉച്ചയ്ക്ക് ഊണ് കഴിക്കാൻ ഇരുന്നപ്പോൾ മേരി പെണ്ണമ്മയോട് വർത്തമാനം പറയുന്നതിന്റെ കൂട്ടത്തിൽ വൈറസിനെ പറ്റിയും പറഞ്ഞു. "എടീ മോളെ എനിക്കറിയില്ല. ഈ വൈറസ്,  എന്തോ അതിന്റെ പേര് കേട്ടപ്പോൾ ഉള്ളിൽ ഒരു തീ ആളിക്കത്തുന്നെടി ". വ്യത്യസ്തമായ പുതിയ ഒരു കാര്യം അറിയാനുള്ള ജിജ്ഞാസ കാട്ടുന്ന പൈതലിനെ പോലെ അവർ മരുമകളോട് ചോദിച്ചു. അവൾ ഒരു അമ്മയെ പോലെ ശാന്തമായി പറഞ്ഞു." അമ്മ പേടിക്കേണ്ട,  ഈ വൈറസിന്റെ പേര് കൊറോണയോ,  മറ്റോ എന്നാണ്. ഇത് ഇപ്പോൾ ചൈനയിൽ ഒക്കെയോ ഉള്ളൂ. നമ്മൾ നമ്മുടെ കാര്യം നോക്കണം. നമ്മൾ എന്തിന് അതേ പറ്റി ചിന്തിക്കണം." മേരിയുടെ ഈ വാക്കുകൾ കേട്ട് പെണ്ണമ്മ ഒരു നിമിഷം പകച്ചു പോയി. 
            ഉച്ചയോടെ കൊച്ചുമക്കൾ എത്തി. ഇനി രണ്ട് നാൾ പരീക്ഷ ഇല്ലാത്തതിനാൽ പൂർവ്വാധികം സ്വാതന്ത്ര്യത്തോടെ റിമോട്ടിൽ ആഞ്ഞു കുത്തി. തങ്ങളുടെ പ്രിയപ്പെട്ട സിനിമ തിരയുന്നതിനിടയിൽ എങ്ങനെയോ ഒരു ന്യൂസ് പൊന്തിവന്നു. ഇതുവരെയും ന്യൂസ് കാണാൻ താല്പര്യം കാണിക്കാത്ത പെണ്ണമ്മ മക്കളുടെ കയ്യിൽ നിന്ന് ബലമായി റിമോട്ട് വാങ്ങി ന്യൂസ് ആദ്യമായി കണ്ടു. അവർ മകൻ വിദേശത്ത് നിന്ന് കൊണ്ടു വന്ന വിരുന്ന്  മേശയുടെ വലുപ്പം ഉള്ള ടീവിയിൽ അരികിലും മുലയിലും എഴുതിയിരിക്കുന്നത് വായിച്ചു .പാത്രങ്ങളുടെ ബഹളം ടിവിയുടെ ബഹളവുമായി ഇടകലർന്നിരുന്ന അവർ മേരിയെ വിളിച്ചു. അവൾ പൊടുന്നനെ ഓടിയെത്തി. ആ വലിയ പെട്ടി പറഞ്ഞത് അവരുടെ കാതിലും എത്തി. അത് എല്ലാ ഇടത്തും എത്തിക്കഴിഞ്ഞിരുന്നു.  സംഹാര താണ്ഡവം തുടങ്ങിക്കഴിഞ്ഞിരുന്നു.
             രണ്ടുപേരും ജോണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.  ജീവിതത്തിന്റെ താളം തെറ്റുമോ എന്ന് അവർ സംശയിച്ചു. അവർക്ക് കടൽ ഇരമ്പൽ  കൂടുതൽ ശക്തമാകുന്നത് പോലെ തോന്നി. "മോളെ, ജോൺ വിളിച്ചോടി"?  എന്ന് അമ്മച്ചിയുടെ ചോദ്യത്തിന് അവൾ "ഓ" എന്നാ ഒരു അക്ഷരമുള്ള മറുപടി മാത്രം നൽകി.   തന്റെ മകനെയും നീചമായ ജന്തു കാർന്നു തിന്നുകയായിരുന്നു എന്ന് അവർ അറിഞ്ഞില്ല. പെണ്ണമ്മ തന്റെ വിശ്വാസങ്ങളിലൂടെ ജീവിച്ചു. പതിയെ ആ വീട് ഭൂമി പിളർന്നു സങ്കടത്തിന്റെ  കടലിൽ മുങ്ങുന്നതായി അവർക്ക് തോന്നി. എന്നാൽ സർവ്വം സൃഷ്ടി കർത്താവായ ഈശ്വരൻ പിടിച്ചു കയറ്റും എന്ന വിശ്വാസത്തിൽ ആ കുടുംബം മുങ്ങിക്കൊണ്ടിരിന്നു.  
             പൊടുന്നനെ ഇടിത്തീ പോലെ സർക്കാർ ഓഫീസിൽ നിന്ന് ഒരു വിളി വന്നു. മേരി മടിച്ചു മടിച്ച് ആ വിളി നേരിട്ടു. "നിങ്ങളുടെ ഭർത്താവ് ജോൺ പൗലോസ് മരണപ്പെട്ടു. സുരക്ഷാ കാരണത്താൽ അയാളുടെ മൃതദേഹം നിങ്ങളുടെ അടുത്ത് എത്തിക്കാൻ കഴിയില്ല. നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു ". പിന്നെ അവിടെ ഒരു അലറി വിളി മാത്രമായി തീർന്നു ആളി കത്തിയ തീ കത്തി അമർന്നതുപോലെ. പെണ്ണമ്മയ്ക്ക് ഒന്നും തന്നെ പറയാനില്ലായിരുന്നു.താളം തെറ്റിയവരെ  പോലെ അവർ ഭ്രാന്തമായി യാചിച്ചു.  "ഈശോയെ നീ വയറസിനോട് പറയോ, അവന്റെ ജീവൻ എടുത്തില്ലേ. അവന്റെ  ശവക്കച്ചയെങ്കിലും ഞങ്ങൾക്ക് തരാൻ ". ഇത് കടലിന്റെ കാറ്റിൽ മെല്ലെ മെല്ലെ, അലിഞ്ഞു കൊണ്ടേയിരുന്നു. അവർ ഒരിക്കലും തിരിച്ചു വരാത്ത ആർക്കോ വേണ്ടി കണ്ണും നട്ടിരുന്നു,  ഒരു ചോദ്യവുമായി .എന്തിനായിരുന്നു ഇങ്ങനെ ഒരു അവസാനം?
ആര്യ എസ് എ
10 C എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ