എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/അക്ഷരവൃക്ഷം/കൊറോണയും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും അതിജീവനവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും അതിജീവനവും


വളരെ ദുരിതവും ദുഃഖപൂർണവുമായ അവസ്ഥയിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. ലോകം ഇത്ര ഭയാശങ്കകൾക്കടിമപ്പെടാൻ എന്താണ് കാരണമെന്ന് നമുക്കെല്ലാം അറിയാം. കൊറോണ വൈറസ് അഥവാ കൊവിഡ് 19 എന്ന മഹാമാരി. ഈ ചുരുങ്ങിയ കാലയളവിലനുള്ളിൽത്തന്നെ അനേകരുടെ ജീവൻ അപഹരിച്ചിരിക്കുകയാണ് ഈ മഹാ വിനാശകാരിയായ രോഗം.

ചൈനയിലെ വുഹാൻ പട്ടണത്തിൽനിന്നും ഉത്ഭവിച്ച് ഇന്ന് ഒട്ടുമിക്ക ലോകരാജ്യങ്ങളിലേയ്ക്കും വ്യാപിച്ചരിക്കുന്ന ഈ വൈറസിന് അറുതി വരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമായിരിക്കുന്നു. ഓരോ കൊച്ചുകുട്ടിക്കുപോലും അറിയാം ഇത് പകരുന്നത് എങ്ങനെയെന്ന്. ഇതിനു മുമ്പൊരിക്കലും ഇത്തരത്തിലുളള ഒരവസ്ഥയിലൂടെ ലോകം കടന്നുപോയിട്ടില്ല. കോവിഡ് 19 വ്യാപിച്ചതോടെ ഇന്ത്യാമഹാരാജ്യം സമ്പൂർണ ലോക്ക് ‍ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകം മുഴുവനും ഏതാണ്ട് ആ അവസ്ഥയിൽത്തന്നെ. മാ‍ർച്ച് 25 മുതൽ മേയ് 3 വരെയുള്ള കാലയളവിൽ ഏകദേശം നാൽപ്പത് ദിവസത്തോളം പൂർണമായ അടച്ചിടൽ. ഇതുവഴി കൊറോണ വൈറസ് വ്യാപനം ഒരു പരിധിവരെ തടയാൻ സാധിച്ചു എന്നതിൽ സംശയമില്ല. രോഗവിമുക്തി പ്രാപിച്ചവരുടെ കണക്കെടുക്കുമ്പോൾ നമ്മുടെ കൊച്ചുകേരളം ഒന്നാം സ്ഥാനത്താണെന്ന കാര്യത്തിൽ മലയാളികളായ ഓരോ വ്യക്തിക്കും അഭിമാനിക്കാൻ സാധിക്കും.

ഈ സമയത്ത് നാം ദൈവത്തെപ്പോലെ കണ്ട് ആരാധിക്കേണ്ട വ്യക്തികളുണ്ട് - ആരോഗ്യപ്രവർത്തകർ. രാപകലില്ലാതെയുള്ള അവരുടെ അധ്വാനത്തിന്റെ ഫലമാണ് രോഗമുക്തി പ്രാപിച്ച ഓരോ വ്യക്തിയും. ഇന്ത്യയിൽ മരണ നിരക്ക് കുറവാണെങ്കിലും മറ്റ് ചില രാജ്യങ്ങളിൽ ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി മരിച്ചു വീഴുന്നത്. ഈ രോഗത്തെ ചെറുക്കാൻ ജാഗ്രതയാണ് ആവശ്യം, പിന്നെ പ്രാർഥനയും. കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾ നിർദ്ദേശിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും എടുക്കുന്നതുവഴി കോവിഡ് -19 നെ പൂ‍ർണമായും അകറ്റാൻ സാധിക്കും.

ഈ ലോക്ക് ഡൗൺ കാലത്ത് കുട്ടികളും മുതി‍ർന്നവരുമൊക്കെ അധിക സമയവും വെറുതെ ഫോണിൽ കുത്തിയിരിക്കാതെ ഒഴിവു സമയങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ യത്നിക്കണം. പഠനത്തോടൊപ്പം മറ്റു കാര്യങ്ങളും തുട‍ർന്നുകൊണ്ടുപോകാൻ ശ്രമിക്കണം. അടുക്കളയിൽ അമ്മയെ സഹായിക്കാം, പാചകത്തിൽ ഏർപ്പെടാം. അങ്ങനെയൊക്കെ സമയം ഫലപ്രദമാക്കാം. അതോടൊപ്പം തന്നെ പരീക്ഷകൾ തുടർന്നു നടക്കേണ്ടിയുള്ളതിനാൽ നന്നായി പഠിച്ച് ഉന്നത വിജയത്തിനായും ശ്രമിക്കാം.

'ശാരീരിക അകലം - സാമൂഹിക ഒരുമ' അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.ചെറുക്കാം കൊറോണയെ ഒറ്റക്കെട്ടായ്. കോവിഡ് മുക്തമായ ഭാരതത്തെയും ലോകത്തെയും പടുത്തുയർത്താം. പാലിക്കാം അകലം, അകറ്റാം വൈറസിനെ.


ലെന ഡൊമിനിക്
10 C സെന്റ് ഫ്രാൻസീസ് അസ്സീസി എച്ച് എസ് എസ് അർത്തുങ്കൽ
;ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം