ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം/ഒരുമിച്ചു മുന്നേറാം...ശുചിത്വത്തിനായി
ഒരുമിച്ചുമുന്നേറാം..ശുചിത്വത്തിനായി..
നമുക്കിവിടെ ഇനിയും ജീവിക്കാനാകുമോ ? നാം നേരിട്ടി കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശുചിത്വം. മറ്റു മേഖലയിൽ നാം നേടിയ വിജയത്തിന്റെ തിളക്കം കുറക്കാൻ മാലിന്യ പ്രശ്നവും ശുചിത്വമില്ലായ്‍മയും കാരണമാകുന്നു. തെരുവുകളിലെ മാലിന്യകുമ്പാരങ്ങൾ പരിഹാരമില്ലാത്ത പ്രശ്നമായി മാറുകയാണോ ഉപയോഗ ശൂന്യമായ എന്തും വലിച്ചെറിയുന്ന പുതിയ ശീലത്തെ മലയാളി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് കേരളത്തിന്റെ പാരിസ്ഥിതിക ചുറ്റുപാട് ഒരുപാട് വെല്ലുലിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മാലിന്യപ്രശനം, ശുചിത്വമില്ലായ്മ എന്നിവ പ്രധാന വെല്ലുവിളികളാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുമ്പോഴും പൊതു ഇടങ്ങൾ മലിനമായ അവസ്ഥയാണ് എന്ന് മറക്കരുത്. ഇതെല്ലാം മലയാളിയുടെ ഉപഭോഗ സംസ്കാരത്തിന്റെ ബാക്കിയാണ്. ഒരാൾ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വമില്ലായ്‍മയുടെ അടിമകളായ പ്രദേശങ്ങളെ ശുചിത്വസുന്ദരമാക്കി മാറ്റേതുണ്ട്. അതിനായി നാം ധാരാളം പ്രവർത്തിച്ചേ മതിയാകൂ. വ്യക്തി ശുചിത്വത്തിന് മുൻതൂക്കം നൽകുന്നതിൽ മിടുക്കരായ നാം മലയാളികൾ പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ അലസസമീപനമാണ് സ്വീകരിക്കുന്നത്. അത് ഭരണാധികാരികളോ രാഷ്ട്രീയക്കാരോ ചെയ്യട്ടെ എന്ന ഭാവത്തിൽ നമ്മുടെ ഗാർഹിക മാലിന്യങ്ങൾ കൂടി പൊതു ഇടങ്ങളിൽ തള്ളി വൃത്തിഹീനമാക്കി മാറ്റുന്നു. ജനങ്ങളുടെ തെറ്റായ ശുചിത്വബോധവും സമൂഹ ബോധമില്ലായ്മയുമാണ് ഇതിനു കാരണം. മാലിന്യമുണ്ടാക്കുന്നവൻ അത് മറ്റുള്ളവർക്ക് ഉപദ്രവമില്ലാതെ അത് സംസ്കരിക്കാനും പഠിക്കേണ്ടിയിരിക്കുന്നു. എല്ലാ മതങ്ങളും ശുചിത്വത്തിന് പ്രാധാന്യം നൽകുമ്പോഴും ശുചിത്വത്തിന്റ കാര്യത്തിൽ നാം പിറകിലാവുന്നു. ഈ അവസ്ഥ മാറ്റിയേ മതിയാകൂ. ശുചിത്വം നാം ആദ്യം വീട്ടിൽ നിന്നും തുടങ്ങണം. ശരിയായ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക്ക് ഉപയാഗ നിയന്ത്രണം, മാലിന്യങ്ങൾ പൊതുഇടങ്ങളിൽ വലിച്ചെറിയാതിരിക്കൽ, തുടങ്ങിയവയിലൂടെ കുറേ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമേകാം. വീടുകളിലെ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കാൻ കഴിയണം മികച്ച അഴുക്കുച്ചാൽ സംവിധാനം ഉണ്ടാക്കണം. 5000 വർഷങ്ങൾക്കു മുമ്പ് നിലനിന്നിരുന്ന പ്രാചീന ഇന്ത്യൻ സംസ്കാരമായ ഹാരപ്പൻ സംസ്കാരം മാലിന്യ നിർമാർജ്ജനത്തിനും ശുചിത്വത്തിനും വലിയ പ്രാധാന്യം നൽകിയിരുന്നെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ജലാശയങ്ങൾ, പുഴകൾ, തോടുകൾ തുടങ്ങിയവയിൽ മാലിന്യങ്ങൾ കൊണ്ടുതള്ളുന്നത് നിർത്തണം. അവ നാടിന്റെ രക്തനാഡികളാണ് എന്ന് നാം തിരിച്ചറിയണം. 500 വർഷത്തോളം മണ്ണിൽ അലിയാതെ കിടക്കുന്ന പ്ലാസ്റ്റിക്ക് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇവ കത്തിക്കുന്നത് വിഷവാതകങ്ങൾക്ക് കാരണമാകുന്നു. എന്നാൽ പ്ലാസ്റ്റിക്ക് വസ്തുക്കൾ പുനരുപയോഗത്തിനായി സാധിക്കുമെന്ന് നാം പലപ്പോഴും മറന്നു പോവുന്നു. പ്ലാസ്റ്റിക്ക് വസ്തുക്കളെ അകറ്റാൻ ‘4R’ ശീലിക്കുന്നത് വളരെ ഉപകാരപ്രദമാണ്. തുണി സഞ്ചികൾ, ആഘോഷവേളകളിൽ പ്ലാസ്റ്റിക്ക് പാത്രങ്ങൾക്കു പകരം വാഴയില, പേപ്പർ പാത്രങ്ങൾ തുടങ്ങിയവക്ക് മുൻതൂക്കം നൽകി മാലിന്യ പ്രശ്നമില്ലാതാക്കിയാൽ നമുക്ക് ശുചിത്വമുള്ള നാടിനെ വാർത്തെടുക്കാം. കേരള സർക്കാറിന്റെ പ്ലാസ്റ്റിക്ക് നിരോധനം എന്ന നിയമം പ്രകൃതിക്കും ജീവനും ഗുണകരമാണ്. അതിലൂടെ പരിസര ശുചിത്വം നിലനിർത്താൻ ഒരു പരിധിവരെ നമുക്കാവുന്നു. ശുചിത്വത്തിനായി “ഹരിത കേരള മിഷൻ” തുടങ്ങിയവ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് സർക്കാർ രൂപം നൽകുന്നു. ശുചിത്വം ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. കേരള ആരോഗ്യ മേഖലയുടെ വളർച്ച ആഗോള തരത്തിൽ തന്നെ ശ്രദ്ധേയവും മാതൃകാപരവുമാണ്. നല്ല ആരോഗ്യമുള്ള സമൂഹത്തിന്റെ നിലനിൽപ്പിന് ശുചിത്വം അനിവാര്യമാണ്. കോവിഡ് കാലത്ത് നാം പാലിച്ചുവരുന്ന ലോക്ഡൗൺ, നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ വീണ്ടെടുക്കുന്നതിന് വലിയ സഹായമാണ് നൽകുന്നത്. കൂട്ടത്തിൽ നാം വീടും പരിസരവും വൃത്തിയാക്കി പരിസരശുചീകരണത്തിന് ശക്തിപകരുന്നു. ഈ സമയം വൃക്തി ശുചിത്വം പാലിക്കുന്നതിലും നാം പ്രത്യേകം ശ്രദ്ധിക്കുന്നു. ശുചിത്വമില്ലായ്മ കോറോണ വൈറസിന്റെ വ്യാപനത്തിന് വളരെ സഹായകരമാണ്. അതിനാൽ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് നാം വൃത്തിയോടെ കഴിയണം. ജനങ്ങൾ പുറത്തിറങ്ങാത്തതു കൊണ്ട് മിക്ക ജലസ്സ്രോതസ്സുകളും ശുദ്ധമായി മാറിയിരിക്കുന്നു എന്ന കാര്യം നമുക്ക് തന്നെ മനസ്സിലാക്കാനാവുന്നു. ശുചിത്വത്തിലൂടെയും പ്രതിരോധത്തിലൂടെയും ഒന്നിച്ച് നമുക്ക് കൊറോണയെ അതിജീവിക്കാം. അതിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ