തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ/അക്ഷരവൃക്ഷം
ഒരു ഗ്രാമം. അരുവികൾ പതഞ്ഞൊഴുകുന്ന, കിളികൾ പാടുന്ന, കാറ്റിന്റെ താളത്തിൽ നൃത്തം ചെയ്യുന്ന വള്ളിത്തലപ്പുകൾ ...... പർവ്വതനിരകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഉദയസൂര്യൻ....അവിടെ വർഷങ്ങളായി താമസിച്ചുവരികയാണ് അപ്പുവിന്റെയും മനുവിന്റെയും കുടുംബം. തന്റെ മകനെ ഉയർന്ന നിലയിൽ എത്തിക്കുക എന്നതായിരുന്നു കച്ചവടക്കാരനായിരുന്ന മനുവിന്റെ അച്ഛന്റെ ആഗ്രഹം. പൊങ്ങച്ചത്തിന്റെ ആൾരൂപമായ സാമ്പത്തികമായി ഉയർന്ന കുടുംബം.
എന്നാൽ അപ്പുവിന്റെ കുടുംബം വളരെ ബുദ്ധിമുട്ടിയാണ് നാളുകൾ തള്ളിനീക്കിയത്.അച്ഛൻ മദ്യപാനി. വളരെ കഷ്ടപ്പെട്ടാണ് അമ്മ അവനെ പഠിപ്പിച്ചത്. കുടുംബക്കാരും നാട്ടുകാരും കൊള്ളരുതാത്തവരെന്നു മാറ്റിനിർത്തിയവർ. സ്കൂളിലും നാട്ടിലുമെല്ലാം അവഗണന.പരിഹാസം മാത്രമാണ് നാളിതുവരെ ഏറ്റുവാങ്ങാനായത്.
എന്നാൽ മനുവും അപ്പുവും നല്ല സുഹൃത്തുക്കൾ ആയിരുന്നു. തന്റെ വിഷമങ്ങളെല്ലാം അപ്പു മനുവിനോടാണ് തുറന്നു പറയാറുള്ളത്. പഠിക്കാൻ അപ്പു ഒട്ടും മോശമല്ലായിരുന്നു താനും.എന്നാൽ തുടരെ തുടരെയുള്ള പരിഹാസങ്ങളും കുത്തുവാക്കുകളും ആ കുഞ്ഞുമനസ്സിൽ നോവിന്റെ കനലുകൾ കോരിയിട്ടു.അവൻ വീട്ടുകാരറിയാതെ നാടുവിട്ടു.എന്നാൽ താൻ പോകുന്ന വിവരം ഒരാൾക്ക് മാത്രം അറിയാമായിരുന്നു. മനുവിന്. അച്ഛൻ കൂടെക്കൂടെ പറയാറുള്ള പട്ടണത്തിലെ അമ്മാവന്റെ അടുത്തേക്കാണ് അവന്റെ പോക്ക്.
വർഷങ്ങൾ കടന്നുപോയി. മകനെ ഒരുനോക്ക് കാണാൻ അമ്മയുടെ ഹൃദയം വെമ്പി. മനു ഇപ്പോൾ ഒരു അധ്യാപകനാണ്.കച്ചവടക്കാരനായ അച്ഛന്റെ അതിബുദ്ധികാരണം വീട് നഷ്ടപ്പെടും എന്ന ഒരു അവസ്ഥയുണ്ടായി.
മനുവിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ....എല്ലാവരും വിറങ്ങലിച്ച് നിൽക്കുമ്പോളാണ് അവന്റെ വരവ്. അപ്പു! അവൻ ഇന്ന് വലിയ ഉദ്യോഗസ്ഥനാണ്.ഉറ്റ ചങ്ങാതിയെ കണ്ടപ്പോൾ മനുവിന്റെ കണ്ണ് നിറഞ്ഞു.പിന്നീട് അത് മഴയായി പെയ്തിറങ്ങി.അപ്പുവിന്റെ ഇടപെടൽ മനുവിന് ഒരു പുതിയ ജീവൻ നൽകി.താൻ ഒരുകാലത്ത് പുഛിച്ചവനാണ് ഇന്ന് തങ്ങളുടെ ജീവൻ രക്ഷിച്ചതെന്നു അയാൾ ചിന്തിച്ചു. ചെറുപ്പത്തിൽ തനിക്കു താങ്ങായും തണലായും നിന്ന സുഹൃത്തിനോട് അപ്പു തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ചു. അത് കണ്ട മറ്റുള്ളവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.