നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ ശുചിത്വം- ഉത്തരവാദിത്തം .

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk35026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം എന്റെ ഉത്തരവാദിത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം എന്റെ ഉത്തരവാദിത്തം


വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ള വരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു അവർ. എന്നാൽ, കാലം മാറുകയും ജനസംഖ്യ വർദ്ധിക്കുകയും ചെയ്തതോടുകൂടി ശുചിത്വത്തിൻ്റെ കാര്യത്തിൽ മലയാളിക്ക് തീരെ ശ്രദ്ധയില്ലാതായി. അതിൻ്റെ ഫലമായി പലതരം പകർച്ചവ്യാധികൾ നാടിൻ്റെ പല ഭാഗത്തും വ്യാപിക്കുകയുണ്ടായി.
ശുചിത്വം പാലിക്കുക എന്നു പറഞ്ഞാൽ നല്ല വസ്ത്രങ്ങൾ ധരിച്ച് മോടിയിൽ നടക്കുക എന്നല്ല അർത്ഥം ശരീരത്തിൻ്റെ ശുചിത്വത്തിൽ കാണിക്കുന്ന ശ്രദ്ധ പരിസര ശുചിത്വത്തിലും നാം കാണിക്കണം. ജലജന്യരോഗങ്ങളാണ് കേരളത്തിൽ സാധാരണയായി കണ്ടുവരാറുള്ളത്. ജലസ്രോതസ്സുകൾ മലിനമാകുന്നത് തടയുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ആശുപത്രികളിൽ നിന്നും ഫാക്ടറികളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽനിന്നും പുറന്തള്ളപ്പെടുന്ന ഖര- ദ്രവ മാലിന്യങ്ങളാണ് നമ്മുടെ ജലാശയങ്ങളെ മലിനമാക്കുന്നത്.
വീട്ടാവശ്യത്തിന് നാം ഉപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് നാം ഉറപ്പുവരുത്തണം. ജലം ഫിൽറ്റർ ചെയ്താൽ മാത്രം അത് ശുദ്ധ മാകണമെന്നില്ല. വെള്ളം നന്നായി തിളപ്പിച്ചാറിയതിനുശേഷം ഉപയോഗിക്കണം. ചൂടുള്ള ആഹാരസാധനങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമം. പഴകിയതും തുറന്നുവച്ചിരുന്നതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കരുത്. ആധുനിക സൗകര്യങ്ങൾ ലഭ്യമായ തോടുകൂടി ഭക്ഷണ സാധനങ്ങൾ ദിവസങ്ങളോളം കേടാകാതെ സൂക്ഷിച്ച് ഇഷ്ടാനുസരണം ചൂടാക്കി ഉപയോഗിക്കുന്നത് മലയാളിക്ക് ഒരു ശീലമായി മാറി. ഇതിൻ്റെ ഫലമായി പല ജീവിത ശൈലീ രോഗത്തിനും നാം അടിമപ്പെടേണ്ടി വന്നു. ഇന്ന് ആരോഗ്യത്തിനല്ല സൗകര്യത്തിനാണ് നാം പ്രാധാന്യം കല്പിക്കുന്നത്.
വിപണിയിൽ നിന്ന് പഴവർഗ്ഗങ്ങൾ വാങ്ങി അതേപടി ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഹാനികരം തന്നെ. മിക്ക പഴങ്ങളുടെയും പുറന്തോട് മലിനവും വിഷമയവുമായിരിക്കും. തൊലി കളയാതെ ഉപയോഗിക്കുന്ന ആപ്പിൾ, മുന്തിരി ,തക്കാളി ഇവയുടെ ഉപയോഗം ഏറെ ശ്രദ്ധിക്കേണ്ടതാണ്
. വ്യക്തി സ്വയമായി പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലീ രോഗങ്ങളെയും ഒരു പരിധി വരെ ഒഴിവാക്കുവാൻ കഴിയും. ഭക്ഷണത്തിനു് മുമ്പും പിമ്പും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. വയറിളക്കരോഗങ്ങൾ, ത്വക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങി കോവിഡ് വരെ ഒഴിവാക്കാൻ ഇത് സഹായിക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക്, തൂവാല ഇവ ഉപയോഗിച്ച് മുഖം മറച്ചുപിടിക്കുന്നത് മറ്റുള്ളവർക്ക് രോഗം പകരാതിരിക്കുന്നതിനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുന്നതിനും സഹായിക്കും. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുന്നതും നല്ല ആരോഗ്യ ശീലങ്ങളിൽ ഒന്നാണ്.
ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നില്ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വ ത്തിൻ്റെ കാര്യത്തിൽ നാം ഏറെ പിന്നിലാണെന്ന യാഥാർത്ഥ്യം ആരും മറന്നു പോകരുത്. ആരും കാണാതെ റോഡുവക്കിൽ മാലി ന്യം നിക്ഷേപിക്കുന്നതും സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരൻ്റെ പറമ്പിലേക്കെറിയുന്നതും സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്നതും മലയാളിയുടെ കപട സാംസ്കാരികബോധത്തിൻ്റെ തെളിവുകളാണ്. നമ്മുടെ ബോധ നിലവാരത്തിൻ്റെയും കാഴ്ചപ്പാടിൻ്റെയും പ്രശ്നമാണ് മലയാളിയെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്.
ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് ലഭിക്കുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയണം. പൗരബോധവും സാമൂഹിക ബോധവുമുള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാവുകയുള്ളൂ. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേ വന്നു ചേരും. ഞാൻ ഉണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എൻ്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സാധ്യമാകും. ഞാൻ ചെല്ലുന്നിടത്തെല്ലാം ശുചിത്വമുള്ളതായിരിക്കണമെന്ന ചിന്ത ഉണ്ടെങ്കിൽ മാത്രമേ ശുചിത്വമില്ലായ്മക്കെതിരെ പ്രവർത്തിക്കുവാനും പ്രതികരിക്കുവാനും നമുക്കു കഴിയൂ.
ഇത്തരത്തിൽ, ഉത്തരവാദിത്വമുള്ള, പൗരബോധമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹമായി മാറാൻ നമുക്കു കഴിയട്ടെ.


ഹരിശങ്കർ. എ
10 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം