ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പരിസ്ഥിതിയും നമ്മളും

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും നമ്മളും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും നമ്മളും

പരിസ്ഥിതി ദൈവം മാനവർക്ക് നൽകിയ അമൂല്യ സമ്മാനമാണ്. പരിസ്ഥിതി അമ്മയാണ് , ദൈവമാണ്. പുലർച്ചെ എഴുന്നേല്ക്കുമ്പോഴുള്ള കിളികളുടെ സംഗീതം , ഇളംകാറ്റിൽ ആടിയുലയുന്ന മരങ്ങൾ , അരുവികളുടെ കളകളാരവശബ്ദം , ഇലകൾ തമ്മിലുള്ള രഹസ്യം പറച്ചിൽ - ഇവയൊക്കെയാണ് പരിസ്ഥിതി എന്ന് പറയുമ്പോൾ നമ്മുടെ ഉള്ളിലേക്ക് ഓടിയെത്തുന്നത്. മനുഷ്യർ ആകുന്ന നാം നമ്മുടെ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് പ്രകൃതിയുടെ സഹായത്തോടെയാണ്. ചൂടുകൊണ്ട് വലയുമ്പോൾ ഇളംകാറ്റ് ,വെയിലിൽനിന്ന് രക്ഷ നേടാൻ തണൽ , വീട് കെട്ടാനും കൃഷി ചെയ്യാനും ഭൂമി , ദാഹിക്കുമ്പോൾ കുടിക്കുവാൻ വെള്ളം , ഭക്ഷിക്കാൻ രുചികരമായ ഫലങ്ങളും പരിസ്ഥിതി നമുക്ക് നൽകുന്നു . ഒരുപക്ഷേ , പരിസ്ഥിതി ഇല്ലെങ്കിൽ നാം ഇല്ല എന്ന് പറയാം. അത് തികച്ചും വാസ്തവമാണ് . പ്രകൃതി നമ്മെ ഒറ്റപ്പെടലിൽനിന്ന് കരകയറ്റും. നാം ഒറ്റയ്ക്കെന്ന് തോന്നുമ്പോൾ പരിസ്ഥിതിയെ ശ്രദ്ധിച്ചുനോക്കണം. കണ്ടിട്ടും കണ്ടിട്ടും മതിവരാത്തത്ര കാഴ്ചകൾ , സംസാരിക്കാൻ പറ്റില്ലെങ്കിലും അത് നമ്മെ വിളിക്കും കൂടെ സല്ലപിക്കാൻ. പരിസ്ഥിതി തന്നെയാണ് ഭൂമി. നമ്മുടെ വികാരങ്ങളും വിഷമവും സന്തോഷവുമെല്ലാം പരിസ്ഥിതിയോട് പങ്കുവെയ്ക്കാനാവും , സ്വന്തം അമ്മയോടെന്നപോലെ. പരിസ്ഥിതി എന്ന് പറയുമ്പോൾ മരങ്ങളും ചെടികളും അരുവികളും സൂര്യനും ചന്ദ്രനും നക്ഷത്രാദികളുമെല്ലാം ഉണ്ടാകും. മനുഷ്യനും അതിന്റെ ഒരു ഘടകമാണ്. ഈ ആധുനിക കാലത്തും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.

ഇത്രയും പ്രതിഫലങ്ങളും സൗഭാഗ്യങ്ങളും പരിസ്ഥിതി നമുക്ക് നൽകിയിട്ടും കൂടുതൽ അപഹരിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നു , അനധികൃതമായി പാടങ്ങൾ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നു , വായു മലിനമാക്കുന്നു , ജലസ്രോതസ്സുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നു , കൃഷികളിൽ രാസവളങ്ങൾ കലർത്തി വിഷമയമാക്കുന്നു. ഇതിനെതിരെ പരിസ്ഥിതി അനേകം താക്കീതുകൾ നൽകി. എങ്കിലും ഇവയൊന്നും വകവെയ്ക്കാതെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പഴയ കാലത്തേക്ക് മടങ്ങാം , പരിസ്ഥിതി ഒരു പ്രധാന ഘടകമായി കണക്കാക്കിയിരുന്ന ആ പഴയ കാലത്തേക്ക്. ഇപ്പോഴും വൈകിയിട്ടില്ല. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമായി ഏറ്റെടുത്തു ഒരുമിച്ച് കൈകോർക്കാം. ഒരു മരം പിഴുതെറിയുമ്പോൾ രണ്ട് പുതിയ തൈകൾ നടാം. മാലിന്യങ്ങൾ വലിച്ചെറിയുന്നത് നിർത്താം. അങ്ങനെ ഒരു നവലോകത്തിനായ് മുന്നേറാം. നമ്മുടെ അമ്മയായ പരിസ്ഥിതിയെ സ്നേഹിച്ച് , സംരക്ഷിച്ച് ജീവിക്കാം.

മന്നാ മറിയം വിപിൻ
8 സി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം