ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതിയും മനുഷ്യനും മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഭൂമി എത്രയോ മനോഹരിയാണ്. കോടാനുകോടി സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന ഭൂമി എത്ര സുന്ദരി! പുഴകളും പൂക്കളും പൂമ്പാറ്റകളും നീല ജലാശയവും മഞ്ഞണിഞ്ഞ് മരതകപ്പട്ടുടുത്ത മലനിരകളും മഴയുമെല്ലാമുളള സുന്ദരഭൂമി. കാടും കാട്ടാറുകളും കാട്ടാനകളും താഴ്‌വരകളും മരുഭൂമിയുമൊക്കെയുളള അനുഗൃഹീത ഭൂപ്രദേശം. ഒരു ജീവിയുടെ പരിസ്ഥിതി എന്നത് അതിന് ജീവിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കുന്ന പ്രകൃതിയിലെ എല്ലാ ഘടകങ്ങളും ചേർന്നാണ് രൂപപ്പെടുന്നത്. ഇതിൽ ജീവീയ ഘടകങ്ങൾക്കും അജീവിയ ഘടകങ്ങൾക്കും പ്രാധാന്യമുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള പല ജീവിവർഗങ്ങളും നമ്മുടെ ജീവിതത്തെ അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുന്നു. അതുപോലെ എല്ലാ ജീവജാലങ്ങളും തങ്ങളുടെ നിലനിൽപ്പിനായി ആശ്രയിക്കുന്ന ഒരു ആവാസവ്യവസ്ഥയുണ്ടായിരിക്കും. അവിടുത്തെ ഭൗമാന്തരീക്ഷവും കാലാവസ്ഥയും അവയുടെ ജീവിതത്തെ സ്വാധീനിക്കുന്നു.ഏതെങ്കിലും ഒരു ജീവി വർഗം വർധിക്കുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥിതിയുടെ നിലനിൽപ്പിന് ഭീഷണിയാണ്. പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല. ശാസ്ത്രത്തിനന്റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യങ്ങൾ ഏറെ മെച്ചപ്പെടുത്തി. മാനുഷിക അധ്വാനം ലഘൂകരിക്കുന്ന യന്ത്ര സംവിധാനങ്ങൾ, നൂതനങ്ങളായ വാർത്താവിനിമയ ഉപാധികൾ, വിനോദമാർഗങ്ങൾ ഇവയെല്ലാം മനുഷ്യജീവിതത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. എന്നാൽ വികസനത്തിനായുള്ള വ്യഗ്രതയിൽ പരിസ്ഥിതി നശിക്കുകയും ജീവവായു കളങ്കമാകുകയും തന്മൂലം ഭൂമിയിലെ നിലനിൽപ്പ് പോലും അപകടത്തിലാകുകയും ചെയ്യുന്നു.വ്യവസായവൽക്കരണവും നഗരവൽക്കരണവും ആധുനിക ജീവിതത്തിന് അനുഗ്രഹമാകുമ്പോൾ അതിന്റെ ഉപോൽപ്പന്നങ്ങൾ മനുഷ്യന്റെയും മറ്റ് സസ്യജന്തുജാലങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയാവുന്നു. വ്യവസായവൽക്കരണം പുരോഗതിയുടെ നാഴികക്കല്ലാണെങ്കിലും അതിന്റെ ഫലമായുണ്ടാകുന്ന മലിനീകരണം പ്രകൃതിയുടെ സ്വച്ഛതയെ കാർന്നു തിന്നുന്നതാണ്.ജൈവമണ്ഡലത്തെ മുഴുവൻ വിഷലിപ്തമാക്കുന്ന മലിനീകരണ പ്രവർത്തനങ്ങൾ കാലാവസ്ഥാവ്യതിയാനത്തിനും ജീവന്റെ സ്വാഭാവിക നിലനിൽപ്പിനും ഭംഗം വരുത്തിക്കൊണ്ടിരിക്കുന്നു.ഇത്തരത്തിൽ മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത വികസന പ്രവർത്തനങ്ങൾ വ്യാപകമായ മലിനീകരണത്തിന് കാരണമാവുന്നു. പരിസ്ഥിതി മലിനീകരണം ഈ സ്ഥിതിയിൽ തുടർന്നാൽ ആഗോള താപനം, പ്രളയം, അമ്ലമഴ തുടങ്ങിയവ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ രൂക്ഷമായി ബാധിക്കും. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം ഗൗരവമായി കണക്കിലെടുക്കേണ്ടത് ഒരു വസ്തുതയായി അവശേഷിക്കുന്നു. ഏതൊരു ജീവിയുടെയും ജീവിതം അവയുടെ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്.മനുഷ്യന് ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ അത്യാഗ്രഹത്തിനുളള വക മാത്രം ഇല്ല.നമുക്ക് വേണ്ടതെല്ലാം തരുന്ന പ്രകൃതിയെ നാം ചൂഷണം ചെയ്യുമ്പോൾ ഭൂമിയുടെ നിലനിൽപിനേയും വരുന്ന തലമുറയ്ക്ക് ഉപയോഗിക്കുവാനുളള സ്വാതന്ത്ര്യത്തെയും നാം തടസ്സപ്പെടുത്തുന്നു. ഓർക്കുക ഈ ഭൂമിയിൽ മനുഷ്യർക്ക് മാത്രമായി നിലനിൽക്കാനാവില്ല.ഇനി അധികം ചിന്തിച്ചു കളയുവാൻ നേരമില്ല.പരിസ്ഥിതി നന്മയ്ക്കായ് ബുദ്ധിയെ ഉണർത്തി, കർമ്മ നിരതരായി പ്രവർത്തിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ