Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പരിസ്ഥിതി കവിത
എന്തേ തിരിക്കുന്നു പിന്തിരിഞ്ഞോടുന്നു
യുദ്ധതന്ത്രത്തിൽ നിൻ്റെ
പക്ഷക്കാർ പരാജയപ്പെട്ടുവോ
തേരും കുതിരയും കാലാൾപടകളും
ആകാശമൊക്കെ മറക്കും വിമാനവും
സ്വർണ്ണനാണ്യങ്ങൾ എറിഞ്ഞു നീ
നേടിയ വർണ്ണം വിതറും സുവർണ്ണ കിരീടവും
ഒക്കെയും വാരിയെറിഞ്ഞു നീ എങ്ങോട്ട്
നഗ്നനായ് ഓടുന്നു ഇന്നെൻ്റെ സോദരാ
എങ്ങോട്ടു പോകാൻ അഭയ തുരുത്തുകൾ
എല്ലാം ഇടിച്ചു നിരപ്പാക്കിയില്ലയോ
ഓടുന്ന പാതയിൽ എല്ലാം നീ തന്നെ
കാരമുള്ളിട്ട് കനപ്പിച്ചതല്ലയോ
കാളകൂടത്തിൻ വിഷം വിതച്ചന്നു നീ
നാടും നഗരവും വെട്ടിപ്പിടിച്ച നാൾ
ആരോരുമില്ലാതെ കാട്ടിൽ കിടന്നൊരു
പാരിജാതത്തിൻ പുഴു തിന്ന കൊമ്പു ഞാൻ
എങ്കിലും എൻ്റെ തളിരില തണ്ടിനാൽ
നിൻ്റെ വിയർപ്പിനെ തെല്ലൊന്നു മാറ്റിടാം
പങ്കിലമാകാ ഹരിത പത്രങ്ങളാൽ
നിൻ്റെ വിശപ്പിനെ മെല്ലെയകറ്റിടാം
തെറ്റു തിരുത്തി തിരിച്ചു വന്നീടുക
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ടു കടങ്ങൾ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റുക
തെറ്റു തിരുത്തി തിരിച്ചു വന്നീടുക
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ടു കടങ്ങൾ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റുക
|