സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kappadups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ വികൃതമാക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയെ വികൃതമാക്കുന്ന മനുഷ്യൻ


                    ലോകത്തിതെ ഏതൊരു അത്ഭുതത്തേക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവ പരിസ്ഥിതി. നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ്വ സമ്പത്തിന്റെ കലവറയാണ് നമ്മുടെ പരിസ്ഥിതി. എന്നാൽ ഏറ്റവും പരിഷ്കൃതർ എന്നവകാശപെടുന്നവരാണ് പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാവില്ല. വികസനത്തിന്റെ പേരിൽ പ്രകൃതിയുടെ സുസ്ഥിതി തന്നെ തകർക്കുന്ന ആധുനികമനുഷ്യൻ പല മാരകരോഗങ്ങളും ക്ഷണിച്ചുവരുത്തുന്നു. കാലംതെറ്റിയ മഴയും കടുത്ത വരൾച്ചയും അതിന്റെ ഭാഗമാണ്. സ്വാർത്ഥലാഭത്തിനായി മനുഷ്യൻ ചിന്താരഹിതമായി പ്രവർത്തിക്കുന്ന കാര്യങ്ങൾ പരിസ്ഥിതിയ്ക്ക് വിപത്തായി മാറുന്നു. വനങ്ങൾ നശിപ്പിക്കുന്നത് പരിസ്ഥിതിയെ തകർക്കുന്നു. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു. വ്യവസായശാലകളും മറ്റും അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നു. നദികൾ, കിണറുകൾ, തടാകങ്ങൾ, സമുദ്രങ്ങൾ എന്നിവയിലെ ജലം മലിനമായിരിക്കുന്നു. ശുദ്ധജലം ഇന്ന് വെറുമൊരു സങ്കല്പം മാത്രമായിരിക്കുന്നു. കീടനാശിനിപ്രയോഗംമൂലം സസ്യങ്ങളും ഫലങ്ങളും വിഷമയമായിത്തീർന്നിരിക്കുന്നു. കീടനാശിനികൾ യഥാർത്ഥത്തിൽ ജീവനാശിനികളെന്ന് കാസർഗോഡ് എൻഡോസൾഫാൻ ദുരന്തം നാം നേരിട്ടറിഞ്ഞതാണ്.  ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകരാജ്യങ്ങളിൽ പ്രതിവർഷം അ‍‍ഞ്ചുലക്ഷത്തോളം പേരാണ് കീടനാശിനി വിഷബാധയ്ക്ക് വിധേയമാകുന്നത്. മണ്ണും ജലവും മലിനമാകും. പലരാസമാലിന്യങ്ങളും വായുവിലേക്ക് കലർന്ന് അന്തരീക്ഷത്തേയും മലിനമാക്കുന്നു. മലിനവായു ശ്വസിക്കുന്നത് ശ്വാസകോശക്യാൻസർ അടക്കമുള്ള പല രോഗങ്ങൾക്കും കാരണമാകുന്നു. സൾഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകൾ അമ്ലമഴയ്ക്ക് കാരണമാകുന്നു. ഓസോൺപാളിയിലെ വിള്ളൽമൂലം സൂര്യനിൽനിന്നു അൾട്രാവയലറ്റ് രശ്മികൾ മാരകമായി ഭൂമിയിലെത്തുന്നു. 
                                                              ആഗോളതാപനം വർദ്ധിക്കുന്നത് കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ  വർദ്ധിക്കുന്നതു കൊണ്ടാണ്  ഓക്സിജന്റെ  അളവ് കുറയുന്നത്. അന്തരീക്ഷം മലിനമായതോടെ ഗ്രീൻഹൗസ് വാതകങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചു. ഇതിന്റെ ഫലമായി  അവ വലിച്ചെടുക്കുന്ന ചൂടിന്റെ അളവ് കൂടി. ഇത് അന്തരീക്ഷത്തിലെ താപനില ഉയർത്താൻ തുടങി. ആഗോളതാപനത്തിലെ പ്രധാനവില്ലനാണ് ഈ ഗ്രീൻഹൗസ് ഇഫക്ട്. ആഗോലതാപനം തടയാൻ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. ഭൂമുഖത്ത് ജീവൻ നിലനിർത്താൻ അനുപേക്ഷണീയമായ വായു, വെള്ളം,ആഹാരം എന്നീ ഘടകങ്ങൾ പ്രദാനം ചെയ്യുന്നതിലും വനങ്ങൾ മുഖ്യപങ്കുവഹിക്കുന്നു. ഭൂമുഖത്തെ ജലസ്രോതസ്സുകലളെ നിലനിർത്തുന്നത് വനങ്ങളാണ്.  ഭൂഗർഭജലവിതരണം നിലനിർത്തുന്നതും വനങ്ങൾതന്നെ. 160 കോടി ജനങ്ങൾക്ക് ജീവനോപാധിയാമ് വനങ്ങൾ.  ഒരു ഹെക്ടർ ഹരിതവനം രണ്ടരലക്ഷം ലിറ്റർ വെള്ളം സംഭരിച്ച് മണ്ണിൽ സംഭരിക്കുന്നു എന്നാണ് കണക്ക്. ഇങ്ങനെ വിലമതിക്കാനാകാത്ത, പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക, ആരോഗ്യ സേവനങ്ങൾ നൽകുന്ന വനങ്ങൾ ശരവേഗത്തിലാണ് മൺമരഞ്ഞുകൊണ്ടിരിക്കുന്നത്.  13 ദശലക്ഷം ഹെക്ടർ വനമാണ് പ്രതിവർഷം ലോകത്ത് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അന്തരീക്ഷവായുവിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ തകിടംമറിക്കുന്ന തരത്തിൽ മറ്റു പദാർത്ഥങ്ങൾ കൂടിയ അളവിൽ അന്തരീക്ഷത്തിലെത്തുമ്പേൾ ആണ് വായു മലിനമാകുന്നത്.  ഗാന്ധിജി പറയുന്നു മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഈ ഭൂമിയിലുണ്ട്, എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല. ഈ ബോധ്യമില്ലാതായപ്പോഴാണ് ആഗോളതാപനവും മറ്റു വിപത്തുകളും നുഴഞ്ഞുകയറിയത്. 
                                 പരിസ്ഥിതിയുടെ തകർച്ച പ്രാപ‍‍ഞ്ചിക ജീവിതത്തിന്റെ തകർച്ചയാണെന്നു മനസ്സിലാക്കി നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളിലും കലാലയങ്ങളിലും പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തണം. ധനമോഹത്താൽ പ്രകൃതിനാശം വരുത്തുന്നവരെ നിയമത്തിനുമുൻപിൽ കൊണ്ടുവരണം. അന്തരീക്ഷം വിഷമയമാക്കി നമുക്കൊരു നേട്ടവും വേണ്ടെന്ന് ഓരോ പൗരനും പ്രതിജ്ഞ എടുക്കണം.ഇപ്പോഴത്തെയും ഭാവി തലമുറയുടെയും നന്മക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമുക്കൊന്നിച്ച് കൈകോർക്കാം. ശാസ്ത്രവും സാങ്കേതികതയും ശരിയായരീതിയിൽ ഉപയോഗിക്കാൻ നമുക്ക് ശ്രമിക്കാം. അങ്ങനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താം. പ്രകൃതിയോടിണങ്ങി ജീവിക്കാം. വികസനം ഭൂമിയെ നോവിക്കാൻ ശ്രമിച്ചുകൊണ്ടല്ല നോവിക്കാതെയാണ് വേണ്ടത്. എല്ലാ ജീവജാലങ്ങളെയും നമുക്ക് സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കാം. ഇനി ഭൂമിയെ നോവിക്കില്ലെന്ന് പ്രതിജ്‍ഞ എടുക്കാം. നാം വിജയിക്കുകതന്നെ ചെയ്യും.


ജിസ്മരിയ ജെയ്സൺ
6 A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ കാപ്പാട്, കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം