ഗവ. എച്ച്.എസ്. പുളിക്കമാലി/ പുളിക്കമാലി ഗവ. ഹൈസ്‌കൂൾ ഡ്രാമ ക്ലബ്
പുളിക്കമാലി ഗവ. ഹൈസ്‌കൂള്‍ ഡ്രാമ ക്ലബ്
തികച്ചും ആകസ്മികമായി രൂപപ്പെട്ട ഒന്നാണ് പുളിക്കമാലി ഗവ.ഹൈസ്‌കൂള്‍ ഡ്രാമ ക്ലബ്. ഒന്നര വര്‍ഷം കൊണ്ട് 9 നാടകങ്ങള്‍ ചെയ്ത് 28-ഓളം വേദികളില്‍ അവതരിപ്പിച്ച് ഏകദേശം 60,000/- രൂപയോളം സ്വരൂപിക്കുവാന്‍ നാടക ക്ലബിനായി. 108 കുട്ടികള്‍ ഇതിനോടകം നാടകവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ഇന്ന് കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ നാടക സ്‌കൂള്‍ ടീം എന്ന ഖ്യാതി നമ്മള്‍ നേടിയിരിക്കുകയാണ്. അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ നാടകങ്ങളാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്. വര്‍ണ്ണങ്ങള്‍, അമ്മയുടെ ഉണ്ണികള്‍, പാല്‍പ്പായസം, കുന്താപ്പി ഗുലു ഗുലു, രാജാത്തി, മുചീട്ടു കളിക്കാരന്റെ മകള്‍, ഇയാഗോ, ഒരിടത്തൊരു പാവകൂട്ടം, ഒരു വിവാഹ ആലോചന എന്നിവയാണ് ഡ്രാമ ക്ലബ് ഇതുവരെ ചെയ്ത നാടകങ്ങള്‍. രാജാത്തി കഴിഞ്ഞ വര്‍ഷം നടന്ന ജില്ലാ കലോത്സവത്തില്‍ 3-ാം സ്ഥാനവും എ-ഗ്രേഡും നേടി. ഒരിടത്ത് ഒരു പാവകൂട്ടം എന്ന നാടകം സംവിധാനം ചെയ്തത് ശ്രീകുട്ടി ശശിധരന്‍ എന്ന 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഈ നാടകം 7 വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. എഷ്യനെറ്റിന്റെ കണ്ണാടി, കൈരളി ചാനലിന്റെ കൊച്ചി കാഴ്ച, വനിത മാസികയുടെ 2009 ഓണപതിപ്പ് എന്നിവയില്‍ ഡ്രാമ ക്ലബിനെക്കുറിച്ച് റിപ്പോര്‍ട്ട് വന്നു.
നാടകത്തെ മികച്ചൊരു പഠന പ്രവര്‍ത്തനം എന്ന നിലയിലാണ് സ്‌കൂളില്‍ അവതരിപ്പിക്കുന്നത്. നാടകം കളിച്ചു കിട്ടിയ പൈസയില്‍ ഒരുവിഹിതമെടുത്ത് രണ്ട് ക്ലാസ് മുറികള്‍ക്ക് വാതില്‍ വെച്ച് നല്‍കി. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ന്യൂഡല്‍ഹി ഫെസ്റ്റിവലില്‍ സെലക്ഷന്‍ ഏകദേശം തയ്യാറായിരിക്കുകയാണ്. പ്രമുഖരായ പല നാടക, സിനിമ പ്രവര്‍ത്തകര്‍ എത്തിചേര്‍ന്ന് തുടങ്ങി.