എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രത്യാശയുടെ അപ്പുപ്പൻതാടി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശയുടെ അപ്പൂപ്പൻതാടി


ആ മഴത്തുള്ളികൾ ആശുപത്രി ജനലിലൂടെ അയാളുടെ മുഖത്തെ തൊട്ടു കൊണ്ടിരുന്നു. അയാൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. തീരാ ദുഃഖത്തിന്റെ ഏതോ ഗർത്തത്തിലേക്ക് ആഴ്ന്നുപോയ തന്റെ ജീവിതം... ഒരു കുമിള പോലെയുള്ള ജീവിതം... "നിങ്ങൾ ഇങ്ങനെ ഇരിക്കല്ലേ മനു... ധൈര്യം കൈവെടിയാതിരിക്കൂ..." പുറകിൽ നിന്നും ഡോ. മോഹന്റെ ശബ്ദം. " ഞാനെന്തു ചെയ്യാനാ ഡോക്ടർ... ഇങ്ങനെയിരിക്കുവാനല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്കു പറ്റില്ല. ഒന്നുറക്കെ കരയാൻ പോലും... എന്നെ ആശ്രയിക്കുന്ന ഒരു കുടുംബമുണ്ട്. എനിക്കറിയില്ല എന്തു ചെയ്യണമെന്ന്..." അയാൾ തന്റെ കൈകൾക്കൊണ്ട് മുഖം പൊത്തിപ്പിടിച്ചു. അവ രണ്ടും സൃഷ്ടിച്ച ഇരുട്ടിൽ അയാൾ ഏകാകിയായി. ആശ്വസിപ്പിക്കുവാൻ കഴിയില്ല... ആർക്കും. കാരണം, നഷ്ടങ്ങൾ തന്നെയായിരുന്നു അയാൾക്ക് നേട്ടങ്ങളായി ഉണ്ടായിരുന്നത്... ഇടംവലം നോക്കാതെ അയാൾ ചെയ്തു കൊണ്ടിരുന്ന സേവനങ്ങൾ ... തന്റെ ചുറ്റുമുണ്ടായിരുന്നവരെയെല്ലാം തന്റെ വീട്ടുകാരായി അയാൾ കരുതി. എന്നിട്ടും, ആർക്കും നികത്താനാവാത്ത തന്റെ നഷ്ടം... അറിയില്ല. ആകെ കൂടിയൊരു വീർപ്പുമുട്ടൽ... അസ്വസ്ഥത... സഹായഹസ്തങ്ങൾ തേടിയുള്ള നിലവിളികൾ... ചുറ്റിലും ആരൊക്കെയോ നിന്ന് തന്നെ വേട്ടയാടുന്നു... എവിടെയും ഭീതികൾ... വേർപാടിന്റെ മനസ്സു മടുപ്പിക്കുന്ന ഗന്ധം... അയാൾ പുറത്തേയ്ക്കിറങ്ങി. വിജനമായ വഴി. അതങ്ങനെ തന്നെയായിരിക്കണമല്ലോ. വൈറസിനെ പിടിച്ചു കെട്ടാൻ തങ്ങൾ ഒരുമിച്ചു മുന്നേറി. അതിനാൽത്തന്നെ അതിനെ തങ്ങൾ അതിജീവിച്ചു. എന്നാൽ, അതിനാലുണ്ടായ നഷ്ടങ്ങൾ അനുഭവിക്കേണ്ടി വരുന്നവരിൽ താനും... താൻ അവളെ എത്രമാത്രം സ്നേഹിച്ചിരുന്നു... ജീവിതാവസാനം വരെ അവൾ തന്റെ കൂടെ വേണമെന്ന് ആഗ്രഹിച്ചിരുന്നു... എന്നാൽ വിധിയുടെ തീരുമാനം മറിച്ചായിരുന്നു. അവൾ തന്നെ വിട്ടു പോയി. ഒരു നാടിനെ മുഴുവൻ ആ ഭീകരാവസ്ഥയിൽനിന്നും ഒരു വൈറസ് മാരിയിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചിട്ടും സ്വന്തം ഭാര്യയെ രക്ഷിക്കാൻ... അയാൾക്ക് കരയാതിരിക്കാൻ കഴിഞ്ഞില്ല. അവളുടെ വേർപാട് സത്യത്തിൽ ഒരു ഏകാന്തതയല്ല, വികാര നിബിഡമായ ഒരു ചുറ്റുപാടാണ് അയാൾക്ക് സമ്മാനിച്ചത്. ഭാര്യയോടും അമ്മയോടും ബന്ധുക്കളോടും കൂടെയുള്ള സന്തോഷവും സമാധാനവും നിറഞ്ഞ തന്റെ ജീവിതത്തിലേക്ക് ഒരു സുപ്രഭാതത്തിൽ കൊറോണ വൈറസ് എന്ന പ്രതിസന്ധി കടന്നുകയറുന്നു. ഉറ്റവരിലും നാട്ടുകാരിലുംനിന്ന് ഒട്ടേറെ പേർ അതിന് അടിമകളായി തന്നെ വിട്ടു പോയി. മുണ്ടുകുത്തിപ്പിടിച്ച് മാസ്കുും ഗ്ളൗസും ധരിച്ച് നാട്ടിലേക്ക് ഇറങ്ങി നാടിന് വേണ്ട സേവനങ്ങൾ ചെയ്യാൻ ഒറ്റക്കാണെങ്കിലും അയാൾ ഒരുക്കമായി. തന്നെ സഹായിക്കാനും ആളുകൾ വന്നു തുടങ്ങി. നാടിനെ അയാൾ ഒരുപാട് സ്നേഹിച്ചിരുന്നു. പല പ്രമാണികളും തങ്ങളുടെ അംഗീകാരത്തിന് വേണ്ടിയും മറ്റും കാണിക്കുന്ന കാപട്യം നിറഞ്ഞ സ്നേഹം പോലെ അല്ല. ആത്മാർത്ഥവും നിഷ്കളങ്കവുമായ സേവനം... അതിജീവനം സ്വപ്നംകണ്ട സേവനം... നാട്ടിൽ തലയുയർത്തിപ്പിടിച്ചവരൊന്നും അന്ന് തന്റെ കൂടെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരു പ്രഭാതത്തിൽ തന്റെ ഭാര്യയും ഇതിന് അടിമയാകും എന്ന് താൻ സ്വപ്നത്തിൽ പോലും... താൻ എങ്കിലും അതിൽ നിന്നും രക്ഷപ്പെട്ടല്ലോ... ആ സമാധാനം ഒരു നിമിഷത്തേക്ക് മാത്രമായിരുന്നു. തന്റെ പ്രിയപ്പെട്ടവർ ആരുമില്ലാത്ത ഈ ലോകത്തിൽ പിന്നെ തന്നെ മാത്രം എന്തുകൊണ്ട് ദൈവം എടുത്തില്ല ? ഇവരുടെയെല്ലാം ഓർമ്മകളിൽ കണ്ണീർ വാർത്ത് ജീവിതാവസാനം വരെ ഇങ്ങനെ മരിച്ചു ജീവിക്കാനോ..? പാടില്ല... താൻ ഇങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പാടില്ല. അയാൾ എല്ലാം ഒരു കണ്ണീരിൽ ഒതുക്കി. വീണ്ടും നടന്നു കൊണ്ടിരുന്നു. താൻ തികച്ചും മാറിപ്പോയിരിക്കുന്നുവോ..? അയാൾ വീണ്ടും ചിന്തയിലാണ്ടു. ശരിയാണെന്ന് തോന്നുന്നു. താനിതുവരെ ഇങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. ഇതാദ്യമായിട്ടാണ്. കാരണം, ഇതുവരെ തനിക്ക് ഒരു നഷ്ടവും ഇല്ലായിരുന്നു. ഓ... ഇതുവരെ ഒരു നഷ്ടവും ഇല്ലാത്തതിനാലാണോ ഇങ്ങനെയൊന്ന്??? അയാൾ വീണ്ടും ഒന്നു വിങ്ങാൻ തുടങ്ങി. എന്നാലും ഇത്..! ഇല്ല... ഞാൻ കരയാൻ പാടില്ല. അയാൾ നേരെ നോക്കി. അപ്പോഴതാ ആരോ തനിക്കെതിരെ ഓടി വരുന്നു. അതെ... തന്റെ നേരെ തന്നെ. അയാൾ അടുത്തെത്തിയിരിക്കുന്നു. കിതച്ചുകൊണ്ടയാൾ പറഞ്ഞു: "സാറെ, രാവിലെ മുതൽ അമ്മയ്ക്ക് ഭയങ്കര.." അയാൾ ബാക്കി ഒന്നും കേൾക്കാൻ നിന്നില്ല. പെട്ടെന്നുതന്നെ ആ അമ്മയെ ആശുപത്രിയിലാക്കി. അയാൾ ആശുപത്രിപ്പടി യിലിരുന്നു. വലിയ ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത് അയാൾ വായിച്ചു: "ISOLATION WARD" ഇല്ല...താൻ ഒട്ടും മാറിയിട്ടില്ല. അധികാരികളോടും പോലീസിനോടുമൊപ്പം സ്വന്തം നാടിനെ ബോധവൽക്കരിക്കാനും സേവനം ചെയ്യാനും രക്ഷിക്കാനും തനിക്ക് എന്നും എപ്പോഴും കഴിയും. അയാൾ വിശ്വസിച്ചു. അയാൾ നേരെ നോക്കി നിന്നു. "ഞാൻ എന്നും ഞാൻ തന്നെ." അയാൾ പറഞ്ഞു. അങ്ങകലെനിന്നും എവിടെനിന്നോ ഒരു ഇളംകാറ്റ് അയാളെ തഴുകി. അതിന്റെ ഇലഞ്ഞിപ്പൂമണമുള്ള ഗന്ധം അയാൾ ആസ്വദിച്ചു. അതിനോടൊപ്പം അതേ താളത്തിൽ പറന്നു വന്ന ഒരു കൂട്ടം അപ്പൂപ്പൻ താടികളെ അയാൾ കൗതുകത്തോടെ നോക്കിനിന്നു. അവ പ്രത്യാശയുടെ പ്രതീകമായിരിക്കാം. അയാൾ വിശ്വസിച്ചു.

നേഹ ഷാജി
10 B എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ