ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ശുചിത്വം.

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ശുചിത്വം. | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ ശുചിത്വം.

ഈ കൊറോണക്കാലത്ത് ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. ശുചിത്വമെന്നാൽ വ്യക്തിശുചിത്വവും സാമൂഹ്യശുചിത്വവുമുണ്ട്. ശുചിത്വം എന്നാൽ എപ്പോഴും വൃത്തിയായിരിക്കുക എന്നതാണ്. രണ്ട് നേരവും കുളിച്ച് രണ്ട് നേരവും പല്ലുതേച്ചും എപ്പോഴും ശുചിയായിരിക്കുന്ന മലയാളിക്ക് വ്യക്തി ശുചിത്വത്തിൻ്റെ പേരിൽ മറ്റ് സംസ്ഥാനങ്ങളുടെ മുന്നിൽ അഭിമാനിക്കാനും ലേശം അഹങ്കരിക്കാനും ഉള്ള വകയുണ്ട്.ഇന്ത്യയിൽത്തന്നെ സോപ്പിന്റേയും സോപ്പുൽപ്പന്നങ്ങളുടെയും ഏറ്റവും വലിയ വിപണി കേരളമാണ്. ഇതു തന്നെ നാം മലയാളികൾ ആരോഗ്യമേഖലയിൽ എത്രേത്തോളം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും എത്രത്തോളം മുന്നിലാണെന്നും കാണിക്കുന്നു. വീടിനു പുറത്ത് പോയി വന്നാൽ കാലും മുഖവും കഴുകി ഉള്ളിൽ കയറുന്ന ശീലം മുമ്പേ മലയാളികൾക്കുള്ളതാണ്. കൊറോണക്കാലം അത് ഒന്നുകൂടി ഊട്ടിയുറപ്പിച്ചു എന്ന് മാത്രം. ഇന്നിപ്പോൾ മാസ്ക് ധരിക്കേണ്ടതിൻ്റെയും സോപ്പിട്ടു കൈ കഴുകേണ്ടതിൻ്റെയും സാനിറ്റൈസർ ഉപയോഗിക്കേണ്ടതിൻ്റെയും ഒക്കെ ആവശ്യകതയെക്കുറിച്ച് നമ്മൾ മലയാളികൾക്ക് ആരും പറഞ്ഞുതരേണ്ടതില്ല.എല്ലാ വർഷവും ഒക്.15 ലോക കൈ കഴുകൽ ദിനമായി സ്കൂളിൽ ആചരിച്ച കാര്യം സാന്ദർഭികമായി ഞാൻ ഓർത്തു പോകുന്നു. സോപ്പോ സോപ്പ്ലായനിയോ ഉപയോഗിച്ച് ഇരു കൈകളും വിവിധ രീതിയിൽ ഉരച്ച് 20 സെക്കൻ്റ് നേരം കൈ കഴുകി വൃത്തിയാക്കാൻ അന്നു സ്കൂളിൽ നിന്നു കിട്ടിയ പരിശീലനം ഇന്ന് ഞാനും അത് വഴി എന്റെ കുടുംബാംഗങ്ങളും പ്രായോഗികമാക്കുന്നു. ഒപ്പം എന്റെ കൂട്ടുകാരും നാട്ടുകാരും. രോഗാണുവിനെ നശിപ്പിക്കാനുള്ള ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ ഏറ്റവും പ്രധാനഭാഗം ഈ കൈ കഴുകലാണല്ലോ.

എന്നാൽ ഇത് നമ്മുടെ ചില ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള കൈ കഴുകലാകരുത്. ഈ കൈ കഴുകലോടെ മഹാമാരിയെ ചെറുക്കാനുള്ള നമ്മുടെ ഉത്തരവാദിത്തങ്ങൾ അവസാനിച്ചില്ല എന്നർഥം. വ്യക്തിശുചിത്വത്തിൻ്റെ പേരിൽ പാരിൽ പകരം വയ്ക്കാൻ ആളില്ലാത്ത 'ദൈവത്തിന്റെ സ്വന്തം നാട് ' സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം പിന്നിലാണ്.പൊതുയിടങ്ങളിൽ തുപ്പുകയും മറ്റും ചെയ്യുന്ന മലയാളികൾ നാടിൻ്റെ അഭിമാനത്തിന് ഭംഗം വരുത്തുന്നു. മനുഷ്യൻ ഇടപെടുന്ന പൊതു ഇടങ്ങൾ ശുചിയായി സൂക്ഷിക്കുന്നതാണ് സാമൂഹ്യശുചിത്വം.' ഇവിടെ മാലിന്യം നിക്ഷേപിക്കരുത് ' എന്ന ബോർഡ് കണ്ടാൽ അതിനു താഴെത്തന്നെ മാലിന്യം നിക്ഷേപിക്കാതെ ചിലർക്ക് ഉറക്കം വരില്ല. ഈ മലിനമായ പരിസരം രോഗം പകരാനുള്ള സാധ്യത വർധിപ്പിക്കുന്നു.പൊതു സ്ഥലത്ത് തുപ്പുമ്പോൾ നാമവിടെ രോഗാണുക്കളെ നിക്ഷേപിക്കുന്നു. ഇന്നിതിനൊക്കെയെതിരെ ഉടനടി സർക്കാർ നടപടികൾ ഉണ്ടാകണം. എന്നാലും, ചിലർ ഇന്നും പൊതു ഇടങ്ങളിൽ തുപ്പുകയും മലമൂത്ര വിസർജ്ജനം നടത്തുകയും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്നു.ഇവരൊക്കെ ഓർക്കേണ്ടത് ഇതൊക്കെ ചെയ്തുകൂടാ എന്നു പറയുന്നത്, പറയുന്നവന് വെറുതെ സുഖത്തിനല്ല ,മറിച്ച് നമ്മുടെ ഓരോരുത്തരുടേയും അതോടൊപ്പം നാടിൻ്റെയും നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടിയാണ് എന്ന കാര്യമാണ്. ഈ ബോധം നമുക്കെല്ലാവർക്കും എന്നും വേണം. വ്യക്തി ശുചിത്വം മാത്രം പോരാ സാമൂഹ്യ ശുചിത്വം കൂടി ഉണ്ടായാലേ സമൂഹം എന്നും ആരോഗ്യ പൂർണമായി നിലനിൽക്കുകയുള്ളൂ. സാമൂഹ്യ ശുചിത്വം പാലിക്കാത്തതുമൂലം വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് നാം ഇരയാകുന്നു. നാം വലിച്ചെറിയുന്ന മാലിന്യങ്ങൾക്കിടയിൽ കോറോണ പോലുള്ള വൈറസുകൾക്ക് ദിവസങ്ങളോളം നിലനിൽക്കാനാകും. ഈ കൊറോണക്കാലത്ത് വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും നാം ഒരേ പോലെ പാലിക്കണം. ഒരു കൊറോണ മുക്ത ലോകത്തേക്ക് നമുക്ക് വേഗത്തിൽ നടന്നടുക്കാം.

ആഷ്‍ലിൻ.ആർ.
VIII A ജി. എച്ച്. എസ്. എസ്. മടിക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം