എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ശുചിത്വവും പകർച്ചവ്യാധികളും
ശുചിത്വവും പകർച്ചവ്യാധികളും
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം. ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും, സാനിട്ടേഷൻ എന്ന ആംഗല പദത്തിനും പകരം വിവിധസന്ദർഭങ്ങളിൽ പല കാര്യങ്ങളെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം . ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ അതേ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വത്തിന് പകരമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ചുറ്റുപാടിൽ എവിടെയെല്ലാം നാം സൂക്ഷിച്ച് നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്. വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായ ശാലകൾ, ബസ്സ് സ്റ്റാന്റുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുമുണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല. വ്യക്തിശുചിത്വം , ഗൃഹശുചിത്വം,പരിസര ശുചിത്വം , എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല അനുവർത്തനം ആണ് ഇന്നത്തെ ആവശ്യം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക. പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യ-വിദ്യാഭാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ൻ അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ൻ കൺതുറന്നു നോക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ്. എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസരശുചിത്വതിലും പോതുശുചിത്വതിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്ത് വക്കിൽ ഇടുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽകാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലെക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാംസ്കാരികമൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ ‘മാലിന്യ കേരളം’ എന്ന ബഹുമതിക്ക് നാം അർഹാരാകുകയില്ലേ? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്തമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ൻ നാം തിരിച്ചറിയുന്നില്ല. മാലിന്യകൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു. ശുചിത്വം ഉള്ള പുതുതലമുറക്കായി നമ്മുക്ക് പരിശ്രമിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ