ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/പരദേശി
പരദേശി
കാലങ്ങളായി ലോക്ഡൗണിലായിരുന്ന തട്ടിൻ പുറത്തെ ഉരുളിയും, ചരുവവും, റാന്തലും ക്വാറന്റൈൻ പിരീഡുകഴിഞ്ഞ് പുറം ലോകം കാണാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി, വിഷുക്കാലം നേരത്തേ വിരുന്നു വന്ന പോലെ, പോലെയല്ല ശരിക്കും വിരുന്നു വന്നിരിക്കുന്നു.ഒരാഴ്ച്ച മുൻപൊരു വെളിച്ചാംകാലത്ത് വാതിലിനു മുട്ട് കേട്ട് തുറക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ മൊബൈൽബെല്ലു കേട്ട് ഞെട്ടിയെങ്കിലും ആദ്യം മൊബൈൽ എടുത്തു."അമ്മേ വാതിൽ തുറക്കൂ ഞാനാണെന്ന"ഹരിയുടെ ശബ്ദം ദാ വരുന്നൂവെന്ന് പറയുന്നതിനുമുൻപേ വാതിലിന്റെ സാക്ഷ നീക്കിയിരുന്നു. നല്ല പാതിയും കുൂഞ്ഞുമക്കളും ഒരു ചെറിയ ബാഗുമായിട്ട് വാതിൽ തുറക്കാൻ കാത്തിരുന്ന പോലെ അവനകത്തേക്ക് കയറി.എന്താ പെട്ടെന്ന് എന്ന ചോദ്യത്തിന് ഒരു ഗ്ലാസ് കട്ടൻ തരൂ എന്ന മറുപടി; പിന്നീട് ഒന്നും ചോദിപ്പിച്ചില്ല. വിഷു കഴിഞ്ഞിട്ടേ മടക്കമുള്ളൂ എന്നു പറഞ്ഞപ്പോൾ ഇതിനു മുൻപ് വിഷുവിന് വരുമെന്ന് കരുതി ഒരുക്കിയതെല്ലാം പാഴായതുകൊണ്ട് ഈ വർഷം ഞാൻ ഒന്നും കരുതിയില്ലല്ലോ കുട്ടീ..... സാരമില്ല അത്യാവശ്യം വേണ്ടത് തൊടിയിലുണ്ടാകും എന്നു മറുപടി പറയുമ്പോൾ ഉറപ്പുണ്ടായിരുന്നില്ല അവനും പട്ടണത്തിൽ വളർന്ന മക്കൾക്കും ഇവിടം ശരിയാകുമോയെന്ന്. പതുക്കെ പതുക്കെ പറമ്പിലെ ചക്കേം, മാങ്ങേം, പേരക്കേം, അടയ്ക്കാ പൂവിന്റെ കൂമ്പിലെ തേനും എല്ലാം അവരുടേതായി .അച്ഛമ്മയുടെ മടിയിലിരുന്ന് ഒരു പരദേശി "കൊറോണ" വന്ന് എല്ലാവർക്കും അസുഖം വന്നതു കൊണ്ടാണ് നഗരം വിട്ടതെന്ന് പറഞ്ഞ കൊച്ചുമകനോട് നമ്മുടെ കുളത്തിലും ഒരു ആഫ്രിക്കക്കാരൻ വിരുന്ന് വന്ന് കൈയ്യടക്കി വച്ചിട്ടുണ്ട്. അവനെ നമുക്ക് ഓടിക്കണം എന്ന് പറഞ്ഞപ്പോൾ മാലപ്പടക്കം പൊട്ടിയപോലൊരു കൂട്ടച്ചിരി മുഴങ്ങി. എന്നും കലണ്ടർ നോക്കിയിരുന്ന താൻ ഏകാദശി പോലും മറന്നല്ലോയെന്നോർത്ത് സങ്കടപ്പെടുന്നതിനു പകരം ദിവസങ്ങൾ നീങ്ങാതിരിക്കട്ടെയെന്ന് പ്രാർത്ഥിച്ചു. അച്ഛമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ചോദിച്ചപ്പോൾ "മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് ഒരു ബുദ്ധിമുട്ടായി താൻ മാറരുതേയെന്നാണാഗ്രഹം എന്നു പറങ്ങപ്പോൾ തൊണ്ടയിടറിയില്ല, പകരം ഒരു പുഞ്ചിരി വിടർന്നു. അവസാനായിട്ട് തുളസീതീർത്ഥം നിന്റച്ഛന്റെ കൈ കൊണ്ട് എന്ന് പറയാതെ പറഞ്ഞു. ഇപ്പോഴണെങ്കിൽ അന്തിത്തിരി വെക്കാനും അടുക്കളയുടെ ചിരവയുടെ സ്ഥാനവും കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പഠിച്ചിരിക്കുന്നു. ഇനി സമാധാനായിട്ട് താക്കോൽ കൈമാറാം. ആളുകളുടെ മുൻപിൽ ചമഞ്ഞു കിടക്കേണ്ടി വന്നില്ല. എന്നാൽ കാണണമെന്ന് ആഗ്രഹിച്ചവർ കാണുകയും ചെയ്തു. ഒറ്റത്തോർത്തുടുത്ത് കർമ്മം ചെയ്യാൻ കുളിക്കാനിറങ്ങവേ ഗോപാലൻ പറഞ്ഞു.’’ആഫ്രിക്കൻ പായലായിരുന്നു നിറച്ചും ആത്തേമ്മ പറഞ്ഞിട്ട് ഇന്നലെ വൃത്തിയാക്കീന്, മാവും വെട്ടിയൊതുക്കി വച്ചിട്ടുണ്ട്, ഇതിപ്പൊ മനം പോലെ ആയി എല്ലാം...
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ