എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/വാർദ്ധക്യം
വാർദ്ധക്യം
വർഷങ്ങളോളമുള്ള പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ഒടുവിൽ കൂലിപ്പണിക്കാരനായ മാധവനും ഭാമയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചു. നല്ല ഓമനത്തമുള്ള കുഞ്ഞ്. അവരവനെ താഴത്തും തലയിലും വയ്ക്കാതെ ഓമനിച്ചു വളർത്തി. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചും ആ മാതാപിതാക്കൾ അവനെ താലോലിച്ചത്. അവന്റെ സന്തോഷം മുന്നിൽ കണ്ട് അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു. വർഷങ്ങൾ കടന്നുപോയി. മകൻ തങ്ങൾക്കൊപ്പം വളർന്നിട്ടും സ്നേഹനിധികളായ ആ മാതാപിതാക്കൾ അവനെ പൊന്നുപോലെ നോക്കി. യാതൊരു തരത്തിലുള്ള ജോലികളും അവർ അവനെക്കൊണ്ട് ചെയ്യിച്ചില്ല. പഠനത്തിൽ മാത്രം ശ്രദ്ധിക്കട്ടെ എന്നായിരുന്നു അവർ പരസ്പരം പറഞ്ഞത്. അങ്ങനെയിരിക്കെ അവന് സ്വപ്ന സമാനമായ ഉദ്യോഗം ലഭിച്ചു. ഒട്ടും വൈകാതെ അവരവനെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. പതുക്കെ പതുക്കെ അവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി. പ്രായാധിക്യത്താൽ തന്റെ മാതാപിതാക്കൾക്ക് വന്ന മാറ്റങ്ങളൊന്നും അവന് മനസിലായില്ല. തന്റെ വളർച്ചയ്ക്കായി കാളകളെപ്പോലെ കഷ്ടപ്പെട്ട അവന്റെ മാതാപിതാക്കളുടെ കഷ്ടതകൾക്കു നേരെ അവൻ മുഖം തിരിച്ചു നിന്നു . പുതിയ ബന്ധങ്ങളും സുഖസൗകര്യങ്ങളും വന്നതോടെ അവന് അവർ ബാധ്യതയും ശല്ല്യവും ആയി. ഒരു ദിവസം അച്ഛനുമമ്മയെയും തന്റെ കാറിൽക്കയറ്റി അവൻ യാത്രതിരിച്ചു. മകന്റെ മാറ്റങ്ങളിൽ ഉള്ളുപിടഞ്ഞിരുന്ന അവർക്ക് ആ യാത്ര വലിയ സന്തോഷമുണ്ടാക്കി. അവന്റെ കാർ വലിയ കുന്നുകളൊക്കെ താണ്ടി മരങ്ങൾ നിറഞ്ഞ ഒരു പാതയിലൂടെ അതിവേഗം പാഞ്ഞു. സന്തോഷം കൊണ്ടും അതിശയം കൊണ്ടും ആ വൃദ്ധമാതാപിതാക്കൾ പുറത്തേക്കു നോക്കിക്കൊണ്ടേയിരുന്നു. ഒടുവിൽ ഒരു ഗേറ്റും കടന്ന് കാർ ഒരു വലിയ കെട്ടിടത്തിന്റെ മുന്നിലെത്തി. അവർ അതിനു മുന്നിൽ വലിയ അക്ഷരത്തിൽ എഴുതിവെച്ചിരുന്ന ആ ബോർഡ് വായിച്ചു. വൃദ്ധസദനം!!!! ഏതൊക്കെയോ പേപ്പറുകളിൽ ഒപ്പിട്ട് അവരുടെ മുഖത്തു പോലും നോക്കാതെ അവൻ പടിയിറങ്ങി. കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർത്തുള്ളികൾ താഴേക്കു വീഴാതിരിക്കാൻ ആ അച്ഛനും അമ്മയും ഏറെ ബുദ്ധിമുട്ടി. കണ്ണിൽ നിന്ന് തങ്ങളുടെ മകന്റെ കാർ ഒരു പൊട്ടുപോലെ മാഞ്ഞ് അകന്ന് പോകുമ്പോഴും അവർ അത് തന്നെ നോക്കിനിൽക്കുകയായിരുന്നു. വാർദ്ധക്യത്തിന്റെ പടിക്കെട്ടുകൾ പകുതിയിലേറെ താണ്ടിയ ആ മാതാപിതാക്കൾക്ക് നിറകണ്ണുകളോടെ അപ്പോഴും അവന് നന്മ വരുത്തണമേ എന്ന് പ്രാർത്ഥിക്കാനേ കഴിയുമായിരുന്നുള്ളൂ. ആ സമയം കാറിന്റെ മ്യൂസിക് പ്ലേയറിൽ മുഴങ്ങിയ ഏതോ പാശ്ചാത്യസംഗീതത്തിനൊപ്പം അവൻ സ്വയം മറന്ന് പാടുകയായിരുന്നു.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ