ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ധനികൻ പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ധനികൻ പഠിച്ച പാഠം


ഒരിടത്തു് ഒരു ഗ്രാമത്തിൽ ചന്ദ്രശേഖരൻ എന്ന് പേരുള്ള ധനികനായ ഒരു കച്ചവടക്കാരൻ ജീവിച്ചിരുന്നു. അയാൾക്ക് ആ ഗ്രാമത്തിൽ പലയിടത്തായി അഞ്ചോളം ഭക്ഷണ ശാലകൾ ഉണ്ടായിരുന്നു.അയാളുടെ വീടാകട്ടെ , ഒരു കൊട്ടാര സാദൃശ്യമായതും.വിശാലമായ മുറ്റവും ധാരാളം പുരയിടവും. അയാളുടെ വീട്ടിലാകട്ടെ രണ്ടു പത്നിമാരുൾപ്പടെ ഏഴോളം അംഗങ്ങളും ഉണ്ടായിരുന്നു .വീടും വീട്ടു പരിസരവും വൃത്തിയായിരിക്കണമെന്നു ചന്ദ്രശേഖരന് വളരെ നിർബന്ധമാണ്. എന്നാൽ അവശിഷ്ടങ്ങൾ സംസ്കരിക്കുവാനുള്ള സൗകര്യം അയാളുടെ ഭക്ഷണ ശാലകളിൽ ഇല്ലായിരുന്നു. ഈ അവശിഷ്ടങ്ങൾ അയ്യാൾ തന്റെ ജോലിക്കാരെ വച്ച് പാവപ്പെട്ടവരുടെ കൃഷിയിടങ്ങളിലും കുളങ്ങളുടെ സമീപത്തും പാതയോരങ്ങളിലും തുടങ്ങി പലയിടത്തും നിക്ഷേപിക്കുക പതിവായിരുന്നു. ചന്ദ്രശേഖരന്റെ ഈ പ്രവൃത്തിയിൽ പൊറുതിമുട്ടിയ നാട്ടുകാർ ഗ്രാമത്തലവനെ സമീപിക്കാൻ തീരുമാനിച്ചു. ഗ്രാമത്തലവൻ നാട്ടുകാരുടെ പരാതികൾ ശ്രദ്ധാപൂർവം കേട്ടു .അദ്ദേഹം ചന്ദ്രശേഖരനെ കണ്ടു സംസാരിച്ചിട്ടു പരാതികൾക്കൊരു പരിഹാരം കാണാമെന്നു അവർക്കു വാക്കു കൊടുത്തു. ഒരു ദിവസം വൈകുന്നേരം ഗ്രാമത്തലവൻ ചന്ദ്രശേഖരന്റെ വീട്ടിലെത്തി. ചന്ദ്രശേഖരൻ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി.ഗ്രാമത്തലവൻ ചന്ദ്രശേഖരനെതിരായിട്ടുള്ള നാട്ടുകാരുടെ പരാതി അയാളെ ബോധിപ്പിച്ചു. ഇത് കേട്ടയുടനെ അയാളുടെ സ്വതവേയുള്ള ധാർഷ്ട്യം ഉണർന്നു. "ഞാൻ ആരുടേയും വീട്ടിലോ വീട്ടു പരിസരത്തോ ഒന്നും നിക്ഷേപിച്ചില്ലല്ലോ?" ദേഷ്യത്തോടെ അയാൾ ചോദിച്ചു. ഇത് കേട്ടു സമാധാനം കൈവിടാതെ ഗ്രാമത്തലവൻ പറഞ്ഞു " ചന്ദ്രശേഖരാ...പാവപ്പെട്ട കർഷകരുടെ ലോകം അവരുടെ വീടും വീട്ടുപരിസരവും മാത്രമല്ല...മറിച്ചു പുഴകളും കുളങ്ങളും പാതകളും എല്ലാം അവരുടെ ലോകത്തിലുള്ളതാണ്.അവർക്കും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും ആരോഗ്യം നോക്കണ്ടേ ?" "അതിന് ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്?" ചന്ദ്രശേഖരൻ ചോദിച്ചു. "ചന്ദ്രശേഖരൻ വേറൊന്നും ചെയ്യണ്ടാ.....ഇനി മുതൽ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ പാടില്ല.. അവശിഷ്ടങ്ങൾ ആർക്കും ബുദ്ധിമുട്ടില്ലാതെ സംസ്കരിക്കുവാനുള്ള മാർഗ്ഗം നിങ്ങൾ സ്വയം കണ്ടെത്തണം..." ഗ്രാമത്തലവൻ പറഞ്ഞു. ഗ്രാമത്തലവൻ പറഞ്ഞതിൽ ഒരു താക്കീതിന്റെ സ്വരം കൂടിയുണ്ടെന്ന് ചന്ദ്രശേഖരന് മനസ്സിലായി. "ഉം.....നോക്കട്ടെ " ചന്ദ്രശേഖരൻ പറഞ്ഞു. അങ്ങനെ ഏഴെട്ടു ദിവസം കടന്നുപോയി. ഒരു ദിവസം രാവിലെ ഗ്രാമവാസികൾ കൂട്ടത്തോടെ ഗ്രാമത്തലവനെ കാണാനെത്തി.ഗ്രാമത്തലവൻ കാര്യമാരാഞ്ഞപ്പോൾ അവർ പറഞ്ഞു.." അങ്ങുന്നേ ....ആ ചന്ദ്രശേഖരൻ ....അയാൾ ഇപ്പോഴും പഴയപടി തന്നെ കാര്യങ്ങൾ തുടർന്ന് കൊണ്ടുപോകുകയാണ്.... അയ്യാളുടെ വീട് നല്ല വൃത്തിയിൽ സൂക്ഷിച്ചിട്ടു നാട് മൊത്തം അയാൾ മലിനമാക്കുകയാണ് ..." "ഓഹോ....അങ്ങനെയാണല്ലേ....ഞാൻ അവനെ നേരിട്ടുകണ്ടു കാര്യങ്ങൾ മനസ്സിലാക്കിയിട്ടും....അയാൾ അനുസരിക്കാൻ തയ്യാറല്ല???.....എന്തൊരഹങ്കാരം......ഇതിനു ഉചിതമായ ശിക്ഷ തന്നെ അവനു കൊടുക്കണം..." ഗ്രാമത്തലവൻ പറഞ്ഞു. " നിങ്ങളുടെ കൂട്ടത്തിൽ ആരോഗ്യമുള്ള പത്തു ചെറുപ്പക്കാർ എന്നോടൊപ്പം ഇവിടെ നിൽക്കുക... ബാക്കിയുള്ളവർക്ക് വീട്ടിലേക്കു പോകാം. നിങ്ങളുടെ വിഷമത്തിനു ഉടൻ അറുതിയുണ്ടാകും...." പിറ്റേ ദിവസം രാവിലെ വല്ലാത്തൊരു ദുർഗന്ധം ശ്വസിച്ചുകൊണ്ടാണ് ചന്ദ്രശേഖരൻ എഴുന്നേറ്റത്... "എന്താ ഇത്.....എവിടുന്നാ ഈ ദുർഗന്ധം....??" ഇതും അന്വേഷിച്ചു കൊണ്ട് അയാൾ ആ പരിസരം മുഴുവൻ നടന്നു...അങ്ങനെ നോക്കിയപ്പോൾ അതാ ആ വിശാലമായ മുറ്റത്തിന്റെ കിഴക്കേ മൂലക്ക് ഒരു കൂമ്പാരം.... "കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളിലായി താൻ പലയിടത്തായി നിക്ഷേപിച്ച മാലിന്യങ്ങളല്ലേ അത്?" അയാൾ സ്വയം ചോദിച്ചു. "ഇതാരാ ഇവിടെക്കൊണ്ടിട്ടത്..???...അതും ഒറ്റ രാത്രികൊണ്ട്...??? ഹോ... എന്തൊരു ദുർഗന്ധം...?? എന്തായാലും ഇത് ചെയ്തവരോട് പ്രതികാരം ചെയ്യണം.." ചന്ദ്രശേഖരന് അരിശമേറി. എന്നാൽ ചന്ദ്രശേഖരന്റെ പത്നിമാർ വിവേകമുള്ളവരായിരുന്നു. അവർ അയാളോട് സ്നേഹത്തോടെ പറഞ്ഞു... " ഏതായാലും നാട്ടുകാർ ഇത്ര നാൾ സഹിച്ചത് എന്താണെന്ന് മനസ്സിലായില്ലേ... അങ്ങുന്നിനു.. ഇനിയും അരിശം മൂത്തു് പ്രതികാരം ചെയ്യാൻ നിന്നാൽ നാട്ടുകാർ ഒറ്റക്കെട്ടായി നിന്ന് ഇതിലും വലിയ ശിക്ഷ തരും.അത് കൊണ്ട് ഗ്രാമത്തലവൻ പറഞ്ഞത് അനുസരിക്കുകയല്ലേ നല്ലതു..??” ഇത് കേട്ടതും അയാളിലെ വിവേകം ഉണർന്നു...അന്നുതന്നെ അയാൾ അവശിഷ്ടങ്ങൾ സംസ്കരിക്കുവാനുള്ള സംവിധാനങ്ങൾ ചെയ്യാനുള്ള തയ്യാറെടുപ്പു തുടങ്ങി. പിൽക്കാലം നാട്ടുകാർക്ക് ആർക്കും ശല്യമില്ലാതെ നല്ലൊരു മനുഷ്യനായി അയാൾ ജീവിച്ചു .

ഗായത്രി ആർ നാഥ്
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ