Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം
ആദ്യമാദ്യം എനിക്കും ചേച്ചിക്കും സന്തോഷമായിരുന്നു. ദിവസങ്ങൾ അങ്ങനെ പോകെ, ടീച്ചർമാരെയും കൂട്ടുകാരെയും കാണാൻ ആഗ്രഹം തോന്നിത്തുടങ്ങി. ഹോംവർക്കുകൾ ചെയ്യാൻ മനസും കയ്യും വെമ്പി.
പപ്പ ഭയങ്കര ഗൗരവക്കാരനാണ്. ആ ഗൗരവമെല്ലാം അഭിനയമാണെന്നു ഞങ്ങൾക്ക് മനസിലാക്കിത്തന്നത് ഈ കൊറോണക്കാലമാണ്.
ഞാനും ചേച്ചിയും ആവുംവിധം അമ്മയെ വീട്ടുജോലികളിൽ സഹായിച്ചു. പപ്പ ഇടയ്ക്കുവന്ന് സഹായിക്കുന്നതായി ഭാവിച്ചിട്ട്, വായിക്കാൻ സമയം കിട്ടാതെ വച്ച പുസ്തകങ്ങൾ വാശിയോടെ വായിച്ചു.
അമ്മയും ചേച്ചിയും ഞാനും മുമ്പത്തെപ്പോലെ വീട്ടിൽ വരുന്ന ദിനപത്രം മാത്രം വായിച്ചു.
ആദ്യം വാടിയത് അമ്മയുടെ മുഖമാണ്. ദിവസങ്ങൾ പോകെ, ചിലപ്പോഴൊക്കെ പപ്പയുടെ മുഖവും വാടുന്നതു കണ്ടു.
"പപ്പയോടു പലഹാരങ്ങളും ഓറഞ്ചും ആപ്പിളും കുറേ നാളേക്ക് ചോദിക്കരുത് കേട്ടോ!"എന്ന് അമ്മ രഹസ്യമായി പറയുംവരെയും ഞങ്ങൾക്ക് കാര്യത്തിന്റെ ഗൗരവം മനസിലായില്ല...
ഈ ഞെരുക്കങ്ങൾക്ക് അയവുവരുന്നതുവരെ കടയിൽനിന്നു വാങ്ങുന്ന പലഹാരങ്ങളും പഴങ്ങളും പപ്പയോടു ചോദിക്കേണ്ട എന്ന് ഞാനും ചേച്ചിയും തീരുമാനിച്ചത് അങ്ങനെയാണ്. ഞങ്ങളുടെ രുചിയേറിയ അപേക്ഷകൾ ഈ സാഹചര്യത്തിൽ പപ്പയുടെ അസ്വസ്ഥതയ്ക്കു കാരണമാകുന്നുവെന്ന് മനസിലാകുകയായിരുന്നു.
ഇന്ത്യ ലോക്ഡൗണിലായിട്ട് മൂന്നാഴ്ചയാവുന്നു.
"നമ്മുടെ മുഖ്യനും സർക്കാരും കാര്യങ്ങൾ നല്ലനിലയിൽ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ദുരിതങ്ങൾ പരമാവധി കുറയുന്നത് " ഫോണിൽ വിശേഷം പറയുന്ന സുഹൃത്തുക്കളോടെല്ലാം പപ്പ പറയുന്നതു കേട്ടു.
ഇന്നലെ വൈകുന്നേരമാണ് പ്രദീപ ടീച്ചർ വിളിച്ചത്. ഞങ്ങൾ ഓരോരുത്തരോടും ടീച്ചർ പ്രത്യേകം പ്രത്യേകം സുഖവിവരങ്ങൾ അന്വേഷിച്ചു. ഏറ്റവും കൂടുതൽ സന്തോഷിച്ചതു ഞാനാണ്. എന്റെ ക്ലാസ് ടീച്ചറാണു വിളിച്ചത്.
അത്താഴം കഴിക്കാനിരിക്കുമ്പോൾ പപ്പ പറഞ്ഞു, "ഈ സാഹചര്യത്തിൽ, ടീച്ചറുടെ സുഖമാണോ എന്ന ചോദ്യത്തിന് വെറും കുശലാന്വേഷണത്തിനപ്പുറം വലിയ അർത്ഥങ്ങളും മൂല്യങ്ങളുമുണ്ട്..."
ഞങ്ങൾ മുഖമുയർത്തി പപ്പയെ നോക്കി. ആരെക്കുറിച്ചും അത്രപെട്ടെന്ന് നല്ലതു പറയാത്ത ആളാണ്. ഞങ്ങൾക്ക് അദ്‌ഭുതം തോന്നി.
"പപ്പാ..." ഞാൻ വിളിച്ചു.
"ഉം..?" പപ്പ എന്നെ നോക്കി.
"ഒന്നുമില്ല..." ഞാൻ പറഞ്ഞു.
|