ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട/അക്ഷരവൃക്ഷം/കുട്ടി പോലീസ്
കുട്ടി പോലീസ്
അപ്പു...... മോനേ...... എഴുന്നേൽക്ക്, നേരം എത്രയായി എന്ന് വല്ല ബോധവും ഉണ്ടോ. അടുക്കളയിൽ നിന്നും അമ്മയുടെ പതിവായുള്ള വിളി കേട്ടാണ് 'അപ്പു' എന്ന അശ്വിൻ കണ്ണു തുറന്നത്. സമയം എട്ടു മണി കഴിഞ്ഞു കാണും. എന്നും എട്ടു മണി കഴിഞ്ഞാൽ ആണ് അമ്മ അവനെ ഉണർത്തുക. പതിയെ അവൻ പുറത്തേക്കു നടന്നു. അടുക്കളയിൽ അപ്പോൾ രാവിലത്തെ പുട്ട് കുത്തുകയാണ് അമ്മ. അപ്പു വിന്റെ നിഴലനക്കം കണ്ടപ്പോൾ വാത്സല്യം നിറഞ്ഞ പരിഭവത്തോടെ അമ്മ പറഞ്ഞു. " എന്താ അപ്പു... ഇത്, എന്നും അമ്മ വിളിച്ചിട്ട് വേണോ ഒന്ന് എണീക്കാൻ ". വേഗം പോയി പല്ലുതേച്ച് കുളിച്ച് വരൂ...... അമ്മ അപ്പുവിനെ ഇഷ്ടമുള്ള പുട്ട് ഉണ്ടാക്കിയിട്ടുണ്ട്. അപ്പു വേഗം കുളിക്കാനായി പുറത്തേക്ക് നടന്നു. അച്ഛൻ പത്രവും വായിച്ചു ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.കോവിഡ് 19 ന്റെ വാർത്തകൾ ഓരോന്നായി വായിച്ചു മനസ്സിലാക്കുന്നതിന് ഇടയിൽ അച്ഛൻ അപ്പുവിനെ കണ്ട് ഒന്ന് മുഖമുയർത്തി നോക്കി. പെട്ടെന്നാണ് അച്ഛന്റെ ഫോൺ റിങ് ചെയ്തത്.
ഞാൻ അവന്റെ ക്ലാസ് ടീച്ചർ ആണ്. കോവിഡ് 19 കാരണം സ്കൂളുകൾ എല്ലാം നേരത്തെ അടച്ചു എന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. ഇന്നുമുതൽ ആരും സ്കൂളിൽ വരേണ്ടതില്ല. പക്ഷേ എല്ലാ പാഠപുസ്തകവും നന്നായി പഠിക്കാൻ അവനോട് പറയണം... ഈ അടച്ചുപൂട്ടൽ കാലം നല്ല രീതിയിൽ ഉപയോഗിക്കാൻ പറയണം" " ശരി ടീച്ചർ" അച്ഛൻ ഫോൺ വെച്ചു. " നിന്റെ ക്ലാസ് ടീച്ചർ ആണ് മോനേ.... നിനക്കിനി സ്കൂൾ ഇല്ല എന്ന് പറയാൻ വിളിച്ചതാ" ഹായ് സന്തോഷമായി ഞാനിത് അമ്മയോട് പറയട്ടെ.... അപ്പു തുള്ളിച്ചാടി. "അപ്പു..... സന്തോഷിക്കാൻ വരട്ടെ. ഇത് സന്തോഷിക്കാനുള്ള അവസരമല്ല. നീ വിചാരിക്കുന്നത് പോലെ ഇനി കൂട്ടം കൂടി കളിക്കാൻ ഒന്നും പാടില്ല..." അച്ഛൻ താക്കീതു നൽകി. അപ്പു ഒരു വികൃതി കുട്ടൻ ആയിരുന്നു. അച്ഛൻ പറഞ്ഞത് കേൾക്കാതെ അവൻ കഴിച്ചു പെട്ടെന്ന് തന്നെ കൂട്ടുകാരുടെ അടുത്തേക്ക് ഓടി പോയി. കണ്ണനും സലീമും റാണിയും മീരയും അങ്ങനെ നിരവധി കൂട്ടുകാർ അവനുണ്ടായിരുന്നു. അവരെല്ലാം കൂടി റോഡിൽ കളിക്കാൻ തുടങ്ങി.
പെട്ടെന്നാണ് ഒരു വാഹനം അവർക്ക് അടുത്തേക്ക് വന്നത്. അതൊരു പോലീസ് ജീപ്പ് ആയിരുന്നു. അതിൽ നിന്നും കാക്കിയിട്ട കുറേ ആളുകൾ പുറത്തുവന്നു. ചിത്രത്തിൽ എല്ലാം കണ്ടു പരിചയമുള്ള പോലീസുകാർ തന്നെ. അപ്പുവിനും കൂട്ടുകാർക്കും പേടിയായി തുടങ്ങി." മക്കളെ ഇവിടെ നിങ്ങൾ ഇപ്പോൾ കളിക്കാൻ പാടില്ല.. നമ്മുടെ രാജ്യം ഒരു മഹാമാരി യുടെ പിടിയിലാണ്. ഈ അവസരത്തിൽ കുട്ടികളായ നിങ്ങളും മുതിർന്നവരെ പോലെ വീട്ടിൽ ഒതുങ്ങി ഇരിക്കണം. ഈ അസുഖമെല്ലാം ഈ രാജ്യത്തു നിന്നും പമ്പ കടന്നാൽ നിങ്ങൾക്ക് വീണ്ടും സന്തോഷത്തോടെ ഇവിടെ കളിക്കാമല്ലോ... ഇപ്പോൾ നല്ല കുട്ടികളായി എല്ലാവരും വീടുകളിലേക്ക് മടങ്ങുക" കഥയിൽ പായിച്ച് പോലീസുകാരുടെ ക്രൂരത ഒന്നും ഈ മാമൻ മാരുടെ വാക്കുകൾ ഇല്ലല്ലോ... അപ്പു മനസ്സിലോർത്തു.
അവനും കൂട്ടുകാരും തിരിച്ച് അവരവരുടെ വീടുകളിലേക്ക് പോയി. മുറ്റത്ത് അവനെയും കാത്ത് അച്ഛനുമമ്മയും നിൽപ്പുണ്ടായിരുന്നു. അപ്പു നടന്ന കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു. കൂട്ടത്തിൽ പോലീസുകാരുടെ സ്നേഹപൂർവ്വമായ സംസാരത്തെ കുറിച്ചും പറഞ്ഞു."അതെ മോനെ.. അവർ നമുക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രാവും പകലുമില്ലാതെ. ഭക്ഷണവും, വിശ്രമവും ഇല്ലാതെ. നമ്മൾ ഓരോരുത്തരുടെയും സുരക്ഷയ്ക്കായി..... അവരുടെ വാക്കുകൾ ഒരിക്കലും നാം തള്ളിക്കളയരുത്. " അച്ഛൻ പറഞ്ഞത് സത്യമാണെന്ന് അപ്പുവിന് മനസ്സിലായി.
" അച്ഛാ...... വലുതാവുമ്പോൾ എനിക്കും ഒരു പോലീസുകാരൻ ആവണം.... എന്റെ നാടിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു പോലീസ്....." അപ്പുവിന്റെ വാക്കുകൾ ചെറുതാണെങ്കിലും ഉറച്ചതായിരുന്നു.. അച്ഛനും അമ്മയും അഭിമാനത്തോടെ അവനെ എടുത്ത് ഉമ്മവച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ