ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/മിസ്റ്റർ ഫോക്സ്
മിസ്റ്റർ ഫോക്സ്
മിസ്റ്റർ ഫോക്സ് എന്നത്തെയും പോലെ ഫോക്സ് സർ പത്രം വായിക്കുകയായിരുന്നു. ഒപ്പം ഞാൻ ടിവി കാണുകയുമായിരുന്നു. പുള്ളിക്കാരൻ ഓരോ വാർത്തയും അരിച്ചുപെറുക്കി വായിക്കും. അദ്ദേഹത്തിന് രാവിലെ ഒരു ചായ പതിവാണ്. അപ്പോഴാണ് ഒരു ഫോൺ വിളി കേട്ടത്. ഇൻസ്പെക്ടർ ബൽറാം സാർ ആയിരുന്നു അത്. വളരെ നീണ്ട ഒരു സംഭാഷണത്തിനൊടുവിൽ ഫോൺ താഴെ വെച്ചു കൊണ്ട് എൻറെ നേരെ തിരിഞ്ഞു. "കിട്ടു, പെട്ടെന്ന് റെഡിയാകൂ ഒരു സ്ഥലം വരെ പോകണം." ഞാൻ തലകുലുക്കി സമ്മതിച്ചു. നാലു വർഷമായി ഞാൻ അദ്ദേഹത്തിൻറെ അസിസ്റ്റൻറ് ആണ്. അതുകൊണ്ട് തന്നെ എന്ത് പറഞ്ഞാലും ഞാൻ അതേപടി അനുസരിക്കും. യഥാർത്ഥ പേര് പി.ആർ.റാം എന്നാണ് . എന്നാൽ നാട്ടുകാരെല്ലാം വിളിക്കുന്നത് മിസ്റ്റർ ഫോക്സ് എന്നാണ്. പല കേസുകളും അതിവിദഗ്ധമായി കണ്ടുപിടിക്കുന്നത് കൊണ്ടാണ് നാട്ടുകാർ ഈ ഓമനപ്പേരിട്ടത്. ഫോക്സ് സർ ബൽറാം സാറിൻറെ ഏറ്റവുമടുത്ത സുഹൃത്താണ്. അതുകൊണ്ടുതന്നെ ഏതൊക്കെ കേസ് കയ്യിൽ കിട്ടിയാലും ആദ്യം വിളിക്കുന്നത് ഫോക്സ് സാറിനെയാണ്. അങ്ങനെ കുളിച്ചു റെഡിയായി 10 മിനിറ്റിനകം പോലീസ് സ്റ്റേഷനിൽ എത്തി. സംഭവം ഒരു വാഹനാപകടം ആയിരുന്നു. ഒരു കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടം. നമ്മൾ സംഭവസ്ഥലത്തേക്ക് പോയി. ബൈക്കുകാരൻ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നാട്ടുകാർ എല്ലാവരും ഓടിക്കൂടിയപ്പോൾ കാറോടിച്ചിരുന്നയാൾ അവിടെയില്ലായിരുന്നു. ഓടിച്ചിരുന്ന ആൾ ഒളിവിൽ പോയെന്നാണ് പോലീസിൻറെ നിഗമനം. റാം സാർ സംഭവസ്ഥലം വിശദമായി പരിശോധിച്ചു. സൂക്ഷ്മമായ പരിശോധനയ്ക്കൊടുവിൽ എന്നെ കാറിനടുത്തേക്ക് വിളിച്ചു. ഒരു ജ്യൂസ് ക്യാൻ ഡ്രൈവറുടെ സീറ്റിൽ വീണു കിടപ്പുണ്ടായിരുന്നു. സീറ്റ് മുഴുവൻ നനഞ്ഞിരുന്നു. ഒന്നും മനസ്സിലാവാതെ ഞാൻ അങ്ങനെതന്നെ നിന്നു. "കിട്ടു, ഇത് കണ്ടിട്ട് നിനക്ക് എന്ത് മനസ്സിലായി?" "എനിക്ക് ഒന്നും പിടികിട്ടുന്നില്ല സർ ". "ഈ കാറിൽ ഡ്രൈവർ ഇല്ലായിരുന്നു ". "എന്താ സാർ ഉദ്ദേശിക്കുന്നത് ?" "ഈ കാറിൽ ഡ്രൈവർ ഉണ്ടായിരുന്നുവെങ്കിൽ ഇടിയുടെ ആഘാതത്തിൽ ജ്യൂസ് ക്യാൻ അയാളുടെ മടിത്തട്ടിൽ വീഴുമായിരുന്നു. എന്നാൽ ഇവിടെ ജ്യൂസ് സീറ്റിലാണ് വീണിരിക്കുന്നത്. കാറിൽ ഡ്രൈവറുണ്ടായിരുന്നെങ്കിൽ ഒരിക്കലും സീറ്റ് ഇത്രയും അധികം നനയോമായിരുന്നില്ല". "പിന്നെ എങ്ങനെയാണ് ഈ അപകടം നടന്നത്?" "ഞാൻ എല്ലാം വിശദമായി നിനക്കു പറഞ്ഞുതരാം". സംഭവസ്ഥലത്തുനിന്ന് 20 മീറ്റർ മാറി ഒരു വലിയ കയറ്റം ഉണ്ടായിരുന്നു. ബോസ് എന്നെ അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി. കയറ്റത്തിന് മുകളിൽ ഒരു സ്റ്റോപ്പർ വീണു കിടപ്പുണ്ടായിരുന്നു. സ്റ്റോപ്പർ ചൂണ്ടിക്കാണിച്ചുകൊണ്ട് ബോസ് എന്നോട് പറഞ്ഞു. "ഇവിടെയാണ് കാർ പാർക്ക് ചെയ്തിരുന്നത്. കാറിന് ഹാൻഡ് ബ്രേക്ക് ഇല്ലാത്തതിനാൽ സ്റ്റോപ്പർ വച്ച് കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. ആരോ മനഃപൂർവം സ്റ്റോപ്പർ മാറ്റിയതാണ് ഈ വലിയ അപകടത്തിനു കാരണം"." അപ്പോൾ കുറ്റവാളി ആരാണ് സാർ?" " അത് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഇത് ഒരു വാഹനാപകടം അല്ല; ഒരു കൊലപാതകമാണ്". ഇത്രയും പറഞ്ഞു കൊണ്ട് ബോസ് സൂക്ഷ്മമായ പരിശോധനയിലേക്ക് കടന്നു. കുറച്ചു സമയം കഴിഞ്ഞു ഫോക്സ് സർ എങ്ങോട്ടോ പോകുന്നത് കണ്ടു. 10 മിനിറ്റിനുശേഷം ഇൻസ്പെക്ടർ ബൽറാം സാറിന് ഒരു ഫോൺ കോൾ വന്നു. അത് ഫോക്സ് സർ ആയിരുന്നു. പെട്ടെന്ന് തന്നെ ഒരു സ്ഥലം വരെ വരാൻ വേണ്ടിയാണ് ഫോക്സ് സർ വിളിച്ചത്. ഇൻസ്പെക്ടറോടൊപ്പം ഞാനും അങ്ങോട്ടേക്ക് പോയി. ഒരു വീട്ടുമുറ്റത്താണ് ജീപ്പ് ചെന്നു നിന്നത്. പ്രവീൺ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻറെ വീടായിരുന്നു അത്. ബോസ് പ്രവീണിനെ ചോദ്യം ചെയ്യുകയായിരുന്നു. ഞങ്ങൾ വരുന്നത് കണ്ടു ഫോക്സ് സർ ചോദ്യം ചെയ്യൽ നിർത്തി. എന്നിട്ട് പ്രവീണിനെ അറസ്റ്റ് ചെയ്യാൻ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. ഒന്നും മനസ്സിലാവാതെ ഞാൻ ഫോക്സ് സാറിനോട് ചോദിച്ചു. "ഇയാളാണോ യഥാർത്ഥ കുറ്റവാളി?" " അതെ കിട്ടൂ". "സർ എങ്ങനെയാണ് ഇയാളെ കണ്ടുപിടിച്ചത്?" "സംഭവസ്ഥലം പരിശോധിക്കുന്നതിനിടയി ലാണ് എനിക്ക് ഒരു ഐഡൻറിറ്റി കാർഡ് കിട്ടിയത്. അതിനുശേഷം ഞാൻ അടുത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഞാൻ അതിൽ പ്രവീണിൻറെ മുഖം കണ്ടു. ഒന്നു കൂടി ഉറപ്പു വരുത്താൻ വേണ്ടി കാർഡിലുള്ള കമ്പനിയിൽ ഞാൻ ചെന്ന് അന്വേഷിച്ചു. അപ്പോൾ ഇന്ന് പ്രവീൺ ജോലിക്ക് വന്നിട്ടില്ല എന്ന് മനസ്സിലായി. അതിനു ശേഷം ഞാൻ പ്രവീണിന്റെ വീട്ടിൽ വന്നു. സത്യം മുഴുവൻ പ്രവീണിൽ നിന്നും മനസ്സിലാക്കി. പ്രവീൺ മനഃപൂർവം കയറ്റത്തിന് മുകളിൽ കാർ പാർക്ക് ചെയ്യുകയായിരുന്നു. അപകടത്തിൽ മരിച്ച ആൾ വരുന്ന സമയം കൃത്യമായി അറിയാവുന്ന പ്രവീൺ തക്കസമയത്ത് സ്റ്റോപ്പർ മാറ്റി കൊലപാതകം നടപ്പാക്കുകയായിരുന്നു. "പ്രവീൺ എന്തിനാണ് അദ്ദേഹത്തെ കൊന്നത്?" " പ്രവീൺ ജോലി ചെയ്യുന്ന കമ്പനിയിലെ എം ടി ആയിരുന്നു അദ്ദേഹം. മാനസികമായി പീഡിപ്പിക്കപ്പെട്ട പ്രവീൺ ഇങ്ങനെ ഒരു കൊലപാതകം പ്ലാൻ ചെയ്യുകയായിരുന്നു. കേസിന് പിന്നിലെ രഹസ്യങ്ങൾ ചുരുളഴിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. കേസ് തെളിയിച്ച മിസ്റ്റർ ഫോക്സിന് നന്ദി പറഞ്ഞുകൊണ്ട് പ്രതിയെയും കൂട്ടി ബൽറാം സാർ സ്റ്റേഷനിലേക്ക് തിരിച്ചുപോയി. അങ്ങനെ ഒരുവട്ടംകൂടി മിസ്റ്റർ ഫോക്സ് തൻറെ കഴിവ് തെളിയിച്ചു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ