സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഇന്ന് ലോകം ഒരു മഹാ മാരിയുടെ മുന്നിൽ താണ് നിൽക്കുന്ന അവസ്ഥയാണ് അതിൽ നിന്ന് ഉയിർത്ത് എഴുന്നേൽക്കാൻ പലതരത്തിലും മനുഷ്യർ ശ്രമിക്കുന്നു. ഇന്നത്തെ പത്ര വാർത്തയിൽ എന്നെ ആകർഷിച്ച ഒരു ഉയിർപ്പിന്റെ കഥ നിങ്ങളുമായി ഞാൻ പങ്കു വെയ്ക്കുന്നു. ഉയിർത്തെഴുന്നേൽപ്പിന്റെ ഛായാചിത്രം : വലംകൈ തകർന്നപ്പോൾ ചായക്കൂട്ടുകൾ ഇടംകൈക്ക്‌ കൈമാറി ശശിധരൻ ചിത്രരചനയിൽ കൊട്ടാരക്കര: മൈക്കെലാഞ്ജല ഭരിച്ചിരുന്ന ഛായാചിത്രങ്ങളുടെ ലോകത്ത് എന്തെങ്കിലുമൊന്ന് സംഭാവന ചെയ്യണം. കൊട്ടാരക്കര ശശികല ആർട്‌സിലെ എ.ശശിധരൻ (54) തന്റെ ഫെയ്‌സ്ബുക്കിൽ ആമുഖമായി കുറിച്ചിരിക്കുന്ന വരികളാണിവ. ഇടംകൈകൊണ്ട് ഇതു കുറിക്കുമ്പോൾ വലംകൈക്കു താഴെ ശൂന്യമായ കൈപ്പത്തിയുടെ തുമ്പ് ഒന്നു പിടഞ്ഞിട്ടുണ്ടാകാം. 16-ാംവയസ്സിൽ വരകളുടെയും വർണങ്ങളുടെയും ലോകം തഴുകിയുണർത്തിയ വലതു കൈപ്പത്തി ചിന്നിച്ചിതറിയതിന്റെ ഓർമകൾക്ക് 37 വയസ്സ്‌. വർണങ്ങളുടെ ലോകം മാഞ്ഞുപോയെന്നു വിധിയെഴുതിയവർക്ക് തിരുത്തേണ്ടിവന്നു. വലംകൈക്ക് നഷ്ടമായ വർണക്കൂട്ടുകൾ ഇടംകൈ ഏറ്റുവാങ്ങി. ആശുപത്രിക്കിടക്ക വിടുമ്പോൾ ഇടംകൈ പെൻസിലിനോടു കൂട്ടുകൂടി. പിന്നെ തീവ്രപരീക്ഷണത്തിന്റെ നാളുകൾ. കേരള സാഹിത്യ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ നിരന്നിരിക്കുന്ന എണ്ണച്ചായാചിത്രങ്ങൾ ആ പരീക്ഷണകാലത്തിന്റെ മറുപടിയാണ്. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ശശിധരന്റെ അതിജീവനത്തിന്റെ കഥകളും പറയും. 1983-ലാണ് കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിൽ വഴിപാട് വെടിക്കോപ്പുകൾ ഒരുക്കുന്നതിനിടെ ശശിധരന്റെ വലതു കൈപ്പടം ചിതറിത്തെറിച്ചത്. അഞ്ചാം ഉത്സവനാളിൽ അച്ഛനെ സഹായിക്കാനാണ് ശശിധരൻ ക്ഷേത്രത്തിലെത്തിയത്. ചിത്രകലയുടെ ലോകത്ത് ആവേശത്തോടെ സഞ്ചരിക്കുമ്പോഴാണ് ഒരു തീപ്പൊരിയിൽ വലംകൈ പിണങ്ങിത്തെറിച്ചത്. ബോധം തെളിയുമ്പോൾ വലതു കൈപ്പത്തി കൂട്ടിനില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു. പകുതിയറ്റ തള്ളവിരലുള്ള ഇടതുകൈയിലെ വിരലുകൾക്കിടയിൽ പെൻസിൽ തിരുകിനോക്കി. ഒടുവിൽ ഗാനഗന്ധർവൻ യേശുദാസിന്റെ ചിത്രം വരച്ചുതീർത്തപ്പോൾ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെത്തി. പിന്നെ വലംകൈ മറന്ന നാളുകൾ. വരകളിൽനിന്ന്‌ എണ്ണച്ചായചിത്രത്തിലേക്ക്. വരച്ച ചിത്രങ്ങളുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ടാകും. മലയാളക്കരയിലെ ഒട്ടുമിക്ക സാഹിത്യകാരന്മാരുടെയും ചിത്രങ്ങൾ സാഹിത്യ അക്കാദമിക്കായി വരച്ചു. രാഷ്ട്രീയനേതാക്കളും വരകളിൽ നിറഞ്ഞു. കൂട്ടത്തിൽ കൂടുതലിഷ്ടം ഇ.കെ.നയനാരുടെ ചിത്രത്തോട്. രവിവർമ്മച്ചിത്രങ്ങൾ, ഇഷ്ടദേവൻമാർ, തിരുവത്താഴം തുടങ്ങി ചിത്രങ്ങളുടെ നിര നീളും. മഹാഗണപതിക്ഷേത്രത്തിലിരിക്കുന്ന ഗണപതിയുടെ വലിയ ചിത്രം ശശിധരന്റെ വഴിപാടാണ്. വലംകൈയുടെ വല്ലായ്മ മറയ്ക്കാൻ അണിയിച്ച കൃത്രിമ കൈപ്പത്തി വർഷത്തിലൊരിക്കൽ ചായംപൂശി മിനുക്കും. ചിത്രകല ജീവിതമാർഗമായതിനാൽ ലോക് ഡൗണിലും ശശിധരന് വിശ്രമമില്ല. എണ്ണച്ചായചിത്രലോകത്ത് ഉയിർത്തെഴുന്നേൽപ്പിന്റെ കഥപറയുന്ന ഛായാചിത്രമായി ശശിധരൻ തിളങ്ങുന്നു. അവണൂരിലെ ഗോകുലത്തിൽ കൂട്ടിന് ഭാര്യ അമ്പിളിയും മകൻ ഗോകുലും ഒപ്പമുണ്ട്‌. നിങ്ങൾക്ക് എല്ലാവർക്കും ഇൗ മഹാമാരി നിന്ന് ഉയിർത്ത് എഴുന്നേൽക്കാൻ കഴിയട്ടെ .നന്ദി നമസ്കാരം .

ശ്രീറാം എസ്. ഉണ്ണിത്താൻ
8A സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]