പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 'കോവിഡ്-19 പടരാതിരിക്കാൻ വേണം ചില അടിയന്തര നടപടികൾ.' 1. എങ്ങനെയാണ് കൊറോണവൈറസ് ഉമിനീർ തുള്ളികളിലൂടെ പടരുന്നത്? രോഗം ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം അയ്യാളുടെ വായിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുന്ന ഉമിനീർ തുള്ളികളിൽ നിന്നാണ് രോഗം പടരാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. ആരോഗ്യവാനായ ഒരാളുടെ മൂക്ക്, കണ്ണ്, വായ എന്നീ ശരീരഭാഗങ്ങളിലൂടെയാണ് ഈ വൈറസുകൾ അകത്തേക്ക് പ്രവേശിക്കുന്നത്. നിങ്ങളുടെ കണ്ണ്, ചെവി, മുക്ക് എന്നീ ഭാഗങ്ങളിൽ ഇടയ്ക്കിടെ സ്പർശിക്കുന്ന ശീലം ഒഴിവാക്കുക.
2. കൊറോണവൈറസ്സിനെ പ്രതിരോധിക്കേണ്ടത് എങ്ങനെയാണ്? ജീവനെടുക്കുന്ന വൈറസിനെതിരെ എങ്ങനെ പ്രതിരോധം സൃഷ്ടിക്കാം എന്ന് ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം. തുറസ്സായ സ്ഥലങ്ങളിൽ എവിടെയെങ്കിലും വച്ച് ആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഇനി പറയുന്ന രണ്ട് കാര്യങ്ങൾ ശ്രദ്ധയോടെ പാലിക്കണം: * രോഗബാധിതരായ വ്യക്തികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോഴെല്ലാം ഉമിനീർ തുള്ളികൾ തെറിച്ചു വീഴാതിരിക്കാനായി അവരിൽ നിന്നും അര മീറ്റർ മുതൽ രണ്ട് മീറ്റർ വരെ അകലം പാലിച്ച് മാറി നിൽക്കാൻ ശ്രദ്ധിക്കുക. *അതുപോലെ തന്നെ രോഗലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികൾക്ക് ഒരു ഡിസ്പോസിബിൾ മാസ്ക് വാങ്ങി നൽകുകയും ചെയ്യാം. മാസ്കുകൾ ഉപയോഗിക്കുന്നതു വഴി അവർക്ക് വീണ്ടും അടുത്ത തവണ തുമ്മാനുള്ള പ്രവണത ഉണ്ടാകുമ്പോൾ ഇത് സമീപത്തുള്ള എല്ലാവർക്കും പരിരക്ഷ നൽകുവാൻ സഹായിക്കുന്നു. 3. യാത്ര ചെയ്‌താൽ കൊറോണവൈറസ് പിടിപെടുമോ? യാത്രകളല്ല, ആരോഗ്യമാണ് പ്രധാനം. ഭീതിജനകമായ ഈ നാളുകളിൽ തിരക്ക് നിറഞ്ഞ സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ പൊതുവെ ഒഴിവാക്കുന്നത് നല്ലതാണ്. കാരണം പുറത്തെ ഈ ആൾക്കൂട്ടത്തിനിടയിൽ രോഗം ബാധിച്ചവർ ആരൊക്കെയാണെന്ന് നിങ്ങൾക്കറിയില്ല! രോഗം ബാധിച്ച ആളുകൾ പലപ്പോഴും രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിച്ചില്ല എങ്കിൽ കൂടി രോഗം പരത്തുന്ന വൈറസുകൾ മറ്റൊരാളിലേക്ക് വേഗത്തിൽ പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സൂക്ഷിച്ചേ മതിയാകൂ... 4. മറ്റെന്തെല്ലാം വഴികളിലൂടെ കൊറോണവൈറസ് പകരും? നിത്യോപയോഗ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഈ വൈറസ് ചിലപ്പോൾ പടർന്നേക്കാം. ചില സാഹചര്യങ്ങളിലും രോഗബാധിതരായ ഒരാളുടെ ഉമിനീര് മറ്റ് നിത്യോപയോഗ വസ്തുക്കളിൽ കയറിക്കൂടാനും ഇതിൽ സ്പർശിക്കുന്ന മറ്റൊരാളിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. കൈകൾ, വാതിൽ പിടികൾ, പേന, കമ്പ്യൂട്ടർ മൗസ്, ഡിജിറ്റൽ ഡിവൈസുകൾ, ലിഫ്റ്റിലെ പ്രസ് ബട്ടണുകൾ, ചായ കപ്പുകൾ, കോണിപ്പടികൾ, തുടങ്ങിയ ഏതൊരു സാധാരണ വസ്തുക്കളിൽ നിന്നും കൊറോണ വൈറസ് പകരാനുള്ള സാധ്യതകളെ നാം കണക്കിലെടുക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള വൈറസ് ബാധിതമായ ഏതെങ്കിലും വസ്തുക്കളിൽ കൈകൾ ഉപയോഗിച്ചുകൊണ്ട് അറിയാതെ സ്പർശിച്ച ശേഷം ഇതേ കൈകൾകൊണ്ട് നിങ്ങളുടെ മുഖത്ത് തൊടുകയോ അല്ലെങ്കിൽ കണ്ണുകൾ തിരുമ്മുകയോ ഒക്കെ ചെയ്യുന്നത് വഴി രോഗബാധിതരായി മാറുന്നതിന് കാരണമാകുന്നു. 5. സ്പർശനത്തിലൂടെ കൊറോണവൈറസ് പകരുമോ? നമ്മുടെ പ്രിയപ്പെട്ടവരുമായിട്ടുള്ള പരസ്പര സ്പർശനത്തിലൂടെയും വൈറസുകൾ അതിവേഗം പകരാനുള്ള സാധ്യതയുമുണ്ട്. വൈറസുകൾക്ക് ഓരോ വസ്തുക്കളിൽ 48 മണിക്കൂർ വരെ ജീവനോടെയിരിക്കാൻ സാധിക്കും. ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം സോപ്പ് ഉപയോഗിച്ച് ഇവ സൂക്ഷ്മമായി വൃത്തിയാക്കുക എന്നതാണ്. 6.എന്തൊക്കെയാണ് കൊറോണവൈറസ് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ? കൈ കഴുകുന്നത് - മലിനമായ ഏതെങ്കിലും ഉപരിതലത്തിലോ വസ്തുക്കളിലോ സ്പർശിച്ചുവെന്ന് സംശയം തോന്നിയാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും കൈകൾ നന്നായി കഴുകുക. കൈകൾ കഴുകുമ്പോൾ നിങ്ങളുടെ കൈപ്പത്തികൾ മാത്രം കഴുകിയാൽ പോരാ. കൈപ്പത്തിക്ക് മുകളിലോട്ടുള്ള ഭാഗങ്ങളും കഴുകി വൃത്തിയാക്കേണ്ടതുണ്ട്. കൈമുട്ടുകൾക്ക് താഴെയായി 5 സെൻറീമീറ്റർ വരെ അകലത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകാം. അതോടൊപ്പം വിരലുകളും, നഖങ്ങളും കൃത്യമായി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ചുമയ്ക്കുമ്പോൾ - നിങ്ങൾ ചുമയ്ക്കുമോൾ ഒരു ഡിസ്പോസിബിൾ ടിഷ്യു പേപ്പർ ഉപയോഗിച്ച് വായ പൊത്തി പിടിക്കുക. അല്ലെങ്കിൽ മാസ്ക് ഓരോ തവണ ചുമച്ചു കഴിയുമ്പോഴും അത് വേസ്റ്റ് ബിന്നിൽ ഉടൻ ഉപേക്ഷിക്കുക. ഒരു മാസ്ക്ക് ഒരു ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടുള്ളതല്ല. ഒരേ മാസ്കുകൾ കൂടുതൽ സമയം ധരിക്കുന്നത് വഴി ബാക്ടീരിയകൾക്ക് എളുപ്പത്തിൽ വാസമുറപ്പിക്കാൻ അവസരം നൽകുകയാണ്. നിങ്ങളുടെ മാസ്കിന്റെ പുറംഭാഗത്ത് ഒരു കാരണവശാലും കൈകൾ ഉപയോഗിച്ച് സ്പർശിക്കുവാൻ പാടില്ല. ഇനി അഥവാ നിങ്ങൾ പെട്ടെന്ന് അറിയാതെ സ്പർശിച്ചു എന്ന് തിരിച്ചറിഞ്ഞാൽ സംഭ്രമിക്കാതെ ഉടൻ തന്നെ പോയി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. 7.രോഗലക്ഷണങ്ങളുള്ള ആളുകളുമായി ഇടപെടുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന ആളുകളുമായുള്ള അടുത്ത ബന്ധം കുറച്ചു നാളത്തേക്ക് ഒഴിവാക്കുക. ഭക്ഷണം, പാത്രങ്ങൾ, കപ്പുകൾ, ടവ്വലുകൾ തുടങ്ങിയവ പങ്കിടുന്നതും ഒഴിവാക്കുക. വീട്ടിലെ ഓരോ വ്യക്തികൾക്കുമായി അവരുടെ സ്വന്തം ടവൽ ഉപയോഗിക്കുക. 8.ഡോക്ടറെ കാണേണ്ടത് എപ്പോൾ? അവസാനമായി നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിച്ച് നിർദ്ദേശങ്ങൾ ആരായുക. എല്ലാത്തിലുമുപരി, എല്ലാവരും ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ